കോഴിക്കോട്: ബാലസംസ്‌ക്കാരകേന്ദ്രം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്
നൽകിവരുന്ന ജന്മാഷ്ടമി പുരസ്‌കാരം എം ടി. വാസുദേവൻ നായർ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എം ടി. വാസുദേവൻനായരുടെ കോഴിക്കോട്ടെ വസതയിൽ വച്ചായിരുന്നു പുരസ്‌കാര സമർപ്പണം.

ജന്മാഷ്ടമി പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എം ടി. പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങളും കവിതകളും സാഹിത്യകൃതികളും വളരെ ഗൗരവത്തോടെ കാഴ്ചപ്പാടോടെ ഉൾക്കൊള്ളുന്ന ആളാണ് താൻ. സിനിമയിൽ നിന്ന് ആരംഭിക്കുന്ന ചങ്ങലയുടെ ഇങ്ങേയറ്റത്ത് കൈതപ്രത്തെ കാണാനായതിൽ സന്തോഷമുണ്ട്.

സുഗതകുമാരിയിൽ തുടങ്ങി കൈതപ്രം ദാമോദരൻ നമ്പൂതിരി വരെ എത്തിനിൽക്കുന്ന ജന്മാഷ്ടമി പുരസ്‌കാരം സമൂഹത്തിനു നവോന്മേഷം പകരുന്നതാണ്. യൂസഫലി കേച്ചേരി, അക്കിത്തം, വി. മധുസൂധനൻ നായർ തുടങ്ങിയവർക്കു ശേഷം രചനയിൽ വ്യത്യസ്തത പുലർത്തുന്നത്തിൻ കവിയാണ് കൈതപ്രമെന്നും എം ടി.വാസുദേവൻ നായർ കൂട്ടിച്ചേർത്തു.

എം ടിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാനായത് ജീവിതസുകൃതമായാണ് കാണുന്നതെന്നും ബാലഗോകുലത്തിൽ നിന്ന് കിട്ടിയ പുരസ്‌കാരത്തിന് ഏറെ നിറവുണ്ടെന്നും കൈതപ്രം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ബാലസംസ്‌കാര കേന്ദ്രം ചെയർമാൻ ആമേടമംഗലം വാസുദേവൻ നമ്പൂതിരി അധ്യക്ഷനായി. ബാലഗോകുലം മാർഗ്ഗദർശി എം.എ. കൃഷ്ണൻ ആശീർവാദ പ്രസംഗവും ആർഎസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണവും ഓൺലൈനായി നടത്തി. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ കെ.പി. ബാബുരാജൻ, സംസ്ഥാനസമിതി അംഗം എൻ. ഹരീന്ദ്രൻ, മോഹൻദാസ്, പി. പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു.