ദുബായ്: സംസാരിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ മലയാളത്തോട് പ്രത്യേക ഇഷ്ടമുണ്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ മകൾ സിവയ്ക്ക്. മലയാളം പാട്ടുകൾ പാടിയത് സോഷ്യൽ മീഡിയൽ വൈറലായിരുന്നു. എന്നാലിപ്പോൾ മറ്റൊരു തരത്തിലാണ് സിവ മലയാളത്തോടുള്ള തന്റെ ഇഷ്ടം പ്രകടമാക്കിയിരിക്കുന്നത്. ഇത്തവണ തിരുവോണത്തിന് കേരള ശൈലിയിൽ സദ്യ കഴിച്ചാണ് സിവ മലയാള നാടിനൊപ്പം ചേർന്നിരിക്കുന്നത്.

ഐപിഎൽ പോരാട്ടത്തിന്റെ ഒരുക്കങ്ങൾക്ക് ഇടയിലും കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയും സമയം കണ്ടെത്തി. ഐ.പി.എൽ രണ്ടാം പാദത്തിന് ഒരുങ്ങുന്നതിനായി യു.എ.ഇയിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിനൊപ്പമാണ് ധോണിയും കുടുംബവും. ഇവിടെ വച്ചാണ് ഓണമാഘോഷിച്ചത്.

വലിയൊരു ഓണസദ്യ തന്നെ ഉണ്ടുകൊണ്ടാണ് കുടുംബം ഓണാഘോഷത്തിൽ പങ്കുചേർന്നത്. ധോണിയുടെ ഭാര്യയായ സാക്ഷി സിങ് ധോണി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഓണസദ്യയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 22 വിഭവങ്ങൾ അടങ്ങിയ ഉഗ്രൻ സദ്യയുടെ ചിത്രത്തോടൊപ്പം സാക്ഷി മലയാളികൾക്ക് ഓണാശംസകളും നേർന്നു.

ഇതോടൊപ്പം ധോണിയുടെ മകളായ സിവ ഈ സദ്യ ഉണ്ണുന്ന ചിത്രവും സാക്ഷി മലയാളി ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. വാഴയിലയിൽ വിളമ്പിയ സദ്യ കഴിക്കാനിരിക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചിട്ടുള്ളത്.

മലയാളിക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകൾ കുഞ്ഞു സിവ പാടുന്നത് പലപ്പോഴും വൈറലായിരുന്നു. 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ടു പാടി കേരളത്തെ ഞെട്ടിച്ചിരുന്നു സിവ. 'കണികാണും നേരം കമലാനേത്രന്റെ..' എന്ന് തുടങ്ങുന്ന ഗാനവും സിവയുടേതായി പുറത്തുവന്നു. അവസാനമായി കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ എന്ന പാട്ടാണ് സിവ പിന്നീട് പാടിയത്.

 

 
 
 
View this post on Instagram

A post shared by Sakshi Singh Dhoni (@sakshisingh_r)

ഐപിഎല്ലിൽ ബാക്കിവരുന്ന മത്സരങ്ങൾ കളിക്കാനാണ് ചെന്നൈ സൂപ്പർ കിങ്സ് നായകനായ ധോണി യുഎഇയിലെത്തിയത്. സെപ്റ്റംബർ 19നാണ് ഐപിഎൽ പുനരാരംഭിക്കുന്നത്.