കോഴിക്കോട്: അടുത്തകാലത്ത് ഏറ്റവും സമര-കോലാഹലങ്ങളിൽപെട്ട യൂണിവേഴ്‌സിറ്റി ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാൻ കഴിയുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയാണ്. മുസ്ലിംലീഗിന്റെ നോമിനിയായ നിയമിക്കപ്പെട്ട വൈസ് ചാൻസലർ അബ്ദുൾ സലാമിനെതിരെ കോൺഗ്രസ് നേതാക്കളും വിദ്യാർത്ഥി സംഘടനാ നേതാക്കളും അടക്കം എല്ലാവരും ഒരുമിച്ചാണ് രംഗത്തെത്തിയത്. അഴിമതി കഥകൾ ഒന്നൊന്നായി ഉയർന്നപ്പോൾ സ്വന്തം പാർട്ടിയുടെ ആശീർവാദങ്ങളോടെ വി സി കസേരയിൽ ഇരുന്ന അബ്ദുൾ സലാമിനെതിരെ വിദ്യാർത്ഥി സംഘടനയായ മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനും(എംഎസ്എഫ്) രംഗത്തെത്തി. സംഘടനയുടെ സംസ്ഥാന അധ്യക്ഷനായ ടി പി അഷ്‌റഫലിയാണ് കാലിക്കറ്റ് വിഎസിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. വിസി തുടരുന്ന ഏകാധിപത്യ പ്രവണതകളെ അംഗീകരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് തങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് അഷ്‌റഫ് അലിയുടെ പക്ഷം. എം എസ്എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനം മുസ്ലിം വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത് എന്ന ആക്ഷേപങ്ങളെയും ടി പി അഷ്‌റഫലി തള്ളിക്കളയുന്നു. സംഘടനയ്ക്ക് സ്വന്തമായി മാസികയും പുറത്തിറക്കി മറ്റൊരു മാതൃകയും തീർത്തു ഈ യുവനേതാവ്. എംഎസ്എഫിന്റെ ആവശ്യകതയെ കുറിച്ചും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പിന്തിരിപ്പൻ നയത്തിനെതിരെയുള്ള പോരാട്ടത്തെയും കുറിച്ചും ടിപി അഷ്‌റഫലി മനസ് തുറക്കുന്നു..

  • കാലിക്കറ്റ് വൈസ് ചാൻസലർ അബ്ദുസ്സലാമുമായിട്ടുള്ള അഭിപ്രായ വിത്യാസത്തിനുള്ള കാരണമെന്താണ്?

പദവിക്ക് നിരക്കാത്ത നിലപാടെടുത്താൽ ശക്തമായി ഇനിയും എതിർക്കും. പലപ്പോഴും വിസിയെ എതിർക്കേണ്ടി വന്നതും ഏകാധിപത്യ നിലപാട് സ്വീകരിച്ചതിനാലാണ്. എന്തെങ്കിലും പുതിയ തീരുമാനമെടുക്കുമ്പോൾ പരസ്പരം ആലോചിച്ച് വേണം എടുക്കാൻ. എന്നാൽ വിസി ഒരു ഏകാധിപതിയെപോലെയാണ് മിക്ക കാര്യങ്ങളിലും ഇടപെടുന്നത്.

കാസ്ലാബ്, മൈൻ ഗേറ്റ് എന്നിവയിൽ വലിയ അഴിമതിയുണ്ട്. ഇവ തുടങ്ങുന്നതിനായി 40 കോടി രൂപയാണ് നിർമ്മാണച്ചെലവ് വരുന്നത്. ഇത് നിർമ്മിക്കാൻ എംഎസ്എഫ് സമ്മതിക്കില്ല. ഗേൾസ് ഹോസ്റ്റൽ, ബോയ്‌സ് ഹോസ്റ്റൽ നവീകരണം, പരീക്ഷ ഭവന്റെ സമ്പൂർണ നവീകരണം തുടങ്ങിയവയ്ക്കായി ഈ തുക ചിലവഴിച്ചാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനപ്പെടും. ഇതിന് വേണ്ടി ഈ ഫണ്ട് വകയിരുത്തണമെന്നാണ് എംഎസ്എഫിന്റെ ആവശ്യം.

