കുവൈറ്റ് സിറ്റി: രാജ്യത്ത് വിവിധ മന്ത്രാലയങ്ങൾക്കു കീഴിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കങ്ങൾ സജീവമായി. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എല്ലാ വിദേശ തൊഴിലാളികളേയും മാറ്റി പകരം കുവൈറ്റ് സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ പബ്ലിക് വർക്‌സ് മന്ത്രാലയം ആരംഭിച്ചതായി റിപ്പോർട്ട്. പൊതുമേഖലയിൽ സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ മന്ത്രാലയത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നീക്കാൻ നടപടികൾ ആരംഭിച്ചിട്ടുള്ളത്.

വിദേശ തൊഴിലാളികളെ നീക്കം പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ സിവിൽ സർവീസ് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് നടപ്പിലാക്കുന്നത്. പ്രവാസികളെ ഈ തൊഴിലുകളിൽ നിന്ന് നീക്കം ചെയ്യുന്നതോടെ ജനസംഖ്യയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. നിലവിൽ 23,902 സ്വദേശികളാണ് സിവിൽ സർവീസ് കമ്മീഷന്റെ പക്കൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്രയും പേർ തൊഴിലിനായി കാത്തിരിക്കുകയുമാണ്. ഇതിൽ തന്നെ 17,975 പേരും സ്ത്രീകളാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം. 5,927 പുരുഷന്മാരാണ് ലിസ്റ്റിലുള്ളത്.