- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംപിയോ എംഎൽഎയോ ആയാൽ സംവരണം ഇല്ലാതാക്കാൻ ശുപാർശ; ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്മാരും സംവരണക്വോട്ടയിൽ നിന്നും പുറത്ത്; ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ഭയന്ന് ജനപ്രതിനിധികൾ രാഷ്ട്രീയം മറന്ന് രംഗത്ത്
ന്യൂഡൽഹി: പിന്നോക്ക വിഭാഗത്തിലുള്ളവർ എംപിയോ എംഎൽഎയോ ആയാൽ അവരെ വെണ്ണപ്പാളിയിൽ ഉൾപ്പെടുത്തി സംവരണം ഇല്ലാതാക്കാൻ നാഷണൽ കമ്മീഷൻ ഫോർ ബാക്ക്വേർഡ് ക്ലാസസ് ശുപാർശ. ഇവർക്കൊപ്പം തന്നെ സർക്കാർ തലത്തിൽ ഉയർന്ന പദവി വഹിക്കുന്നവരേയും സംവരണ ക്വോട്ടയിൽ നിന്നും പുറത്താക്കാനാണ് കമ്മീഷൻ ശുപാർശ. ഒബിസി വിഭാഗത്തിലുള്ള എംപിമാരേയും എംഎൽഎമാരേയും ഉ

ന്യൂഡൽഹി: പിന്നോക്ക വിഭാഗത്തിലുള്ളവർ എംപിയോ എംഎൽഎയോ ആയാൽ അവരെ വെണ്ണപ്പാളിയിൽ ഉൾപ്പെടുത്തി സംവരണം ഇല്ലാതാക്കാൻ നാഷണൽ കമ്മീഷൻ ഫോർ ബാക്ക്വേർഡ് ക്ലാസസ് ശുപാർശ. ഇവർക്കൊപ്പം തന്നെ സർക്കാർ തലത്തിൽ ഉയർന്ന പദവി വഹിക്കുന്നവരേയും സംവരണ ക്വോട്ടയിൽ നിന്നും പുറത്താക്കാനാണ് കമ്മീഷൻ ശുപാർശ. ഒബിസി വിഭാഗത്തിലുള്ള എംപിമാരേയും എംഎൽഎമാരേയും ഉയർന്ന ഉദ്യോഗസ്ഥരേയും മാത്രമല്ല, ഇവരുടെ കുട്ടികൾക്കും ആനുകൂല്യം നിഷേധിക്കുന്ന തരത്തിലാണ് ശുപാർശ. എന്നാൽ ഈ ശുപാർശക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ രാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
ഒബിസി റിസർവേഷനിൽ പെടുന്ന എംപിമാരുടേയും എംഎൽഎമാരുടേയും ആനുകൂല്യങ്ങൾ നഷ്ടമാകുന്ന തരത്തിൽ ശുപാർശ സമർപ്പിച്ചതിനെതിരേയാണ് ജനപ്രതിനിധികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുന്നത്. കമ്മീഷന്റെ ശുപാർശ പിൻവലിക്കണമെന്നും ആനുകൂല്യങ്ങൾ തിരികെ സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധ പ്രകടനത്തിനാണ് ഇവർ ഒരുങ്ങുന്നത്. സർക്കാർ കമ്മീഷൻ ശുപാർശകൾ തള്ളിക്കളയണമെന്നും സംവരണ എംപിമാരും എംഎൽഎമാരും ആവശ്യപ്പെടുന്നുണ്ട്.
പിന്നോക്കവിഭാഗക്കാരുടെ താത്പര്യങ്ങൾക്ക് കടകവിരുദ്ധമായാണ് കമ്മീഷൻ ശുപാർശകൾ നൽകിയിരിക്കുന്നതെന്ന് ഒബിസി പാർലമെന്ററി ഫോറം തലവൻ ഹനുമാന്ത റാവു വ്യക്തമാക്കി. കമ്മീഷൻ ശുപാർശകളെ പിന്തിരിപ്പൻ എന്നു വിശേഷിപ്പിച്ച ജനനേതാക്കൾ ഈയാഴ്ച ഇതുസംബന്ധിച്ച് സമ്മേളനം വിളിച്ചുകൂട്ടുന്നുമുണ്ട്. കൂടാതെ ഇക്കാര്യത്തിൽ തങ്ങൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രധാനമന്ത്രിയെ കാണാനും പദ്ധതിയിട്ടിരിക്കുകയാണ്.
മണ്ഡൽ കമ്മീഷൻ അനുസരിച്ച് 27 ശതമാനം റിക്രൂട്ട്‌മെന്റുകൾ നടത്തണമെന്നുള്ളത് കടലാസിൽ മാത്രം അവശേഷിച്ച കാര്യമാണെന്നും എട്ടു ശതമാനത്തിൽ കൂടുതൽ ഇത് ഒരിക്കലും പ്രാബല്യത്തിലാക്കിയിട്ടില്ലെന്നും ഇവർ ശക്തമായി വാദിക്കുന്നുണ്ട്. കേന്ദ്രസർവീസിലെ റിസർവേഷൻ സംബന്ധിച്ച് രണ്ടു ദശാബ്ദക്കാലമായി ഇതാണ് സംഭവിക്കുന്നതെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടി.
പിന്നോക്കക്കാർക്കിടയിലുള്ള മുന്നോക്കക്കാർക്ക് സംവരണം ഇല്ലാതാക്കിയാൽ എംപ്ലോയ്‌മെന്റിലും എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷനിലുമുള്ള വേക്കൻസികൾ കുമിഞ്ഞുകൂടുമെന്നും ഇവർ പറയുന്നുണ്ട് കൂടാതെ എംപി പദവിയിലും എംഎൽഎ പദവിയിലും എല്ലാവരും ഏറെക്കാലം ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഇവരിൽ പലരും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരുമല്ലെന്നും ഇവർ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ കുട്ടികൾ എന്തിന് ഇതിന്റെ പേരിൽ സഹിക്കണം എന്നാണ് മറ്റൊരു കൂട്ടരുടെ ചോദ്യം.

