തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൂഢാലോചനാ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് ശബരിനാഥനെ ജയിലിൽ അടയ്ക്കാനുള്ള പൊലീസ് നീക്കം പൊളിച്ചടുക്കിയ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു താരമാകുന്നു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധിപേരാണ് അഭിഭാഷകനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

എന്റെ ഹീറോ എന്നായിരുന്നു ഹൈബി ഈടൻ എംപിയുടെ വാക്കുകൾ. നരസിംഹം സിനിമയിൽ നായകനെ നിർണായകഘട്ടത്തിൽ സഹായിക്കാനെത്തുന്ന അഭിഭാഷകമായ നന്ദഗോപാൽമാരാരെ പോലെയാണ് മൃദുലെന്നാണ് പ്രവർത്തകരുടെ വാക്കുകൾ. പാർട്ടിയിൽ കാര്യമായ സ്ഥാനങ്ങളില്ലെങ്കിലും എന്നും യൂത്ത് കോൺഗ്സുകാർക്കും കെ.എസ്.യു പ്രവർത്തകർക്കും നിയമസഹായത്തിന് മൃദുൽ വക്കീൽ മുൻനിരയിലുണ്ടാകും. 1999 മുതൽ വഞ്ചിയൂരിൽ പ്രാക്ടീസ് ചെയ്യുന്ന ഇദ്ദേഹം തിരുവനന്തപുരം ഗൗീശപട്ടം സ്വദേശിയാണ്.

രണ്ട് മണിക്കൂറിലേറെ നീണ്ട കോടതി നടപടികളിൽ ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാതെയായിരുന്നു മൃദ്യുലിന്റെ വാദം, എന്ത് വിലകൊടുത്തും ശബരിയെ പുറത്തെത്തിക്കുകമാത്രമായിരുന്നു ലക്ഷ്യം. ഇന്നലെ രാവിലെ ശബരിയെ ശംഖുമുഖം അസി.കമ്മീഷണർ ഓഫീസിൽ വിവരങ്ങൾ ചോദിച്ചറിയാനെന്ന പേരിൽ വിളിപ്പിച്ചപ്പോഴേ മൃദുലിന് അപകടം മണത്തു. 10.40ന് ശബരി അസി.കമ്മീഷണർ ഓഫീസിലെത്തി. 11ന് കോടതി ചേർന്നപ്പോൾ മൃദുൽ ശബരിയുടെ മുൻകൂർ ജാമ്യാപേക്ഷ നൽകി. വേഗം പരിഗണിക്കണമെന്ന മൃദുലിൽ അഭ്യർത്ഥിച്ചപ്പോൾ എന്താണ് തിടുക്കമെന്ന് കോടതി ചോദിക്കുകയും ചെയ്തു. ശബരിയെ ഇന്ന് അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്ന് മൃദുൽ അറിയിക്കുകയും ചെയ്തു. മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് ഉണ്ടാകരുതെന്ന് കോടതി വാക്കാൽ പറഞ്ഞെങ്കിലും അപ്പോഴേക്കും സർക്കാർ അഭിഭാഷകൻ എഴുന്നേറ്റ് ശബരിയെ അറസ്റ്റ് ചെയ്തു കഴിഞ്ഞതായി കോടതിയെ അറിയിച്ചു.

അതോടെ കളിമാറി. അറസ്റ്റ് നടപടികൾ പൂർത്തിയാക്കി 4.45ഓടെയാണ് ശബരിയെ കോടതിയിൽ ഹാജരാക്കിയത്. ജില്ലാ ജഡ്ജി ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന സമയത്ത് അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും പൊലീസ് കളവ് പറഞ്ഞതാണെന്നും മൃദുൽ പറഞ്ഞു. തങ്ങളുടെ വാദം ശരിയെന്ന് തെളിയിക്കാൻ പൊലീസ് കേസ് ഡയറി ഹാജരാക്കിയപ്പോൾ അതിൽ അറസ്റ്റ് സമയം 10.50. എന്നാൽ അറസ്റ്റ് മൈമ്മോയിലും അറസ്റ്റ് ഇന്റിമേഷനിലും സമയം 12.30. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷായ്ക്ക് നൽകിയത് ഇന്റിമേഷൻ നൽകിയത് 12.30നാണെന്നും മൃദുൽ ജോൺ മാത്യു കോടതിയിൽ തെളിയിച്ചതോടെ പൊലീസിന്റെ അറസ്റ്റ് തിടുക്കപ്പെട്ടുള്ളതാണെന്ന് വ്യക്തമായി. ശബരി 10.40 ഹാജരായെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. അറസ്റ്റ് ചെയ്തത് 10.50നും

കേസുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തുന്നയാളിൽ നിന്നും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ആവശ്യമെങ്കിൽ അറസ്റ്റിലേക്ക് കടക്കാവൂയെന്നാണ് ചട്ടം. ശബരി എത്തി 10മിനിട്ടിനുള്ളിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കില്ലെന്നും കേസ് ഡയറി തട്ടിക്കൂട്ടിയതാണെന്നുമുള്ള വക്കീലിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തു. പിന്നാലെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ മാസ്റ്റർ ബ്രെയിൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ശബരീനാഥനാണെന്ന് പ്രതിഭാഗം ഉന്നയിച്ചു. വിമാനത്തിലെ നാടകങ്ങളുടെയെല്ലാം തുടക്കം അദ്ദേഹത്തിന്റെ സന്ദേശമാണ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത്. ഗൂഢാലോചന കേസാണ് ചുമത്തിയിട്ടുള്ളത്. അതിന് കൃത്യമായ തെളിവുണ്ടെന്നും -പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുൽ ഹക്കീം ആവശ്യപ്പെട്ടു.

വിമാനത്തിൽ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതി?ന്റെ വാട്സ്ആപ് സ്‌ക്രീൻ ഷോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സ്‌ക്രീൻ ഷോട്ട് അല്ലാതെ വേറെ വല്ല തെളിവും ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, തെളിവുകൾ ശേഖരിക്കാൻ ഫോൺ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.


എന്തിനെന്ന് അഭിഭാഷകൻ ചോദിച്ചപ്പോൾ മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അതിനായി കസ്റ്റഡിയിൽ ആവശ്യമില്ലെന്നും ഇപ്പോൾ തന്നെ അത് തരാമെന്നും മൃദുൽ ഉടൻ മറുപടി നൽകി. നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത സമയത്ത് ഒരുതവണ പോലും ഫോൺ ആവശ്യപ്പെട്ടില്ലെന്നും ഇത് പരിശോധിക്കാൻ കസ്റ്റഡിയിൽ വേണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചപ്പോൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോൺ നൽകിയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ തടസവാദം.

വധശ്രമം അടക്കമുള്ള കേസുകൾ ചുമത്തിയതിനാൽ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞെങ്കിലും കേസ് കെട്ടിച്ചമച്ചതാണെന്നും ഒന്നും രണ്ടും പ്രതികൾ നേരത്തെ അറസ്റ്റിലാകുകയും ജാമ്യം നേടുകയും ചെയ്ത സാഹചര്യത്തിൽ കസ്റ്റഡിക്ക് ഒരു സാദ്ധ്യതയും ഇല്ലെന്ന് മൃദുൽ വാദിച്ചു. കൂടാതെ കേസ് അന്വേഷണത്തിൽ സഹകരിക്കാൻ തയ്യാറാണെന്നും മുൻ എംഎ‍ൽഎയും അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ ശബരിനാഥൻ ഒളിവിൽ പോകേണ്ട ആവശ്യമില്ലെന്നും വക്കീൽ വിശദീകരിച്ചതോടെ ജാമ്യത്തിന് വാതിൽ തുറന്നു. കോൺഗ്രസ് നേചാക്കളും അഭിഭാഷകരായ റിങ്കു പടിപുരയിൽ,അഭിജിത്ത് കുറ്റിയാണി,അൻഷാദ് എന്നിവരും മൃദുൽ ജോൺ മാത്യുവിനൊപ്പം ശബരിക്കായി കോടതിയിൽ ഹാജരായി.