  •  വൈസ് ചാൻസലർമാരുടെ അഴിമതിക്കഥകളും അവർക്കെതിരെയുള്ള പരാതികളും തുടർക്കഥയാവുകയാണ്. പലപ്പോഴും ശക്തമായ നടപടി സ്വീകരിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

വൈസ് ചാൻസലർമാരെ അപ്പോയിമെന്റ് ചെയ്താൽ തിരിച്ചുവിളിക്കാൻ നിരവധി നടപടിക്രമങ്ങളുണ്ട്. ഇതുകൊണ്ടാണ് എത്ര വലിയ അഴിമതി നടത്തിയാലും വൈസ് ചാൻസലർമാരെ ആ പദവിയിൽ നിന്നും തിരിച്ചുവിളിക്കാൻ സാധിക്കാത്തത്. ആരോഗ്യ സർവകലാശാലയിലെ രജിസ്ട്രാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ മാതൃഭൂമി ചാനലിലൂടെ പുറത്തുവന്നിട്ടും രജിസ്ട്രാർക്ക് അനുകൂലമായ റിപ്പോർട്ടാണ് വന്നത്. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കാലടി സർവകലാശാല തുടങ്ങി വിവിധ യൂണിവേഴ്‌സിറ്റികളിൽ അഴിമതിക്കഥകൾ പുറത്തുവരുമ്പോഴും അവർക്കെതിരെ ചെറുവിരലനക്കാൻ സാധിക്കില്ലെന്ന നിയമ വ്യവസ്ഥ മനസിലാക്കിയത്‌കൊണ്ടാണ് ഇത്തരം പ്രവണതകൾ അരങ്ങേറുന്നത്. അവർക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ നിയമം ലഘൂകരിക്കണം. ചീഫ് സെക്രട്ടറി, യുജിസി പ്രതിനിധി,സെനറ്റിന്റെ പ്രതിനിധി, എന്നിവരടങ്ങുന്നതാണ് സേർച്ചിങ് കമ്മിറ്റി. ഇവർ തന്നെ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് തിരിച്ച് വിളിക്കാവുന്ന രൂപത്തിൽ നിയമത്തിൽ മാറ്റം വരുത്തണമെന്ന് എംഎസ്എഫ് ആവശ്യപ്പെടുന്നത്. എന്നാലേ ശരിയായ രീതിയിൽ യൂണിവേഴ്‌സിറ്റികളെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ

  • കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐ നടത്തുന്ന സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം?

തന്റെ സഹപാഠിക്ക് ഭക്ഷണം കൊടുക്കില്ല എന്ന് പറഞ്ഞ് കൊണ്ട് സമരം നടത്തുന്നത് ലോകചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. അധികാരികൾ അവസരം നൽകിയതുകൊണ്ട് സ്വാശ്രയത്തിൽ പഠിക്കുന്നു. ഹോസ്റ്റലിൽ താമസിക്കുന്നതിനും കാന്റീനിൽ നിന്നും ഭക്ഷണം കഴിക്കുന്നതുമാണോ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രശ്‌നം? 90 ശതമാനം വിദ്യാർത്ഥികൾക്കും ഇവരോട് കടുത്ത എതിർപ്പാണ് ഉള്ളത്. ഇപ്പോഴുള്ള സമരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൂത്താടാനുള്ളതാണെന്ന് പല വിദ്യാർത്ഥികളും പറഞ്ഞിട്ടുണ്ട്. ഈ കൂത്താട്ടത്തിനെതിരെയാണ് പൊതുസമൂഹം ഇനി സമരം ചെയ്യേണ്ടത്. ഹോസ്റ്റൽ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി എംഎസ്എഫ് ഇടപെട്ട് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

  • ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് നിലവാരം കുറയുന്നുവെന്ന ആക്ഷേപമുണ്ട്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

മകന് എഞ്ചിനീയറാവാനും ഡോക്‌റാവാനും താൽപര്യമില്ലെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി പഠനത്തിന് പോകുന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. അതിന് വേണ്ടി എത്ര പണം ചെലവാക്കാനും തയ്യാറാണ്. പലപ്പോഴും വിദ്യാർത്ഥിയുടെ അഭിരുചി അറിയാതെയാണ് എഞ്ചിനീയറിംഗിനും മറ്റും പറഞ്ഞയക്കുന്നത്. എന്നാൽ രണ്ടോ മൂന്നോ വർഷം കഴിയുമ്പോഴേക്കും പഠനം മതിയാക്കിപ്പോരുകയാണ് പതിവ്.

ഇതിന് ഒരു മാറ്റം വരുത്തണമെങ്കിൽ ഹൈസ്‌കൂൾ തലംമുതൽക്ക് വിദ്യാർത്ഥിയുടെ അഭിരുചി മനസിലാക്കാനുള്ള ടെസ്റ്റ് നടത്തണം. എല്ലാ വിദ്യാലയങ്ങളിലും ഇത് നിർബന്ധമാക്കിയാൽ ഇതിന് മാറ്റം ഉണ്ടാകുമെന്നത് തീർച്ചയാണ്. ഇതോടെ വിദ്യാർത്ഥിക്ക് ഏത് വിഷയത്തിലാണ് കൂടുതൽ മികവെന്ന് മനസ്സിലാക്കാനും സാധിക്കും. ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ എംഎസ്എഫ് സർക്കാരിനോട് ആവശ്യപ്പെടും. മികവുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാനും കഴിയും.

  • ഒരു മതേതര സമൂഹത്തിൽ യുവാക്കളെ മതാടിസ്ഥാനത്തിൽ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതിൽ ഇപ്പോൾ പ്രസക്തിയുണ്ടോ?

മുസ്ലിം വിദ്യാർത്ഥികൾ മാത്രമല്ല എംഎസ്എഫിലുള്ളത്. എംഎസ്എഫിന്റെ വനിതാ സംഘമായ ഹരിതയിൽ തന്നെ നാല് പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നത് മറ്റു മത വിഭാഗ്തതിൽ പെട്ടവരാണ്. ആർഎസ്എസ് ഹിന്ദുത്വമല്ല പ്രചരിപ്പിക്കുന്നത്, എസ്ഡിപിഐ ഇസ്ലാമുമല്ല. ഇവർ പ്രചാരണം കൃത്യമായ ഹിഡൻ അജണ്ട നിർണയിച്ചുകൊണ്ടാണ്. എംഎസ്എഫ് എന്നാൽ മുസ്ലിമിന്റെ നന്മ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ്. അതുകൊണ്ട് ഇത്ര കാലമായിട്ടും എംഎസ്എഫിനെതിരെ മോശമായ രീതിയിലുള്ള ഒരു ആരോപണവും ഉണ്ടായിട്ടില്ല. ക്യാംപസുകളിലെല്ലാം എംഎസ്എഫിന്റെ പ്രവർത്തകർ സജീവമായി തന്നെ മുന്നേറുകയും ചെയ്യുന്നു.

  • എംഎസ്എഫിനെ മറ്റു വിദ്യാർത്ഥി സംഘടനകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാക്കുന്നു?

