- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം കേട്ടു ഞെട്ടി രാജ്ഭവനും; സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ റാങ്കു പട്ടികയിൽ ഒന്നാമത് എത്തിയത് എങ്ങനെ എന്ന് ഗവർണ്ണർ പരിശോധിക്കും; വിവാദം ഒഴിവാക്കാൻ ജോലി വേണ്ടെന്ന നിലപാടിലേക്ക് നിനിത കണിച്ചേരി; മതമില്ലാത്ത മുൻ എംപിയുടെ രാഷ്ട്രീയം വീണ്ടും ചർച്ചയാകുമ്പോൾ
കൊച്ചി : കാലടി സംസ്കൃത സർവകലാശാലയിൽ മലയാളം അസി. പ്രഫസറായി മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യ ആർ. നിനിതയ്ക്കു നിയമനം ലഭിച്ചതിലെ വിവാദത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടും. റാങ്ക് പട്ടികയിൽ അട്ടിമറി നടന്നതിൽ ഇന്റർവ്യൂ ബോർഡിലെ മറ്റു രണ്ടു സബ്ജക്ട് എക്സ്പർട്ടുമാർ കൂടി പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് ഇത്.
മലയാള സർവകലാശാലയിലെ ഡോ. ടി. പവിത്രൻ, ഡോ. കെ.എം. ഭരതൻ എന്നിവരാണ് വിസിക്ക് ഇമെയിൽ അയച്ചത്. ആദ്യം ആരോപണം ഉന്നയിച്ച ഡോ. ഉമർ തറമേലിന്റെ അഭിപ്രായം തന്നെയാണു തങ്ങൾക്കുമെന്ന് ഇരുവരും വ്യക്തമാക്കി. ഗവർണർക്കു പരാതി നൽകാനാണ് പട്ടികയിൽ തൊട്ടടുത്തുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. ഇതോടെയാണ് ഗവർണ്ണറുടെ പരിശോധനയിലേക്ക് കാര്യങ്ങളെത്തുന്നത്. കാലടി സർവ്വകലാശാലയിലെ ജോലി ലഭിച്ചെങ്കിലും അവിടെ ജോയിൻ ചെയ്യുന്ന കാര്യത്തിൽ താൻ തീരുമാനിച്ചിരുന്നില്ലെന്ന് എംബി രാജേഷിന്റെ പത്നി നിനിത കണിച്ചേരിയും അറിയിച്ചു.
ബോധപൂർവ്വം തന്നെ ജോലിയിൽ നിന്നും നീക്കാൻ ചില കോണുകളിൽ നിന്നും ശ്രമമുണ്ടായെന്നും അതേ തുടർന്നാണ് ജോലിക്കേ ചേരാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. അതുകൊണ്ട് തന്നെ നിയമന വിവാദം ഉണ്ടാകില്ല. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരിക്ക് ജോലി കിട്ടും. മക്കളെ ജാതിയും മതവും ചേർക്കാതെയാണ് രാജേഷ് സ്കൂളിൽ ചേർത്തത്. ഇതിന് വലിയ വാർത്താ പ്രാധാന്യവും കിട്ടി. ഇതിനെ ഭാര്യയും പിന്തുണച്ചിരുന്നു. എന്നാൽ കാലടി സർവ്വകലാശാലയിൽ മുസ്ലിം സംവരണത്തിലാണ് നിനിത ജോലിക്ക് അപേക്ഷിച്ചത്. ഇത് പാർട്ടിക്കും തീരാ തലവേദനയായി.
മതമില്ലെന്ന് പറയുന്ന നേതാവിന്റെ കുടുംബത്തിനെതിരായ ആരോപണം പാർട്ടിയേയും പ്രതിക്കൂട്ടിലാക്കി. ഇക്കാര്യത്തിൽ അന്വേഷണം എത്തിയാൽ പ്രശ്നമുണ്ടാകും. ഈ സാഹചര്യത്തിലാണ് തനിക്ക് ജോലി വേണ്ടെന്ന് നിനിത വ്യക്തമാക്കുന്നത്. ഇന്റർവ്യൂ ബോർഡിലെ മൂന്ന് പേർ എതിർപ്പുമായി രംഗത്തു വന്നതാണ് ഇതിന് കാരണം. റാങ്ക് പട്ടികയെ ശീർഷാസനം ചെയ്തുവെന്ന ഗുരുതരമായ ആരോപണം നേരത്തെ ഡോ മർ തറമേൽ ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജോലി വേണ്ടെന്ന് നിനിത കണിച്ചേരിയും വിശദീകരിക്കുന്നത്. നിലവിലെ വിവാദങ്ങളുടെ സത്യാവസ്ഥ അറിയാതെ ഞാൻ ഈ ജോലിക്ക് ചേരുന്നില്ല. ഈ വിവാദങ്ങളുടെയൊന്നും അന്തിമ ലക്ഷ്യം ഞാനല്ല എന്നെനിക്കറിയാം. എന്നാൽ എന്നെക്കൂടി ബാധിക്കുന്നതാണ് ഈ വിഷയങ്ങളെല്ലാം. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയരുന്നത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ജോലിക്ക് ചേരണമോ വേണ്ടയോ എന്ന കാര്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് എന്നെ ജോലിയിൽനിന്നും ഒഴിവാക്കാനുള്ള ശ്രമം ചില കോണുകളിൽ നിന്നുണ്ടായത്. അതോടെയാണ് ജോലിക്ക് ജോയിൻ ചെയ്യാൻ ഞാൻ തീരുമാനിച്ചത്.
