കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിത വിദ്യാർത്ഥിനി സംഘടനയായ ഹരിത അംഗങ്ങൾ നൽകിയ പരാതിയിൽ ഹരിതയുടെ രണ്ട് സംസ്ഥാന ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിത കുമാരിയുടെ നേതൃത്വത്തിലായിരുന്നു നടപടി. പരാതി നൽകിയ മറ്റ് എട്ട് ഭാരവാഹികളുടെയും മൊഴി അടുത്തദിവസങ്ങളിൽ രേഖപ്പെടുത്തും.

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്ലിയയിൽ നിന്നും പൊലീസ് മൊഴി എടുത്തിട്ടുണ്ടെന്നാണ് വിവരം. സാക്ഷിയെന്ന നിലയിലാണ് ഫാത്തിമയുടെ മൊഴി എടുത്തത്. ഹരിത നേതാക്കളുടെ പരാതി നേരിട്ട് കേൾക്കാൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാത്തിമ തഹ്ലിയയും പങ്കെടുത്തിരുന്നു.

പി കെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കൾക്കെതിരെ സംസ്ഥാന വനിത കമ്മീഷന് ഹരിത നൽകിയ പരാതിയിൽ വെള്ളയിൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ ഹരിതവിവാദത്തിൽ വാർത്ത സമ്മേളനം നടത്തിയ പശ്ചാത്തലത്തിൽ ഫാത്തിമ തഹ്ലിയക്കെതിരെ മുസ്ലിം ലീഗ് നടപടിക്കൊരുങ്ങുന്നതായും സൂചനയുണ്ട്.

എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരേയും നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച നടപടി വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ ഫാത്തിമക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമായേക്കാം എന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. വരുന്ന സംഘടനാ തിരഞ്ഞെടുപ്പോടെ ഫാത്തിമ തഹ്ലിയക്ക് പ്രത്യേക പദവികൾ നൽകിയേക്കില്ലെന്നാണ് സൂചന.

മുസ്ലിം ലീഗ് നേതൃത്വത്തിൽ നിന്നും ഹരിത നേതാക്കൾക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നായിരുന്നു ഫാത്തിമ തെഹ്ലിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ലീഗ് നേതൃത്വം നടപടിക്ക് മുൻപ് വിശദീകരണം നേടിയില്ല. പാർട്ടി സ്വീകരിച്ചത് പാർട്ടിയുടെ തീരുമാനം. ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന രണ്ടാഴ്ചയിലെ സമയത്തിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോവുകയാണ് എന്നും ഫാത്തിമ പറഞ്ഞിരുന്നു.

അതേ സമയം എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത ഇനി സജീവമാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മരവിപ്പിച്ച നടപടി തുടരാൻ മുസ്ലിം ലീഗിൽ ആലോചനയുണ്ട്. വനിത സംഘടനയായി വനിത ലീഗ് മാത്രം മതി എന്നാണ് പാർട്ടി തലത്തിലെ പൊതുവികാരം. ഈ വേളയിൽ കൂടുതൽ വിവാദങ്ങളുണ്ടാകാതെ ചർച്ചകൾ ഇല്ലാതാക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ ജൂണിൽ കോഴിക്കോട് നടന്ന യോഗമാണ്. യോഗത്തിൽ വനിതാ നേതാക്കൾക്കെതിരെ സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മോശമായി സംസാരിച്ചുവെന്നും ലൈംഗികമായി അധിക്ഷേപിച്ചുവെന്നുമാണ് ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കളുടെ പരാതി. പാർട്ടി നടപടിയെടുക്കാതെ വന്നപ്പോൾ ഇവർ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.

വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ ഹരിത ഭാരവാഹികൾ തയ്യാറായില്ല. പാണക്കാട് കൊടപ്പനക്കൽ തറവാട്ട് വീട്ടിൽ നടന്ന ചർച്ചയിലും അനുനയമാകാത്തതിനെ തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചത്. ഈ നിലപാടിൽ മാറ്റം വരുത്തേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചു.

ഇനി ഹരിത എന്ന സംഘടനയുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് വൃത്തങ്ങൾ പറയുന്നു. ചിലരുടെ പ്രത്യേക താൽപ്പര്യത്തിൽ രൂപം കൊണ്ട കൂട്ടായ്മയാണ് ഹരിതയെന്നും അതിന്റെ ആവശ്യമില്ലെന്നും വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗ് മതിയെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച നടപടി തുടരും.

പികെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ദേശീയ അധ്യക്ഷൻ ടിപി അഷ്റഫലി ഒപ്പിട്ട് നൽകിയ റിപ്പോർട്ട് മുസ്ലിം ലീഗ് നേതൃത്വം ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. നിലവിൽ മാധ്യമശ്രദ്ധ കിട്ടിയതിനാൽ വിഷയത്തിൽ കടുത്ത തീരുമാനം എടുക്കാൻ സാധ്യതയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു. പകരം പുതിയ സംഘടനാ തിരഞ്ഞെടുപ്പ് വരുമ്പോൾ വിവാദത്തിൽ ഉൾപ്പെട്ടവർക്ക് പ്രത്യേക പദവി നൽകാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കും.

ഈ വേളയിൽ നടപടിയെടുത്താൽ മാധ്യമ ശ്രദ്ധ കിട്ടുമെന്ന് മുസ്ലിം ലീഗ് നേതാക്കളിൽ ചിലർ അഭിപ്രായപ്പെടുന്നു. നടപടിയെടുക്കേണ്ട, പകരം പുനഃസംഘടന വരുമ്പോൾ തഹ്ലിയ ഉൾപ്പെടെ വിവാദത്തിലേക്ക് നയിച്ചവരെ ഭാരവാഹിത്തത്തിൽ നിന്ന് മാറ്റി നിർത്തിയാൽ മതിയെന്നും ഇവർ പറയുന്നു.