ന്ന് നടന്ന ഒരപകടത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇത്തരമൊരു എഴുത്തിന് ആധാരം. ബൈക്കപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മരിച്ച ആൾ വിദ്യാർത്ഥി ആണ്. ബൈക്ക് അമിത വേഗത്തിൽ ആണെന്നായിരുന്നു ലഭിച്ച വിവരം. തുടരന്വേഷണത്തിൽ ചില വിവരങ്ങൾ കൂടിക്കിട്ടി. ബൈക്ക് ഓടിച്ച ആളിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ട്. ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. ഇതേത്തുടർന്ന് ചില കാര്യങ്ങൾ കൂടി അന്വേഷിച്ചു. കേരളത്തിൽ കൗമാര പ്രായക്കാർ അപകടത്തിൽ പെടുന്നതിന്റെ തോത് കൂടി വരികയാണ്.

മിക്കതും ബൈക്ക് അപകടങ്ങൾ. അതുപോലെ ലഹരിമരുന്ന് ഉപയോഗിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ എണ്ണവും കൂടി വരുന്നു. ഇത് രണ്ടിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്ന് തീർത്തുപറയാനുള്ള സാഹചര്യം നിലവിൽ ഇല്ല. ഇതുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ ലഭ്യമല്ലാത്തതാണ് പ്രധാന കാരണം. മദ്യപിച്ച് വാഹനമോടിച്ചാൽ എളുപ്പം കണ്ടെത്താം. പൊലീസിന് ആളെ ഊതിക്കാം, ബ്രീത്ത് അനലൈസർ പരിശോധന നടത്താം. എന്നാൽ ലഹരി മരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിച്ചാലോ ? സാധാരണ പരിശോധനയിൽ പൊലീസിനോ മറ്റ് ഏജൻസികൾക്കോ കണ്ടെത്തുക എളുപ്പമല്ല. രക്തപരിശോധനയിലും സാധാരണ ലാബുകളിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനാവില്ല. അതുകൊണ്ട് തന്നെ വാഹനയാത്രികൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക നിലവിലെ പരിശോധനയിൽ അസാധ്യം.

ഈ സൗകര്യം മുൻനിർത്തി ധാരാളം കൗമാരക്കാർ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നുണ്ട് എന്നതാണ് സത്യം. ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഭയാനകമായ തോതിൽ വ്യാപകമാകുന്ന മയക്കുമരുന്ന് ലോബിയെക്കുറിച്ചും ലഹരിക്കടിമയാകുന്ന കൗമാരക്കാരെക്കുറിച്ചും ഇന്ന് ഒരു പ്രാഥമികാന്വേഷണം നടത്തിയത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇന്റലിജൻസ്, എക്‌സൈസ് എന്നീ വിഭാഗങ്ങളിലെ പരിചയക്കാരായ ചില ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അവരിൽ നിന്നും ലഭിച്ച വിവരങ്ങളിൽ ചിലത് ചുവടെ.

.............................................................................

പൊതുവേയുള്ള നിഗമനം മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുക്ക് തുടങ്ങിയത് എന്നാണ്. അത് ഒരു വശം മാത്രം. അത് ഒരു കാരണമായിരുന്നു. എന്നാൽ വളരെ പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടിയുണ്ട്. നാർക്കോ ടെററിസം എന്നറിയപ്പെടുന്ന തീവ്രവാദ ..ഭീകര സംഘടനകളുടെ രഹസ്യ പ്രവർത്തനം. മുൻപ് ശ്രീലങ്കയിൽ എൽ ടി ടി ഇ സജീവമായിരുന്ന കാലത്ത് ഇന്ത്യയിൽ നാർക്കോ ടെററിസം വ്യാപകമായിരുന്നു. ആയുധങ്ങൾ വാങ്ങാനും പ്രവർത്തനത്തിനും പണം കണ്ടെത്താൻ തമിഴ് പുലികൾ സ്വീകരിച്ച മാർഗം. അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മയക്കുമരുന്ന് സംഘടിപ്പിച്ച് ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര ,ജമ്മു കാഷമീർ തുടങ്ങിയ സംസ്ഥാനങ്ങൾ വഴി കടത്തി ശ്രീലങ്കയിൽ എത്തിച്ച് അമേരിക്കയിലേക്കും യൂറോപ്പിലേക്കും എത്തിക്കും.

അങ്ങനെ കോടിക്കണക്കിനു രൂപയുടെ ആയുധങ്ങളും പണവും പുലികൾ സ്വന്തമാക്കി. എൽ ടി ടി ഇ യെ ഉന്മൂലനം ചെയ്ത ശേഷം ഈ സംഗതി ഇല്ലാതായി. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾ ഈ മാർഗം സജീവമാക്കിയിട്ടുണ്ട് എന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും മറ്റ് ഏജൻസികളും കണ്ടെത്തിയിരിക്കുന്നത്. വൻതോതിൽ പണം കൈമാറ്റം ചെയ്യുന്നതും സ്വർണം പോലെയുള്ള വിലയേറിയ വസ്തുക്കളുടെ കൈമാറ്റവും ഇപ്പോൾ വിവിധ രാജ്യങ്ങളിലെ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ബാങ്ക്, മറ്റ് സാമ്പത്തിക വിനിമയ മാർഗങ്ങൾ എന്നിവ വഴിയുള്ള കൈമാറ്റവും നിരീക്ഷണ വിധേയമാണ്. ടെററിസം ഒരു ആഗോള വിപത്തായി മാറിയ സാഹചര്യത്തിലാണ് ഈ നിരീക്ഷണം. ഇത്തരത്തിലുള്ള കൈമാറ്റങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയുടെ ഒക്കെ പശ്ചാത്തലം, ഏത് സാഹചര്യത്തിലാണ് കൈമാറ്റം , എന്താണ് ലക്ഷ്യം എന്നിവയൊക്കെ അന്താരാഷ്ട്ര ഏജന്‌സികൾ പരിശോധിക്കുകയും വിവര കൈമാറ്റം പരസ്പരം നടത്തുകയും ചെയ്യുന്നുണ്ട്.

