- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ മുരളീധരന്റെയും അടൂർ പ്രകാശിന്റെയും മോഹം പൊലിഞ്ഞു; കോൺഗ്രസ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തറപ്പിച്ചു പറഞ്ഞ് ഹൈക്കമാൻഡ്; ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറക്കാൻ കഴിയില്ലെന്ന് നിലപാടിൽ സോണിയ; മുന്നൊരുക്കങ്ങളുമായി മണ്ഡലങ്ങളിൽ കറങ്ങിത്തിരിഞ്ഞ നേതാക്കൾക്കെല്ലാം നിരാശ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചകെട്ടിനിന്ന കോൺഗ്രസ് നേതാക്കൾക്കെല്ലാം കടുത്ത നിരാശ. തെരഞ്ഞെടുപ്പിൽ ലോക്സഭ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കടുത്ത നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊണ്ടത്. ഒരു സംസ്ഥാനത്ത് മാത്രമായി എംപിമാർക്ക് ഇളവ് നൽകേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം. നേരത്തെ എംപിമാരായ കെ മുരളീധരൻ, കെ സുധാകരൻ, അടൂർ പ്രകാശ് എന്നിവരടക്കം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാവുമെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാൽ ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറക്കാൻ കഴിയില്ല എന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കേരള യാത്ര സംഘടിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് യുഡിഎഫ് ജനുവരി 11ഓടെ കടക്കും. ജനുവരി 11ന് മുന്നണി നേതൃയോഗം ചേർന്ന് ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചയുടെ തിയ്യതി നിശ്ചയിക്കും.
മാണി ഗ്രൂപ്പും എൽജെഡിയും മുന്നണി വിട്ടതിനാൽ ഒഴിവ് വരുന്ന സീറ്റുകളിൽ വിഭജനം നടത്താനുണ്ട് യുഡിഎഫിന്. ജോസഫ് ഗ്രൂപ്പിന് കുറച്ചു സീറ്റുകൾ നൽകിയാലും ബാക്കി സീറ്റുകളിലാണ് തീരുമാനമുണ്ടാകേണ്ടത്. എൻസിപി മുന്നണിയിലേക്ക് വന്നാൽ അവർക്കും സീറ്റ് നൽകേണ്ടതുണ്ട്. ലീഗ് അടക്കമുള്ള കക്ഷികൾ അധികം സീറ്റുകളിൽ അവകാശം ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ പി കെ കുഞ്ഞലിക്കുട്ടിയുടെ മടങ്ങിവരവിന് ലീഗ് നേതൃത്വം അനുമതി നൽകിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് എംപിമാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വികാരമാണ് ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലുണ്ടായത്. സംസ്ഥാനത്തെ ഭരണ കക്ഷിയായ ഇടതു മുന്നണിയെ പോലും ഞെട്ടിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഇരുപത് സീറ്റുകളിൽ 19 എണ്ണത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചുകയറി. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരം പിടിക്കുന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ ഭൂരിപക്ഷം വോട്ടർമാരും. സംസ്ഥാന സർക്കാരിനെതിരെയ ഭരണ വിരുദ്ധ വികാരവും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാർത്ഥിപ്പട്ടികയുമാണ് യു.ഡി.എഫ് വിജയത്തിനു പിന്നിലെ മറ്റു കാരണങ്ങൾ.
തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും യു.ഡി.എഫ് എംപിമാരിൽ പലരും നിരാശരായിരുന്നു എന്നതാണ് യാഥാർഥ്യം. എംഎൽഎ സ്ഥാനം ഉപേക്ഷിച്ചും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച പലരുടെയും ലക്ഷ്യം ദേശീയ രാഷ്ട്രീയമായിരുന്നു. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനേറ്റ തിരിച്ചടി ഈ നേതാക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്കും തടയിട്ടു. കേന്ദ്രത്തിൽ അടുത്ത നാലു വർഷത്തേക്ക് അധികാരത്തിൽ എത്താൻ സാധ്യതയില്ലെന്ന യാഥാർഥ്യവും കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ എത്താനുള്ള സാധ്യതയുണ്ടെന്നതുമാണ് പല എംപിമാരെയും മടങ്ങിയെത്താൽ പ്രേരിപ്പിച്ചിരുന്നത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിസഭയിലെ പ്രധാനികളാകേണ്ടവരാണ് മൂന്നിലൊന്ന് എംപിമാരും. ഇതിൽ കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുമാണ്. എന്നാൽ ഇതിൽ എംഎൽഎ സ്ഥാനം ഉപേക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച പലർക്കും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടായത്. കെ. മുരളീധരനും അടൂർ പ്രകാശും രാജി വച്ചൊഴിഞ്ഞ നിയമസഭാ സീറ്റുകൾ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നഷ്ടപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കരുതെന്ന് കെഎസ്യുവും യൂത്ത്കോൺഗ്രസും നിലപാട് എടുത്തിരുന്നു. കോൺഗ്രസിൽ ചെറുപ്പക്കാർ മത്സരിക്കുന്നിടത്ത് ചില അസ്വാരസ്യങ്ങൾ ഉണ്ടാകുന്നു. എല്ലാ തട്ടിലുള്ള നേതാക്കളും വിണ്ണിൽ നിന്ന് മണ്ണിലിറങ്ങിയാൽ തീരുന്ന പ്രശ്നമേ പാർട്ടിക്കുള്ളു എന്നായിരുന്നു യുവ നേതാക്കളുടെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