- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഷളൻ ചിരിയോടെ.. ഒരു *** ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ: പി.കെ.നവാസിന്റെ ഉപമ കേട്ട് ഞെട്ടി വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കൾ; പരാതി നൽകിയപ്പോൾ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെ ഒറ്റദിവസം കൊണ്ട് സെലിബ്രിറ്റി ആക്കി ലീഗ് സൈബർ പോരാളികൾ; പോസ്റ്റുമായി നവാസും
കോഴിക്കോട് : എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയതോടെ വലിയൊരു ഏറ്റുമുട്ടലിന് വഴിതുറന്നിരിക്കുകയാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന് എതിരെയാണ് വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കൾ പരാതി നൽകിയത്. അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷന് പരാതിയും നൽകി.
സംഘടനാ യോഗത്തിനിടെയാണ് സംസ്ഥാന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ഹരിതയുടെ പത്ത് നേതാക്കളാണ് പരാതി നൽകിയത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്കെതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. മലപ്പുറം ജില്ലാ ജന. സെക്രട്ടറി വി അബ്ദുൾ വഹാബ് ഫോണിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി എന്നുമാണ് ആക്ഷേപം.
എന്നാൽ, പരാതി നൽകിയവരെ താറടിക്കുകയാണ് ലീഗ് സൈബർ പോരാളികൾ. ഒപ്പം നവാസിനെ പിന്തുണച്ചും ഉയർത്തിക്കാട്ടിയും പോസ്റ്റുകളും. ചുരുക്കത്തിൽ നവാസിനെ സെലിബ്രിറ്റിയാക്കി മാറ്റുകയാണ് സൈബർ പ്രവർത്തകർ.
ഒറ്റ ദിവസം കൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സെലിബർട്ടി തലത്തിലേക്ക് ഉയരുന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും പരാതി ഉന്നയിച്ച ഹരിത'യുടെ നേതാക്കൾ ശിഖണ്ഡി യുദ്ധത്തിന് ഇറങ്ങിയ വിദ്യാർത്ഥിനി നേതാക്കളുമാ യി മാറിയ കൗതുകരമായാ കാഴ്ചയാണ് രാഷ്ട്രീയ വിദ്യാർത്ഥികൾ നോക്കി കാണുന്നത് . എം.എസ്.എഫ് വനിതാവിഭാഗമായ 'ഹരിത'യുടെ നേതാക്കളെ എം.എസ്?.എഫ്? സംസ്ഥാന നേതാക്കൾ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ കൃത്യമായി തന്നെ ഹരിത വിദ്യാർത്ഥിനി നേതാക്കൾ തങ്ങൾ നേരിട്ട ലൈംഗിക അധിക്ഷേപം വിവരിച്ചിട്ടുണ്ട് .
ഹരിതയുടെ നേതാക്കൾ നൽകിയ പരാതി
വിഷയം: സത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പരാതി
സർ,
22-06-2021ന് എം.എസ്.എഫിന്റെ സംസ്ഥാന ഓഫിസായ കോഴിക്കോട്ടെ ഹബീബ് സെന്ററിൽ വെച്ച് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർത്തിരുന്നു. പ്രസ്തുത യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് വിദ്യാർത്ഥിനി ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ടുകൊണ്ടു സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും എന്നാണ്. വഷളൻ ചിരിയോടെ ' ഒരു വേശ്യക്കും ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ'' എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടത്.
എം.എസ്.എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ഞങ്ങൾക്ക് എതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ്.
എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വി. അബ്ദുൽ വഹാബ് ഫോൺ മുഖേനയും മറ്റും തൊലിച്ചികൾ എന്നൊക്കെയുള്ള അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്. മാത്രവുമല്ല സംഘടനക്കകത്തും പൊതുരംഗത്തും ഞങ്ങൾക്ക് വഴിപ്പെട്ടിട്ടില്ലെങ്കിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി. പല തരത്തിലുള്ള സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് നിരന്തരമായി പ്രചരിപ്പിക്കുന്നു. ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകൾ ആണെന്നും പ്രചരണം നടത്തി പൊതുമധ്യത്തിൽ അപമാനിക്കുകയാണ്.
പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഹരിതയുടെ ഭാരവാഹികളെയും പ്രവർത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നവാസിനും വഹാബിനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു.
എന്നാൽ വിവാദങ്ങൾക്ക് മറുപടിയുമായി സംസ്ഥാന പ്രസിഡന്റ പി.കെ. നവാസ് എത്തിയതോടെയാണ് രാഷ്ട്രീയ ജീർണതയുടെ മറ്റാരു ഭാഗവും പുറത്തു വരുന്നത്. പെൺകുട്ടികളെ വെറും വേശ്യ എന്ന തലത്തിൽ ഉപമിച്ചപ്പോൾ അതിനെ അപലപിക്കുന്നതിന് പകരം നവാസിനെ പിന്തുണക്കുന സമീപനമാണ് ലീഗ് സൈബർ പോരാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് .
നവാസ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ രൂപം:
ഹരിതയിലെ ചില സഹപ്രവർത്തകർ വനിത കമ്മീഷന് എന്നെ സംബന്ധിച്ച് പരാതി നൽകിയത് ശ്രദ്ധയിൽ പെട്ടു. ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ ഉണ്ടായ തർക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണം എന്നാണ് മനസ്സിലാക്കുന്നത്. കൂടുതലായി ഈ വിഷയങ്ങളെ പൊതുമധ്യത്തിൽ വിശദീകരിക്കാത്തത് പാർട്ടിയുടെ അച്ചടക്കങ്ങളെ ബഹുമാനിക്കുന്നതുകൊണ്ടാണ്. ഈ കാണുന്നത് ഏതെങ്കിലും വികാരങ്ങളുടെ പുറത്ത് എടുത്ത് ചാടുന്ന ഒരുകൂട്ടമല്ല. കൃത്യമായ അജണ്ടകളാണ് ഇത്തരം ആളുകളെ നയിക്കുന്നത്. മഹാഭാരത ചരിത്രത്തിലെ കുരുക്ഷേത്ര യുദ്ധം ഓർമ്മപെടുത്തും വിധം ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകർക്ക് എന്റെ പച്ചമാംസം കൊത്തി വലിക്കാൻ ഇനിയും ഞാൻ നിന്നുതരാം. പക്ഷെ ഒരു സമൂഹത്തിന്റെ ജിഹ്വയായ മഹത്തായ ഈ പ്രതലത്തിൽ നിങ്ങൾ നിൽക്കുമ്പോൾ താഴെ കെട്ടുറപ്പ് നൽകിയ ആ മണ്ണ് മുഴുവൻ ഒലിച്ചുപോകാതെ നോക്കണം.
ഈ പാർട്ടി എനിക്ക് നൽകിയ രാഷ്ട്രീയ വിദ്യാഭ്യാസം സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തിൽ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ്. അതിന് പാർട്ടിയിലെ സെലിബ്രിറ്റികളുടെ ആലയിൽ ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല. എന്റെ ജീവിതപരിസരം ഒരു പുസ്തകം കണക്കെ തുറന്നു വെച്ചതാണ്. അതറിയുന്നവരുടെ മനസ്സാക്ഷിക്ക് ഞാൻ ബാക്കിയെല്ലാം വിടുന്നു. ഈ വിഷയത്തിൽ സംഘടനാപരമായ തീരുമാനം മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈക്കൊള്ളും.
പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വെള്ളം ചേർത്ത് കള്ള വാർത്ത പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടന്നത് പരമമായ സത്യമാണ്. സമീപ സമയങ്ങളിലെ ഈ പാർട്ടിയുമായി ബന്ധപ്പെട്ട അസത്യ വാർത്തകൾ വായിക്കേണ്ടി വന്ന പ്രിയപ്പെട്ടവർക്ക് അതു മനസ്സിലാക്കാവുന്നതാണ്. എനിക്ക് നേരെയുണ്ടായ വിഷയങ്ങളിൽ നിന്നും ഞാൻ മാറി നിന്നിട്ടില്ല. നേതൃത്വം വിളിച്ചു ചേർത്ത എല്ലാ യോഗങ്ങളിലും സംഘടന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയതും പുള്ളിവിടാതെ നേതാക്കൾ ഇക്കാര്യങ്ങൾ ചർച്ചകൾക്ക് വിധേയമാക്കിയതുമാണ്.
കൃത്യമായി പാർട്ടിയുടെ അന്വേഷണത്തിലുള്ള ഈ വിഷയം തീരുമാനം വരുന്നതിന് മുമ്പേ പുതിയ നീക്കങ്ങൾ സംഭവിച്ചതിന്റെ അർത്ഥം ഇവരുടെ പ്രശ്‌നം നീതിയോ, പരിഹാരമോ, ആദർശമോ അല്ലാ എന്നതിന്റെ തെളിവാണ്. ആദർശത്തെ മുൻ നിറുത്തിയ നിയോഗങ്ങളാണ് നയിക്കപ്പെടേണ്ട ഓരൊ മനുഷ്യന്റെയും അടിസ്ഥാനം.
ഹരിത ഈ കാലത്തിന്റെ ധാരാളം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട രാഷ്ട്രീയത്തിന് കരുത്ത് പകരേണ്ട വിഭാഗമാണ്. പണി അറിയാത്തവർ ആയുധത്തെ പഴിക്കുന്നത് പോലെ നേതൃത്വം നൽകേണ്ടവർ സംഘടനെയെയും, ആശയങ്ങളെയും പഴിച്ചാൽ അതിന്റെ പ്രത്യാഘാതം ചെറുതല്ല. സഞ്ചി പിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവർക്ക് മുന്നിൽ നിവർന്ന് തന്നെ നിൽക്കും. സത്യം കാലം തെളിയിക്കും.
പ്രതികരണം വന്നതിന് പിന്നാലെ പിന്തുണയുമായി ലീഗ് സൈബർ പ്രവർത്തകർ രംഗത്തു വന്ന . ഇവർ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്
താങ്കളെ കുറിച്ചു കേരളം സംസാരിക്കുന്നുണ്ട് എങ്കിൽ താങ്കൾ ജയിച്ചു കഴിഞ്ഞു സാഹിബ്, പ്രിയപ്പെട്ട നവാസ്, മുസ്ലിം ലീഗ് പാർട്ടി സംഘടനാ രംഗത്ത് പുലർത്തുന്ന രീതികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി നീങ്ങുന്നതും സംഘടനാ വിരുദ്ധ നടപടിയാണ്. ഇവർ ചെയ്തതും അത് തന്നെ. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട്.
ജയ് മുസ്ലിം ലീഗ്, പൊതു മധ്യത്തിൽ പാർട്ടിയെ നാണം കെടുത്തുന്നവരെ - പാർട്ടിയിൽ നിന്ന് പിഴുതെറിയണം ,പ്രസിഡണ്ടിനോടൊപ്പം മൂല്യമില്ലാത്ത നിലവിലെ ഹരിത കമ്മറ്റിയെ പിരിച്ചുവിടു. .ഹരിതയെ പൂർണ്ണമായും ഒഴിവാക്കണം. .ഇങ്ങനെ തുടങ്ങി പരാതി നൽകിയവരെ അധിക്ഷേപിക്കുന്ന രീതിയിലാണ് പല കമന്റുകളും . മുസ്ലിം ലീഗ് പാർട്ടിയിൽ സ്ത്രീകളുടെ നിലവാരം പൊതുസമൂഹം എങ്ങനെ വിലയിരുത്തണമെന്ന് നേതൃത്വം ഉടൻ പറയണമെന്നും അഭിപ്രായം പറഞ്ഞവർ ഉണ്ട് .