ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നില്ലായിരുന്നു എങ്കിൽ ചില മണ്ഡലങ്ങൾ കോൺ​ഗ്രസിന് ഒരിക്കലും നഷ്ടപ്പെടുകയില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും കോൺ​ഗ്രസിനെ കൈവിടാതിരുന്ന മണ്ഡലങ്ങളിലെ പരാജയം വോട്ടിം​ഗ് യന്ത്രത്തിലെ കൃത്രിമമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൃത്രിമം നടത്താൻ സാധിക്കാത്തവയല്ല വോട്ടിങ് യന്ത്രങ്ങൾ. തിരഞ്ഞുപിടിച്ച് കൃത്രിമം നടത്തുകയാണ് ചെയ്തത്. നാളെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന് പാർട്ടി യോ​ഗം ചേരുമെന്നും അ​ദ്ദേഹം അറിയിച്ചു. എന്നാൽ, ആരോപണം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ തള്ളി. പരാജയത്തെ ന്യായീകരിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇത്തരം കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദിഗ്‌വിജയ് സിങ്ങിന്റെ പാർട്ടി 114 സീറ്റുകളിൽ വിജയിച്ചപ്പോൾ ഇ.വി.എമ്മുകൾക്ക് തകരാർ ഉണ്ടായിരുന്നില്ലേ എന്നും യാഥാർഥ്യം അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ചൗഹാൻ ആവശ്യപ്പെട്ടു.

ശിവ്‌രാജ് സിങ് ചൗഹാൻ നേതൃത്വം നൽകുന്ന മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ ഭാവി നിർണയിക്കുന്നതാണ് അവിടുത്തെ 28 മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ്. സർക്കാരിനെ നിലനിർത്താൻ ബിജെപിക്ക് എട്ട് മണ്ഡലങ്ങളിൽ വിജയിക്കേണ്ടതുണ്ട്. 22 കോൺഗ്രസ് എംഎൽഎമാർക്കൊപ്പമാണ് ഈ വർഷം മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. ഇതേത്തുടർന്നാണ് ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാൻ നാലാം തവണയും മധ്യപ്രദേശ് മുഖ്യമന്ത്രിയായത്.