കുവൈറ്റ് സിറ്റി: ജിസിസി തലത്തിൽ വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരേ കുവൈറ്റ് എംപിമാർ. ജിസിസി തലത്തിൽ നടപ്പാക്കുന്ന വാറ്റിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നൽകിയതിനെ എതിർത്തുകൊണ്ടാണ് എംപിമാർ രംഗത്തെത്തിയിരിക്കുന്നത്.

പാർലമെന്റിന്റെ അംഗീകാരമില്ലാതെ വാറ്റ് പ്രാവർത്തികമാക്കാൻ കഴിയില്ലെന്നും ജിസിസി നയത്തിനു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി എന്നതു നിയമം നടപ്പാക്കുന്നതിനുള്ള അനുമതി ആകുന്നില്ലെന്നു ജമാദ് അൽ ഹർബാഷ് എംപി വ്യക്തമാക്കി. വാറ്റ് വർധിപ്പിക്കുന്നത് പൗരന്മാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇത്തരത്തിൽ പ്രയാസത്തിന് ഇടയാക്കുന്ന ഒരു നിർദേശവും അംഗീകരിക്കില്ലെന്നും എംപിമാർ ചൂണ്ടിക്കാട്ടി.

കുവൈത്ത് കുടുംബങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളാണു സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. വാറ്റ് നടപ്പാക്കുന്നതിനു മുൻപു പൊതുസേവനം മെച്ചപ്പെടുത്താനാണു സർക്കാർ തയാറാകേണ്ടതെന്ന് അബ്ദുൽ കരീം അൽ കന്ദരി അഭിപ്രായപ്പെട്ടു. ഉപയോക്താവ് നൽകേണ്ടിവരുന്ന അഞ്ചുശതമാനം വാറ്റ് കച്ചവടക്കാർക്കു ലാഭമുണ്ടാക്കാനുള്ള വഴി മാത്രമായിത്തീരും. വിലക്കയറ്റം തടയാൻ സർക്കാരിനെക്കൊണ്ടു കഴിയില്ലെന്നും കന്ദരി പറഞ്ഞു. വ്യാപാരമേഖലയിലെ മത്സരം, കുത്തക, വ്യാജന്മാർക്കെതിരെയുള്ള നടപടി എന്നീ കാര്യങ്ങളിൽ നിലവിലുള്ള നിയമ സംവിധാനം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.