ന്യൂഡൽഹി: എംപി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വീരേന്ദ്രകുമാറിനെ നീക്കി. കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ സ്വദേശിയുമായ എ.എസ്. രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. ഇതു സംബന്ധിച്ച കത്ത് ജെ.ഡി.യു നേതൃത്വം രാധാകൃഷ്ണന് കൈമാറി.

നിതീഷ് കുമാറിന്റെ പാർട്ടിയുടെ എംപിയായി താൻ തുടരില്ലെന്ന് വീരേന്ദ്രകുമാർ അറിയിച്ചിരുന്നു. ദേശീയ തലത്തിൽ ജനതാദൾ യു വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തങ്ങൾ എസ്.ജെ.ഡിയായി നിന്നാൽ മതിയായിരുന്നുവെന്നും വേണ്ടി വന്നാൽ എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ്‌കുമാറിന്റെ നീക്കത്തെ പരസ്യമായി എതിർക്കുകയും രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിനു പിറകേയാണ് വിരേന്ദ്രകുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്തത്. ജനതാദൾ യു സംസ്ഥാന കമ്മിറ്റി 17 നു കോഴിക്കോടു ചേർന്ന് സോഷ്യലിസ്റ്റ് ജനതാ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിക്കും.

പാർട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എംപിയായി തുടരാൻ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്ന് വിരേന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി ശരത് യാദവ് അടുത്തതോടെ പാർട്ടിക്ക് അഖിലേന്ത്യാ തലത്തിലുണ്ടായ പ്രതിസന്ധി കേരളത്തിലും ഉണ്ടായി. രാജ്യസഭയിൽ അംഗമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു മുന്നണിയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് വീരേന്ദ്രകുമാറിന്റെ നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ അന്തിമ തീരുമാനം ഈ മാസം 17 ന് കോഴിക്കോട് ചേരുന്ന സംസ്ഥാന സമിതിയിൽ തീരുമാനിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

ജെ.ഡി.എസ് നേതാക്കളായ കൃഷ്ണൻകുട്ടി, സി.കെ നാണു എന്നിവരുമായി താൻ ഇക്കാര്യം ചർച്ച ചെയ്തു. മാത്യു. ടി. തോമസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞങ്ങളുമായി യോജിച്ച് പ്രവർത്തിക്കാൻ അവർ തയ്യാറാണ്. എൽ.ഡി.എഫിലേക്ക് പോകുന്ന കാര്യം ഇതുവരെ ഞങ്ങളുടെ പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും വീരേന്ദ്രകുമാർ പറഞ്ഞിരുന്നു. ജെ.ഡി.എസുമായി ലയിക്കാനുള്ള തീരുമാനം പാർട്ടി എടുത്താൽ ഇടതുമുന്നണിയിലേക്കുള്ള പ്രവേശനവും സാധ്യമാകും. നേരത്തേ ഇടതു മുന്നണിയിലായിരുന്ന വീരേന്ദ്രകുമാർ വിഭാഗം 2014 ലോക്സഭാ ഇലക്ഷനിൽ കോഴിക്കോട് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് എൽ.ഡി.എഫുമായി കലഹിച്ച് യു.ഡി.എഫിലേക്ക് എത്തിയത്.

അതേസമയം യുഡിഎഫ് വിടാനുള്ള നീക്കിൽ ദളിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ചാരുപാറ രവി അടക്കമുള്ളവരാണ് എതിർ നിലപാടുമായി രംഗത്തുള്ളത്. സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പിക്കുമെന്ന് ചാരുപാറ രവി അറിയിച്ചപ്പോൾ യുഡിഎഫിൽ തുടരുമെന്നാണ് മറ്റൊരു നേതാവ് ഷേഖ് പി ഹാരിസ് അഭിപ്രായപ്പെട്ടത്. വീരേന്ദ്രകുമാർ നിലപാട് അറിയിച്ചാൽ അത് മുന്നണിയിൽ ചർച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

എൽ.ഡി.എഫിനൊപ്പമുള്ള ജെ.ഡി.എസുമായി ലയിച്ച് പഴയ സോഷ്യലിസ്റ്റ് ജനതാദൾ ശക്തിപ്പെടുത്താനാണ് ശ്രമം. എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകി. നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് പോയതോടെ ശരത് യാദവ് പക്ഷത്തിനൊപ്പമായിരുന്നു വീരേന്ദ്രകുമാർ. എന്നാൽ തെരഞ്ഞെടുപ്പ് ചിഹ്നം കൂടി നിതീഷ് കുമാർ കൊണ്ടുപോയതോടെ പാർട്ടിയുടെ നിലനിൽപ്പ് ത്രിശങ്കുവിൽ ആയിരുന്നു. ശരത് യാദവും പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയതോടെയാണ് എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ച് എൽ.ഡി.എഫിൽ തിരിച്ചെത്താൻ വീരേന്ദ്രകുമാറും ശ്രമം ശക്തമാക്കിയത്.