കുവൈറ്റഅ സിറ്റി: എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ വരുമാനം വർധിപ്പിക്കാൻ വിദേശികളിൽ നിന്ന് കൂടുതൽ ഫീസ് ഈടാക്കാൻ ശുപാർശ ചെയ്ത് പാർലമെന്റ് അംഗങ്ങൾ. ബജറ്റ് കമ്മി ഉണ്ടായ സാഹചര്യത്തിൽ ഇതു മറികടക്കാൻ വിദേശികളിൽ നിന്ന് വർധിച്ച ഫീസ് ഈടാക്കുകയാണ് വേണ്ടതെന്നാണ് ചില എംപിമാർ നിർദേശിച്ചിരിക്കുന്നത്.

പ്രവാസികൾക്ക് നൽകുന്ന സർവീസുകൾക്ക് അവരിൽ നിന്ന് കൂടുതൽ തുക ഈടാക്കാവുന്നതാണ്. പ്രത്യേകിച്ച് റെസിൻഡൻസി, ടൂറിസ്റ്റ്, കമേഴ്‌സ്യൽ വിസകൾ അനുവദിക്കുമ്പോൾ. കൂടാതെ ഹെൽത്ത് ഫീസ് ഇനത്തിലും വിദേശികളിൽ നിന്ന് അധിക ചാർജ് ഈടാക്കാമെന്നും എംപിമാർ ശുപാർശ ചെയ്യുന്നു. കഴിഞ്ഞ രണ്ടു വർഷമായി എണ്ണ വിലയിലുണ്ടായ ഇടിവിനു പകരം രാജ്യത്ത് വരുമാനം വർധിപ്പിക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും എംപി അബ്ദുള്ള അൽ തുറൈജി വ്യക്തമാക്കി.

പ്രവാസികൾക്ക് അധികഭാരം സൃഷ്ടിക്കാത്ത തരത്തിൽ ഫീസ് വർധന നടപ്പിലാക്കാമെന്നാണ് അൽ തുറൈജിയും അഭിപ്രായപ്പെടുന്നത്. പ്രതിവർഷം രാജ്യത്ത് നിന്ന് അഞ്ച്ബില്യൻ ദിനാർ പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് രാജ്യത്ത് തന്നെ നിക്ഷേപിച്ചാൽ ഏറെ ഗുണകരമാകുമെന്നും ഇവർ പറയുന്നു. അറബികളും അല്ലാത്തവരുമായ പ്രവാസികൾ തമ്മിൽ ചില വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവരിൽ ചിലർക്ക് തൊഴിൽ വൈദഗ്ദ്ധ്യമില്ല. ഇത്തരക്കാരെ ശേഷിയുടെ പേരിൽ നാട് കടത്താനാകില്ല. എന്നാൽ ഇവരെ പറഞ്ഞയച്ചാൽ ജനസംഖ്യാ അസന്തുലിതത്വം മറികടക്കാനാകും.

മുൻകാലങ്ങളിൽ രാജ്യം പ്രവാസികൾക്ക് ഏറെ സഹായങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക മാന്ദ്യകാലത്ത് അതിന് കഴിയുന്നില്ല. അതുകൊണ്ട് വരുമാനത്തിനായി മറ്റ് ചില മാർഗങ്ങൾ തേടാൻ രാജ്യം നിർബന്ധിതമാകുന്നതായി എംപിമാർ വിലയിരുത്തി.