വാർത്തയോടൊപ്പം വന്ന ദൃശ്യങ്ങളിൽ ഏഴ് കൊല്ലം മുമ്പുള്ള പിഎസ്സി റാങ്ക് ലിസ്റ്റിന്റെ ചിത്രങ്ങളുണ്ട്. ഇപ്പോഴത്തെ പരീക്ഷയിൽ എനിക്ക് തൊട്ടുതാഴെ റാങ്ക് ലിസ്റ്റിൽ വന്നു എന്നു പറയുന്നവരുടെ പേര് ഈ റാങ്ക് ലിസ്റ്റിൽ എവിടെയെങ്കിലുമുണ്ടോ എന്ന് കാണിക്കണം. സർവകലാശാലാ നിയമനവുമായി ഈ റാങ്ക് ലിസ്റ്റിന് ഒരു ബന്ധവുമില്ല. ഇതിൽ ഞാനാരേക്കാളും മുന്നിൽ എന്ന് അവകാശപ്പെടുന്നില്ല. പക്ഷേ നിലവിലെ വിവാദങ്ങളെക്കുറിച്ച് സർവകലാശാലയോട് ഞാൻ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. പിഎസ്.സി പരീക്ഷയിൽ എനിക്ക് 212-ാം റാങ്കായിരുന്നു എന്നു കാണിക്കുന്നത് തെറ്റാണെന്നും നിനിത പറയുന്നു.
അതിനിടെ നിയമന വിവാദത്തിൽ അവ്യക്ത നീക്കണമെന്ന് ആവശ്യപ്പെട്ട് നിനിത കണിച്ചേരി യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് കത്ത് അയയ്ക്കുകയും ചെയ്തു. ഫെബ്രുവരി 1ന് ആണ് രജിസ്ട്രാർക്ക് നിനിത കത്തയച്ചത്. ജനുവരി 31ന് സെലക്ഷൻ കമ്മിറ്റിയിലുള്ള മൂന്നു ആളുകളുടെ പേരിലുള്ള കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചെന്നും ഇതിന്റെ അവ്യക്തത നീക്കിയതിന് ശേഷം മാത്രം തന്നെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും നിനിത രജിസ്ട്രാർക്ക് അയച്ച പരാതിയിൽ പറയുന്നു. പിന്നീട് ജോലിക്കില്ലെന്ന നിലപാടിലും എടുത്തു.
ജനുവരി 31ന് രാത്രി 11നാണ് സെലക്ഷൻ കമ്മറ്റിയിലെ ചിലരുടെ കത്ത് സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് ലഭിച്ചത്. ഇപ്പോൾ തനിക്കെതിരെ കൊടുത്ത പരാതിയുടെ പകർപ്പും അന്ന് തന്നെ ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച കത്തിന്റെ ഉള്ളടക്കം മനോവേദനയുണ്ടാക്കി. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് നിനിത കണിച്ചേരി ആവശ്യപ്പെടുന്നത്. ജോലിയിൽ പ്രവേശിക്കുന്നത് ആലോചിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്ന് കാണിച്ച് ചില ഫോൺ കോളുകൾ എം ബി രാജേഷിന് വന്നിരുന്നെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം.
റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേൽ സബ്ജക്ട് എക്സ്പർട്ടായി നിയമനപ്രക്രിയകളിൽ പങ്കെടുക്കാനില്ലെന്നുമായിരുന്നു ഡോ. ഉമർ തറമേൽ ഫേസ്ബുക്കിൽ കുറിച്ചത്. നിനിതയേക്കാൾ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നൽകിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ജാതിയും മതവും ഒന്നും ഇല്ലന്നു പറയുന്ന യുവ നേതാവിന്റെ ഭാര്യക്ക് നിയമനം കിട്ടിയത് മുസ്ളീം കോട്ടയിലാണെന്നതും വൈരുദ്ധ്യമാണെന്ന് ആരോപണം ശക്തമായിരുന്നു. സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഉദ്യോഗാർഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാർശ ചെയ്തതെന്നും എന്നാൽ ബാഹ്യസമ്മർദത്തിന്റെ പേരിൽ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നും ഈ നിയമന തിരിമറി യെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
സംസ്കൃത സർവ്വകലാശാലാ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (മുസ്ലിം സംവരണം) തസ്തികയിലേക്ക് ജനുവരി 21ന് ഇന്റർവ്യു നടന്നു. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ നിന്നാണ് യോഗ്യതയുള്ള ആളെ കണ്ടെത്തിയത്. ഒന്നാം റാങ്ക് കിട്ടിയത് നിനിതക്കാണ്. രണ്ടാം റാങ്ക് ഹസീന കെ പി എയ്ക്കും മൂന്നാം റാങ്ക് ഹിക്മത്തുള്ള വിക്കുമാണ്.
മറുനാടന് മലയാളി ബ്യൂറോ