ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക യാത്ര ചെലവായി കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ചെലവാക്കിയത് 135.8 കോടി രൂപ. അതിന് മുമ്പ് 147.38 കോടി രൂപയാണ് ചെലവാക്കിയത്. അതായത് 12 കോടിയോളം രൂപയുടെ വ്യത്യാസം 2014-15ൽ ഉണ്ടായിരിക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.

എന്നാൽ ലോക്‌സഭാ അംഗങ്ങളുടെ ചെലവ് കൂടുകയാണ്. രാജ്യസഭയിലെ അംഗങ്ങളുടെ യാത്ര ചെലവ് കുറഞ്ഞതാണ് ഖജനാവിന് ആശ്വാസമായത്. 2013-14ൽ 84.47 കോടി രൂപയായിരുന്നു ലോക്‌സഭാ അംഗങ്ങളുടെ യാത്രാ ചെലവ്. രാജ്യസഭാ അംഗങ്ങൾക്കായി 62.90 കോടിയും ഖജനാവിൽ നിന്ന് ഒഴുകി. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യസഭാ അംഗങ്ങളുടെ കാര്യത്തിൽ 43.76 കോടിയായി കുറഞ്ഞു. എന്നാൽ 92.03 കോടിയാണ് ലോക്‌സഭാ അംഗങ്ങൾ ചെലവാക്കിയത്.

ലോക്‌സഭാ അംഗങ്ങളുടെ ശമ്പള വർദ്ധനവ് സർക്കാരിന്റെ പരിഗണനയിലുണ്ട്. അതിനിടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. പാർലമെന്റ് അംഗങ്ങളുടെ ആഭ്യന്തര യാത്ര ചെലവിൽ വിമാനയാത്രയെ ഉൾപ്പെടുത്തിയിട്ടില്ല. റെയിൽ, റോഡ് ഗതാഗതത്തിന് ചെലവായ തുകയാണ് വിവരാവകശാത്തിൽ കാണിച്ചിരിക്കുന്നത്.