അതോടെ ഇത്തരം ഇടപാടുകൾ ഭീകര സംഘടനകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായി. അതിന് അവർ കണ്ടെത്തിയ ബദൽ മാർഗമാണ് മയക്കുമരുന്ന് കടത്തും വിപണനവും. എൽ എസ് ഡി പോലെയുള്ള സിന്തറ്റിക് മയക്കുമരുന്ന് കടത്താനും വിപണിയിൽ എത്തിക്കാനും എളുപ്പമാണ്. വളരെ ചെറിയ സ്റ്റാമ്പ് രൂപത്തിലും പരലുകളായും പൊടിയായുമൊക്കെ ലഭിക്കുന്ന ഇവ കാരിയർമാർക്ക് വളരെ എളുപ്പം കൊണ്ടു നടക്കാം. വിപണിയിൽ വിൽക്കുമ്പോൾ അപ്പോൾ തന്നെ പണവും ലഭിക്കുന്നു. കുറച്ചുനാൾ മുൻപ് തൃശ്ശൂരിൽ നടന്ന ഒരു മയക്കുമരുന്ന് വേട്ടയാണ് ഭീകര സംഘടനകളുടെ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടിയത്. കിലോക്കണക്കിന് ബ്രൌൺഷുഗറാണ് അന്ന് എക്‌സൈസ് പിടികൂടിയത്. ഒരാൾ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോൾ കുവൈറ്റിലുള്ള ഒരു വ്യക്തിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് തെളിഞ്ഞു. ഇയാളെ തപ്പി. അപ്പോഴേക്കും മറ്റൊരു മയക്കുമരുന്ന് ഇടപാടിൽ പ്പെട്ട് ഇയാൾ കുവൈറ്റിൽ ജയിലിലായിക്കഴിഞ്ഞിരുന്നു. പിന്നീടാണ് നിർണ്ണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കേരളത്തിൽ പിടിയിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ബ്രൌൺ ഷുഗർ എത്തുമ്പോൾ ഇയാളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നുകൊണ്ടിരുന്നു.

ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം എത്തിയത് പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഒരു മണി എക്‌സ് ചേഞ്ചു . സെന്ററിൽ. അവിടെ നിന്ന് കൃത്യമായ ഇടവേളകളിൽ കേരളത്തിലേക്ക് പണം ഒഴുകിക്കൊണ്ടിരുന്നു. അടുത്തിടെ കൊച്ചിയിൽ പിടികൂടിയ 30 കോടിയുടെ മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള അന്വേഷണവും സമാന സാഹചര്യത്തിൽ മുന്നോട്ട് പോവുകയാണ്. കൊച്ചി വിമാനത്താവളത്തിൽ അടുത്തിടെ മൂന്നു തവണയായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയ മയക്കുമരുന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനു പിന്നിലുള്ള ആളുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാളൊക്കെ വളരെയധികം സ്വാധീനം കേരളത്തിൽ മയക്കുമരുന്ന് ലോബി ചെലുത്തിക്കഴിഞ്ഞതായാണ് ഏജൻസികൾ നൽകുന്ന വിവരം.

സ്‌കൂൾ..കോളേജ് തലം, പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യങ്ങൾ, പാർട്ടികൾ എന്നിവിടങ്ങളിലൊക്കെ മയക്കുമരുന്ന് കടന്നുകഴിഞ്ഞു. എത്തിക്കാൻ സുസംഘടിതമായ ലോബി. മുൻപ് കള്ളപ്പണം, സ്വർണ്ണക്കടത്ത്, ഭൂമി ഇടപാടുകൾ എന്നിവയൊക്കെ നടത്തി ധനസമാഹരണം നടത്തിക്കൊണ്ടിരുന്ന തീവ്രവാദ ദേശ വിരുദ്ധ ശക്തികൾ തന്നെയാണ് ഈ ലോബിയെ നിയന്ത്രിക്കുന്നത്. മയക്കുമരുന്ന് എത്തിച്ച് വിപണിയിൽ നിന്ന് നേരിട്ട് ഇവർ ധന സമാഹരണം നടത്തുന്നു. ഈ ധന സമാഹരണം മാത്രമല്ല ഭീകര സംഘടനകളുടെ ലക്ഷ്യം. ജനതയുടെ മാനസിക ശാരീരിക ആരോഗ്യാവസ്ഥകളെ താളം തെറ്റിക്കുക എന്ന ഭീകര ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. അതെക്കുറിച്ചും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചെന്നൈയിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളെക്കുറിച്ചും ഡാർക്ക് നെറ്റ് എന്ന സംവിധാനത്തെക്കുറിച്ചും ഇനി തുടർന്ന് എഴുതാം.