തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോൾ ഓഫിസർ എംപി.രാജീവൻ കൈമാറിയ ഐ ഫോൺ എന്തുചെയ്യണമെന്നറിയാതെ പൊതുഭരണ വകുപ്പ്. രണ്ടാഴ്ച മുൻപാണ് രാജീവൻ ഫോൺ കൈമാറിയത്. ഫോൺ ഇപ്പോൾ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്. ഇനി ഈ ഫോൺ എന്തുചെയ്യണമെന്ന്  ഹൗസ് കീപ്പിങ് വിഭാഗം പൊതുഭരണവകുപ്പു സെക്രട്ടറിയോട് നിർ​ദ്ദേശം തേടിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റ് യുഎഇ നാഷണൽ ഡേയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ നറുക്കെടുപ്പിലൂടെയാണ് രാജീവന് ഐ ഫോൺ ലഭിച്ചത്. ഇതേ ചടങ്ങിൽ ജിത്തു, പ്രവീൺ എന്നിവർക്കും ഓരോ ഐ ഫോൺ സമ്മാനമായി കിട്ടിയിരുന്നു. ശിവശങ്കറിന്റെ ഐ ഫോൺ വിവരങ്ങൾ പുറത്തുവന്നതോടെയാണ് രാജിവൻ തന്റെ കയ്യിലുള്ള ഐ ഫോൺ തിരികെ നൽകിയത്.

ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിലൊരെണ്ണം ലഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം ഭരണപക്ഷം ഉന്നയിച്ചു. എന്നാൽ, കോൺസുലേറ്റിലെ പരിപാടിയിൽ പങ്കെടുത്തെന്നും ഐഫോൺ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ഫോൺ ലഭിച്ച രാജീവൻ ഉൾപ്പെടെയുള്ളവരുടെ പേര് പുറത്തുവിടുകയായിരുന്നു.

ലൈഫ് മിഷനുമായി ബന്ധപെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ  ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പ്രതിപക്ഷ നേതാവിന് ഐ ഫോൺ സമ്മാനമായി നൽകി എന്ന് വെളിപ്പെടുത്തിയത്. പണത്തിനുപുറമെ 5 മൊബൈൽ ഫോണുകൾ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് സമ്മാനിച്ചു എന്നുമാണ് സന്തോഷ്‌ ഈപ്പൻ കോടതിയെ അറിയിച്ചത്. ഫോൺ വാങ്ങിയതിന്റെ ബില്ലും സന്തോഷ്‌ ഈപ്പൻ കോടതിയിൽ നൽകിയിരുന്നു. ഇതേ തുടർന്ന് ഇടതുപക്ഷം പ്രതിപക്ഷ നേതാവിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു. ഇതോടെയാണ് ആർക്കൊക്കെയാണ് ഫോൺ ലഭിച്ചത് എന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലം രം​ഗത്തെത്തിയത്. 

അതേസമയം, അഞ്ചാമത്തെ ഐ ഫോൺ ആരുടെ കൈയിലാണെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഇത് ആവർത്തിച്ച്ചോദിക്കുന്നു എങ്കിലും വ്യക്തമായ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതേയുള്ളുവെന്നാണു വിജിലൻസിന്റെ മറുപടി.

ഈ ഫോൺ ആരും ഉപയോഗിച്ചിട്ടില്ലെന്നും സമ്മാനം കിട്ടിയ ആരോ അത് തുറക്കാതെ വച്ചിരിക്കുകയാണെന്നുമൊക്കെ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം അതു തിരുത്തുന്നു. ഫോൺ കണ്ടുപിടിക്കാൻ അന്വേഷണം നടക്കുന്നുണ്ട്. 99,900 രൂപ വിലയുള്ള ഒരു ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുടെ കൈയിലാണെന്ന് തെളിഞ്ഞതോടെയാണ് അഞ്ചാമത്തെ ഫോൺ ആരുടെ പക്കലാകും എന്ന ആകാംക്ഷ. ഈ ഫോണിന്റെ വില 1.12 ലക്ഷമാണ്.

2019 ഡിസംബർ രണ്ടാം തീയതി നടന്ന യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സന്തോഷ് ഈപ്പൻ നൽകിയ അഞ്ച് ഐഫോണുകൾ വിതരണം ചെയ്തത്. ലക്കിഡ്രോയിലെ ആദ്യ അഞ്ച് വിജയികൾക്കായിരുന്നു ഫോണുകൾ സമ്മാനം നൽകിയത്. അതിൽ ഒരെണ്ണം ലഭിച്ചത് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറായ എ.പി. രാജീവനാണെന്ന് തിരിച്ചറിഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കെ ഇയാൾ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു.