കോഴിക്കോട്: എംപി സ്ഥാനം രാജിവയ്ക്കുമെന്നു സൂചന നൽകി ജെഡിയു സംസ്ഥാന അധ്യക്ഷൻ എംപി.വീരേന്ദ്രകുമാർ. നിതീഷ്‌കുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുവിനെ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ച പശ്ചാത്തലത്തിൽ താൻ രാജിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായാണ് എംപി വീരേന്ദ്ര കുമാർ എംപി പറഞ്ഞത്. കാലാവധി തീരുംവരെ താൻ എംപിയായിരിക്കണം എന്നില്ല. പത്ര വാർത്തകളിലൂടെ രാഷ്ട്രീയ സാഹചര്യം നിങ്ങളും മനസിലാക്കിയിട്ടുണ്ടാകുമല്ലോ.

എൻഡിഎ പക്ഷത്തേക്കു പോയ നിതീഷ് കുമാറിന്റെ പാർട്ടിയുടെ എംപി ആയാണ് താൻ രാജ്യസഭയിൽ എത്തിയത്. നിതീഷ് കുമാർ തന്റെ നല്ല സുഹൃത്താണെങ്കിലും രാഷ്ട്രീയമായി നിതീഷിനൊപ്പം നിൽക്കില്ല. ആ സാഹചര്യത്തിൽ എംപി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

തീയതി മാത്രമേ നിശ്ചയിക്കാനുള്ളു. സാഹചര്യം ഇതായിരിക്കെ ഇതെല്ലാം മറച്ചു വച്ചു വലിയ വാഗ്ദാനങ്ങൾ നൽകാം. എന്നാൽ താനതിന് മുതിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാക്കൂർ പഞ്ചായത്തിന്റെ പുതുക്കിപ്പണിത ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വീരേന്ദ്രകുമാർ രാജി സൂചന നൽകിയത്.