ഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും വന്ന ഒരു യുവാവിന്റെ മരണ വാർത്ത വളരെ ചർച്ചയായിരുന്നു. എംആർഐ സ്‌കാനിങിന് വിധേയയാ സ്ത്രീക്കൊപ്പം മുറിയിൽ നിന്ന യുവാവ് സ്‌കാനിങ് മിഷീനിൽ കുടുങ്ങി മരിച്ചു എന്ന വാർത്ത. സ്ത്രീയെ എംആർഐ സ്‌കാനിംഗിന് വിധേയമാക്കവേ ഓക്‌സിജൻ സിലണ്ടറുമായി റൂമിലേക്ക് പ്രവേശിച്ചതാണ് ഈ യുവാവിന്റെ മരണത്തിന് കാരണമായത്. യന്ത്രത്തിനും സിലിണ്ടറിനുമിടയിൽ കുടുങ്ങിയാണ് ഈ യുവാവ് മരിച്ചത്.

അധികൃതരുടെ അശ്രദ്ധമൂലം ഒരു ജീവനാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഡോക്ടറടക്കം മൂന്നു പേർ അറസ്റ്റിലാവുകയും ചെയ്തു. എംആർഐ സ്‌കാനിംഗിന് വിധേയമാകുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അവയെന്താണെന്ന് അറിയാം.

എന്താണ് എം.ആർ.ഐ
എക്‌സ്‌റേകളുടെ സഹായമില്ലാതെ ശരീരകലകളുടെയും അവയവങ്ങളുടെയും വിശദമായ ചിത്രങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് മാഗ്‌നറ്റിക് റെസൊണൻസ് ഇമേജിങ്ങ് അഥവാ എം.ആർ.ഐ. ശരീരത്തിലെ രോഗം ബാധിച്ച ഭാഗങ്ങളെ ഈ സ്‌കാനിങ്ങ് വഴി തിരിച്ചറിയാം. എക്‌സ്‌റേക്കും റേഡിയേഷനും പകരം ശക്തമായ കാന്തികവലയങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് കമ്പ്യൂട്ടർ വഴി ചിത്രങ്ങൾ ലഭ്യമാക്കുന്ന രീതിയാണിത്.

ഇതിനായി രോഗികളെ എം.ആർ സ്‌കാനറിനുള്ളിലേക്ക് കിടത്തുന്നു. രോഗിയിലേക്ക് റേഡിയോ തരംഗങ്ങൾ കടത്തിവിടുന്നു. അപ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന സിഗ്‌നലുകളെ മെഷിനിലെ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാന്തികവലയങ്ങൾ വഴി തിരിച്ചറിഞ്ഞ് കമ്പ്യുട്ടർ ഉപയോഗിച്ച് ചിത്രമാക്കി മാറ്റുന്നു.

ഈ പരിശോധന വേദനയുളവാക്കുന്നതല്ല. പാർശ്വഫലങ്ങളുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. എന്നാൽ പരിശോധനാ സമയത്ത് എം.ആർ.ഐ സ്‌കാനറിൽ നിന്ന് വലിയ ശബ്ദങ്ങൾ ഉണ്ടാകും. ഇവ ചെവിക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരിക്കാൻ ഇയർ പ്ലഗുകൾ ഉപയോഗിക്കാം. പരിശോധനാ സമയത്ത് ടെക്‌നീഷ്യനുമായി സംസാരിക്കുന്നതിനും പ്രശ്‌നമില്ല.

എം.ആർ.ഐക്ക് വിധേയരാകുമ്പോൾ ശ്രദ്ധിക്കേണ്ടവ
എം.ആർ.െഎ സ്‌കാനിങ്ങിന് ശക്തമായ കാന്തികവലയം ആവശ്യമുള്ളതിനാൽ പരിസരത്തുള്ള ഇരുമ്പ് അടങ്ങിയ വസ്തുക്കളെല്ലാം(ഫെറോമാഗ്‌നെറ്റിക്) സ്‌കാനിങ് മെഷീനിലേക്ക് ആകർഷിക്കപ്പെടുന്നു. ഇങ്ങനെ ആകർഷിക്കപ്പെടുന്ന വസ്തുക്കൾ അതിവേഗത്തിൽ വൻ ശക്തിയോടെ യന്ത്രത്തിനുള്ളിലേക്ക് നീങ്ങും. ഫെറോമാഗ്‌നെറ്റിക് ആയ വസ്തുക്കൾ രോഗികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവർ അതിവേഗത്തിൽ മെഷീനുള്ളിലേക്ക് ആകർഷിക്കപ്പെടുകയും ഇത് രോഗികളെ അപകടത്തിലാക്കുകയും ചെയ്യും. ഇതാണ് മുബൈയിൽ ഉണ്ടായ അപകടത്തിലേക്ക് വഴിതെളിച്ചത്.

അതിനാലാണ് എം.ആർ.ഐ എടുക്കുമ്പോൾ ലോഹാംശമുള്ള യാതൊന്നും ഉപയോഗിക്കരുതെന്ന് പറയുന്നത്. പഴ്‌സ്, ക്രെഡിറ്റ് കാർഡുകൾ, ആഭരണങ്ങൾ, വാച്ച്, സെൽഫോൺ, ഹിയറിങ് എയ്ഡ്, ലോഹ ബട്ടണുകളുള്ള വസ്ത്രം, സേഫ്റ്റി പിൻ, പേന, താക്കോൽ, നാണയങ്ങൾ, ഹെയൻ പിൻ, ഷൂസ്, ബെൽറ്റ് എന്നിവയൊന്നും ഉപയോഗിക്കരുത്. മേക്കപ്പ്, നെയിൽ പോളിഷ് തുടങ്ങി മറ്റ് സൗന്ദര്യ വർധക വസ്തുക്കൾ പോലും ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇവയിലെല്ലാം അടങ്ങിയ ഇരുമ്പംശങ്ങൾ രോഗിക്ക് അപകടത്തിനിടയാക്കാൻ സാധ്യതയുണ്ട്.

ധമനിവീക്കത്തിനിടുന്ന ക്ലിപ്പുകളടക്കം ശരീരത്തിനുള്ളിലെ ഫെറോമാഗ്‌നെറ്റിക് വസ്തുക്കളെയും യന്ത്രം ആകർഷിക്കും. കൂടാതെ, ശസ്ത്രക്രിയാ സമയത്ത് എല്ലുകളിൽ പിടിപ്പിച്ച ലോഹദണ്ഡുകൾ, ചില ടാറ്റുകൾ, ടൂത്ത് ഫില്ലിങ്ങ് തുടങ്ങിയവ ആ ഭാഗത്തെ സ്‌കാനിങ്ങ് ചിത്രങ്ങളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വെച്ചുകൊണ്ട് വേണം എം.ആർ.ഐക്ക് തയ്യാറെടുക്കാൻ.