എംഎസ്എഫ് എന്നും പുരോഗമനപരമായാണ് ചിന്തിക്കുന്നത്. ഒന്നിനെയും അന്തമായി എതിർക്കാനും ക്രൂശിക്കാനോ ഇല്ല. ഒന്നിനോടും അന്തമായ വിരേധം ഒരാളും ഇഷ്ടപ്പെടുകയില്ല. എസ്എഫ്‌ഐയുടെ സമര രീതി കണ്ടാലറിയാം എല്ലാത്തിനോടും അന്തമായ വിരോധമാണവർക്ക്. മനുഷ്യത്വം തെല്ലുമില്ല.ഏതെങ്കിലും ഒരു നാട്ടിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൈയേറ്റം ചെയ്താൽ കേരളത്തിലെ ക്യാംപസുകളിൽ മൊത്തം സമരം നടത്തലാണ് അവരുടെ പ്രധാന വിനോദം. ഇപ്പോൾ എസ്എഫ്‌ഐയുടെ പല സമരവുംപൊളിഞ്ഞ്‌പോകുന്നത് ഇതുകൊണ്ടാണ്. എസ്എഫ്‌ഐ നടത്തുന്ന മിക്ക സമരങ്ങൾക്കും വിദ്യാർത്ഥി പിന്തുണ കുറഞഞുവരുതും ഇവരുടെ വിരേധാഭാസംകൊണ്ടാ മതാരമാണ്. ഇപ്പോൾ ക്യാംപസുകളിൽ സമരം നടത്താൻ ഇവരെ സമ്മതിക്കുന്നുമില്ല.

ആദ്യം +2 വരുന്നതിനെ എതിർത്തു. അതിന് വേണ്ടി ഒട്ടേറെ സമരങ്ങൾ നടത്തി. പിന്നീട് സ്വശ്രയ കോളേജുകൾ വരുന്നതിനെ എതിർത്തു. അതിന് വേണ്ടിയും ഒട്ടേറെ സമരങ്ങൾ നടത്തി. എന്നാൽ വരുടെ അന്തമായ എതിർപ്പിനെയെല്ലാം മറികടന്ന് ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾ നടപ്പിലാക്കി എന്നതാണ് വസ്തുത. ഇപ്പോൾ ഇവരുടെ പരിയാരം ഉൾപ്പെടെയുള്ള സ്വശ്രയ സ്ഥാപനങ്ങളുടെ മേധാവിയായി സമരം നടത്തിയവർ തന്നെയാണ്. എംഎസ്എഫ് അന്തമായി ഒന്നിനേയും എതിർക്കില്ല. പൊതു മുതൽ നശിപ്പിച്ചുകൊണ്ടുള്ള ഒരു സമരവും എംഎസ്എഫ് നടത്തിയിട്ടില്ല. നടത്തുകയുമില്ല. ഇതാണ് എംഎസ്എഫിനെ മറ്റുള്ളവിദ്യാർത്ഥി സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

  • ഏറെ കാലത്തെ ചിരകാല അഭിലാഷമായ എംഎസ്എഫിന്റെ മുഖമാസിക പുറത്തുവരുന്നതിനെ കുറിച്ച്?

ക്യാംപസുകളെ ലക്ഷ്യമാക്കിയാണ് മിസ്സീവ ദൈ്വമാസിക പുറത്തിറക്കുന്നത്. ഈമാസം ആറിനാണ് പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. വിവിധ കോളേജുകളിലെ മികച്ച കലാസൃഷ്ടികൾ ഇതിൽ ഉൾപ്പെടുത്തും. കേരളത്തിലെ മുഴുവൻ കോളേജുകളെ കുറിച്ചും പരിചയപ്പെടുത്തുന്ന പഠക്തി, ഗുരുപരിചയം കവിതകൾ തുടങ്ങി ഒട്ടേറെ പംക്തികളും ഉൾപ്പെടുത്തി വളരെ വ്യത്യസ്തമായ രീതിയിൽ തന്നെയാണ് ഇറക്കുന്നത്. മുസ്തജാബ് മാക്കോത്താണ് എഡിറ്റർ. അഫ്‌സൽ, ഫാത്വിമ തഹ്‌രിയ, അഫ്‌സ മോൾ, ഐൻ നഹ തുടങ്ങയവരാണ് സബ് എഡിറ്റർമാർ.