സ്ത്രീത്വത്തെ അപമാനിക്കുംവിധം പ്രസംഗിച്ചിട്ടും എം.എം. മണി മന്ത്രിസ്ഥാനത്ത് തുടരുന്നതിനെച്ചൊല്ലിയുള്ള വിവാദം കേരളമാകെ കത്തിപ്പടരുകയാണ്. പാർട്ടി ശാസനയിൽ സി.പി.എം. സംഭവം ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്തുപറഞ്ഞാലും പ്രവർത്തിച്ചാലും യാതൊരു ഉളിപ്പുമില്ലാതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്ന നമ്മുടെ നാട്ടിലെ ഭരണാധികാരികൾ ബ്രിട്ടീഷ് എംപി ആൻഡ്രു ടേണറെ കണ്ടുപഠിക്കണം.

അവഹേളനപരമായ പരാമർശം നടത്തിയെന്ന് രു പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെയാണ് ആൻഡ്രു ടേണർ അതിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചത്. ഐൽ ഓഫ് വൈറ്റിൽനിന്നുള്ള കൺസർവേറ്റീവ് പാർട്ടി എംപിയാണ് ടേണർ. തന്റെ ക്ലാസ്സിലെത്തിയ ടേണർ, സ്വവർഗഭോഗം തെറ്റും സമൂഹത്തിന് അപകടകരവുമാണെന്ന് അഭിപ്രായപ്പെട്ടതായാണ് ഒരു വിദ്യാർത്ഥിനി പോസ്റ്റിട്ടത്.

ന്യൂപോർട്ടിലെ ക്രൈസ്റ്റ് ദ കിങ് കോളേജിൽ എ ലെവൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു എംപിയുടെ പരാമർശം. 16-കാരിയായ എസ്തർ പൗച്ചറാണ് പോസ്റ്റിട്ടത്. ഇതേത്തുടർന്ന് സംഭവം വിവാദമായതോടെ, കൺസർവേറ്റീവ് പാർട്ടി നേതൃത്വം പ്രശ്‌നത്തിലിടപെട്ടു.

ടേണറോട് സംഭവത്തിന്റെ നിജസ്ഥിതി ആരായുകയും, ടേണർ തന്റെ പ്രസ്താവനയുടെ വിശദാംശങ്ങൾ നൽകുകയും ചെയ്തു. ചീഫ് വിപ്പ് ഗവിൻ വില്യംസണാണ് ടേണറോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. അതുപരിശോധിച്ച പാർട്ടി ഹൈക്കമാൻഡ് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സ്വവർഗാനുരാഗത്തോട് അത്തരം നിഷേധാത്മക സമീപനം പാടില്ലെന്നാണ് പാർട്ടി നിലപാടെന്ന് ടോറി വക്താവ് പറഞ്ഞു. അത്തരം അഭിപ്രായമുള്ളവർ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നതും ഭൂഷണമല്ല. 2001 മുതൽ എംപിയാണ് ടേണർ. ഓക്‌സ്ഫഡ് സർവകലാശാലയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെയും ഭർത്താവ് ഫിലിപ്പിന്റെയും സമകാലികനും.