- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംഎസ്എഫിനെതിരായ ഹരിതാ നേതാക്കളുടെ പരാതി സമവായത്തിലേക്ക്; വനിതാ കമ്മീഷന് നൽകിയ പരാതി ഹരിത പിൻവലിക്കും; തീരുമാനം ഇന്നലെ ലീഗ് നേതാക്കൾ ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചയിൽ; ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി വന്നേക്കും
മലപ്പുറം: മുസ്ലിംലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിനെതിരായ ഹരിതാ നേതാക്കളുടെ പരാതി സമവായത്തിലേക്ക് നീങ്ങുന്നു. എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റി നിർത്തും, ഹരിത വനിത കമ്മീഷന് നൽകിയ പരാതിയും പിൻവലിക്കുമെന്നാണ് ഒത്തുതീർപ്പ് ധാരണം. ഇന്നലെ രാത്രി മുസ്ലിം ലീഗ് നേതാക്കൾ ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത് ലീഗ് ഓഫീസിൽ വച്ചായിരുന്നു ചർച്ച. ചർച്ച അർധരാത്രി വരെ നീണ്ടു. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഹരിത നേതാക്കളോട് ആവർത്തിച്ചു. ആദ്യം വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. ഒടുവിൽ സമവായത്തിലെത്തുകയായിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്, കബീർ മുതുകാട്, വിഎ അബ്ദുൾ വഹാബ് എന്നിവർക്കെതിരെ നടപടി എടുക്കാൻ സാധ്യതയുണ്ട്.
സംഘടനയിൽ നേരിടേണ്ടി വന്ന ലൈംഗിക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി.
ഹരിതയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിന്റെയും പ്രതികരണം. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
പ്രശ്നം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങൾ പരാതി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവർക്കെതിരെ നടപടി എടുക്കാതെ ഒത്തുതീർപ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. പിന്നീട് എംകെ മുനീറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് സമവായം ഉണ്ടായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