- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയുടെ 'മഹേന്ദ്രജാലം' പിച്ചിനോട് വിടപറയുന്നു; രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു എം എസ് ധോണി; രണ്ട് തവണ ഇന്ത്യയ്ക്ക് ലോക കിരീടം സമ്മാനിച്ച നായകന്റെ വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ; എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ഇതെന്റെ വിരമിക്കൽ പ്രഖ്യാപനമെന്നും ഇൻസ്റ്റാഗ്രാം വീഡിയോയിൽ ധോണി; അതിനിർണായക പ്രഖ്യാപനം ഉണ്ടായത് അടുത്തമാസം ഐപിഎൽ തുടങ്ങാനിരിക്കവേ; ടി 20 ലോകകപ്പിന് ശേഷം വിരമിക്കലെന്ന ആരാധക പ്രതീക്ഷ തെറ്റിച്ച് ധോണി
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ മഹേന്ദ്ര ജാലക്കാരൻ ക്രിക്കറ്റ് പിച്ചിനോട് വിടപറയുന്നു. ഇന്ത്യയ്ക്ക് രണ്ട് തവണ ലോകകപ്പ് നേടിക്കൊടുത്ത നായകനായി എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ഇത് തന്റെ വിരമിക്കൽ പ്രഖ്യാപനമായി കണക്കാക്കണമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അറിയിച്ചു.
എം എസ് ധോണിയെന്ന പേര് ഇന്ത്യൻ ക്രിക്കറ്റിനെയും ഇന്ത്യക്കാരെയും സംബന്ധിച്ച് അഭിമാനത്തിന്റെ അടയാളമാണ്. ക്രിക്കറ്റിൽ ഇന്ത്യയെ പുതിയ തലങ്ങളിലേക്കുയർത്തുന്നത് ധോണിയെന്ന റാഞ്ചിക്കാരൻ വഹിച്ച പങ്ക് ചില്ലറയല്ല. നായകനെന്ന നിലയിൽ എതിരാളികളെപ്പോലും മോഹിപ്പിച്ച പ്രതിഭയാണ് ധോണി. സൗരവ് ഗാംഗുലി കൈപിടിച്ചുയർത്തിയ ഇന്ത്യൻ ടീമിനെ പിന്നീട് ഇത്രയും മികച്ച രീതിയിലേക്ക് വളർത്തിയ മറ്റൊരു നായകനില്ല.
2007ലെ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിച്ച മാഹേന്ദ്ര ജാലം 2011ലെ ഏകദിന ലോകകപ്പിലും ആവർത്തിക്കപ്പെട്ടു. 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലെത്തിച്ചതോടെ ഐസിസിയുടെ മൂന്ന് ട്രോഫിയും നേടുന്ന ആദ്യ നായകനെന്ന ബഹുമതിയും ധോണി സ്വന്തമാക്കി. എതിരാളികളുടെ കണക്കുകൂട്ടലുകളെ മുൻകൂട്ടി കണ്ട് തന്ത്രം മെനയുന്ന ധോണിയുടെ മിടുക്ക് പല തവണ ഇന്ത്യയെ അഭിമാന നിമിഷങ്ങളിലേക്ക് നയിച്ചു.
2011ലെ ലോകകപ്പ് ഫൈനലിൽ വിജയ റൺസ് സിക്സിലൂടെ നേടിയ ധോണി ഇക്കാലയളവിൽ നേടിയെടുത്ത റെക്കോഡുകൾ നിരവധിയാണ്. 2004ൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയായിരുന്നു ധോണിയുടെ അരങ്ങേറ്റം.ഒരു വർഷത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരേ ചെന്നൈയിൽ അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു.കരിയറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ലെങ്കിലും പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും എതിരായി നേടിയ വെടിക്കെട്ട് സെഞ്ച്വറികളോടെ ധോണിയുടെ കരിയർ മാറിമറിഞ്ഞു.
ഏകദിനത്തിൽ 50 ശരാശരിയിൽ 10000 റൺസ് നേടുന്ന ആദ്യ താരമാണ് ധോണി. ഏകദിനത്തിലെ ഒരു വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോർ,കൂടുതൽ സ്റ്റംപിങ് എന്നീ റെക്കോഡുകൾ ധോണിയുടെ പേരിലാണ്. 345 ഇന്നിങ്സിൽ നിന്നായി 123 സ്റ്റംപിങ്ങും 321 ക്യാച്ചുമാണ് ധോണിയുടെ പേരിലുള്ളത്.ശ്രീലങ്കയുടെ കുമാർ സംഗക്കാരെയാണ് ഈ റെക്കോഡിൽ ധോണിക്ക് താഴെ. ഏകദിനത്തിൽ കൂടുതൽ നോട്ടൗട്ട് എന്ന റെക്കോഡും ധോണിയുടെ പേരിലാണ്.
350 ഏകദിനം കളിച്ച ധോണി 84 മത്സരങ്ങളിലാണ് പുറത്താവാതെ നിന്നത്. ഇതിൽ പല മത്സരങ്ങളിലും ഇന്ത്യയെ വിജയ തീരത്തെത്തിക്കാനും അദ്ദേഹത്തിനായി. ഈ റെക്കോഡിൽ ഷോൺ പൊള്ളോക്ക്,ചാമിന്ദ വാസ്,മുത്തയ്യ മുരളീധരൻ എന്നിവരാണ് ധോണിക്ക് താഴെയുള്ളത്. കൂടുതൽ ഏകദിന വിജയം ഇന്ത്യക്ക് നേടിക്കൊടുത്ത നായകനാണ് ധോണി. 200 മത്സരത്തിൽ 110 മത്സരത്തിലും ഇന്ത്യയെ വിജയിപ്പിക്കാൻ ധോണിക്കായി. അസ്ഹറുദ്ദീൻ 90 ഏകദിനത്തിലും ഗാംഗുലി 70 ഏകദിനത്തിലുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്.
2014ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഇപ്പോൾ പരിമിത ഓവർ ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. എന്നാൽ 2019ലെ ഏകദിന ലോകകപ്പ് സെമി തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്ത ധോണി ദേശീയ ജേഴ്സിയിൽ തിരിച്ചുവരുന്നത് കാണാനുള്ള കാത്തിരുപ്പിലായിരുന്നു ആരാധകർ. എന്നാൽ കോവിഡ് കാലം തന്റെ കരിയർ കൂടി കൊണ്ടുപോകുകയാണെന്ന് ബോധ്യമായപ്പോൾ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം അവസാനിപ്പിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്