ഗുഹാവതി: ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആവേശം വാനോളമുയർത്തി ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു. ഗുവാഹതിയിലെ സരുസജായ് സ്പോർട്സ് കോംപ്‌ളക്‌സിലുള്ള ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ വർണാഭമായ ഉദ്ഘാടന ചടങ്ങാണ് നടന്നത്.

ആലിയാഭട്ടിന്റേയും ജാക്വലിൻ ഫെർണാണ്ടസിന്റേയും ചടുലമായ നൃത്തച്ചുവടുകളോടെയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചത്. സ്റ്റുഡന്റ് ഓഫ് ദ ഇയറിലെ ഗാനരംഗത്തിനായിരുന്നു ആലിയ ചുവടു വച്ചത്.

ചടങ്ങിൽ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, വരുൺ ധവാനും ടീം ഉടമസ്ഥരായ രൺബീർ കപൂറും ജോൺ എബ്രഹാമും അണിനിരന്നു. ആദ്യ കിക്കോഫിന് ക്രിക്കറ്റ് ഇതിഹാസവും കേരള ബളാസ്‌റ്റേഴ്‌സ് ടീം ഉടമയുമായ സച്ചിൻ തെണ്ടുൽക്കറും ഒപ്പം മഹേന്ദ്ര സിങ് ധോണിയും സ്‌റ്റേഡിയത്തിലെത്തി. അലങ്കരിച്ച കൃത്രിമ ആനപ്പുറത്തായിരുന്നു ക്രിക്കറ്റ് ഇതിഹാസം വേദിയിലേക്ക് എത്തിയത്.

ബാഡ്മിന്റൺ താരം പി.വി സിന്ധു ഉദ്ഘാടന ചടങ്ങിലെ പ്രത്യേക സാന്നിദ്ധ്യമായി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ആവേശമാണ് ഐഎസ്എല്ലിന് ലഭിക്കുന്നത്.