ഭോപ്പാൽ: ടെന്നീസ് സൂപ്പർ താരം സാനിയ മിർസയെ ഉയർത്തിക്കാട്ടാൻ ശ്രമിച്ച മധ്യപ്രദേശ് സർക്കാരിന് പണി കിട്ടി. ഇതോടെ കായികതാരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മധ്യപ്രദേശ് കായിക യുവജനക്ഷേമ വകുപ്പ് രംഗത്ത് വന്നു. ഒരു ചടങ്ങിനായി സാനിയയെ വിളിച്ചെങ്കിലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങൾ മുന്നോട്ടുവച്ചതിനാൽ താരത്തെ പിന്നീട് ഒഴിവാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന കായിക അവാർഡ് വിതരണ ചടങ്ങിലാണ് സാനിയയെ മുഖ്യാതിഥിയാക്കാൻ ശ്രമിച്ചത്.

കായിക യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 28ന് നടക്കാനിരുന്ന ചടങ്ങിലെ മുഖ്യ അതിഥിയായാണ് സാനിയയെ അധികൃതർ ക്ഷണിച്ചത്. പിന്നീട് ഈ ചടങ്ങ് ഡിസംബർ ഒന്നിലേക്ക് മാറ്റുകയും ചടങ്ങിൽ പങ്കെടുക്കാനെത്താമെന്ന് സാനിയ അറിയിക്കുകയും ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ മാനേജരുമായി സംസാരിക്കാനും സാനിയ വകുപ്പ് അധികൃതർക്ക് മറുപടി നൽകി.

വകുപ്പ് അധികൃതർ സാനിയയുടെ മാനേജരുമായി ബന്ധപ്പെട്ടതോടെയാണ് കുരുക്കുകൾ മനസ്സിലായത്. സന്ദർശനത്തിന് പ്രതിഫലമായി അഞ്ചുലക്ഷം രൂപയാണ് സാനിയ ആവശ്യപ്പെട്ടത്. വേദിയിലേക്കുള്ള യാത്രയ്ക്ക് പ്രത്യേക വിമാനം, ഒപ്പമുള്ള മറ്റ് അഞ്ചുപേർക്ക് പ്രതിഫലം, ഇവയ്ക്ക് പുറമെ തന്റെ മെയ്‌ക്കപ്പ് മാന് ദിവസ വേതനമായി 75,000 രൂപയും നൽകണമെന്നായിരുന്നു സാനിയയുടെ ആവശ്യം. ഇതോടെ സാനിയ വേണ്ടെന്നും തീരുമാനിച്ചു.

സാനിയയുടെ ആവശ്യങ്ങൾ അറിഞ്ഞതോടെ താരത്തെ ഒഴവാക്കുന്നതായി സംസ്ഥാന കായികമന്ത്രി യശോദര രാജെ സിന്ധ്യ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് കായികതാരങ്ങളെ സന്ദേശത്തിലൂടെ അറിയിച്ചതായും മന്ത്രി അറിയിച്ചു. സാനിയയെ ഒഴിവാക്കി മുഖ്യ അതിഥിയായി മുൻ ബാഡ്മിന്റൺ താരവും കോച്ചുമായ പി. ഗോപിചന്ദിനെയാണ് അധികൃതർ ക്ഷണിച്ചത്. ചൊവ്വാഴ്ച ടി.ടി സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

ഒറ്റ ഫോൺകോളിൽ തന്നെ ഗോപിചന്ദ് ക്ഷണം ഏറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശിന്റെ ബാഡ്മിന്റൺ ഉപദേശകൻ കൂടിയാണ് ഗോപിചന്ദ്.