തിരുവനന്തപുരം: മുത്തലാഖ് വിഷയം വിവാദച്ചൂട് വർധിപ്പിച്ചിരിക്കുന്ന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ഭിന്ന സ്വരം ഉടലെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ബിജെപി നേതാവ് എം ടി രമേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്. മുത്തലാഖുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ഉണ്ടായിരിക്കുന്ന ഭിന്ന സ്വരം സ്വാഗതാർഹമാണെന്നും മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്ന മോദി സർക്കാരിനെ എതിർക്കുന്നത് മതഭ്രാന്തന്മാരും യാഥാസ്ഥിതിക ചിന്താഗതിക്കാരുമാണന്നും രമേശ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു.

എം ടി രമേശിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്ന സ്വരം സ്വാഗതാർഹമാണ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം കൊണ്ടു വന്ന നരേന്ദ്ര മോദി സർക്കാരിനെ എതിർക്കുന്നത് മതഭ്രാന്തന്മാരും യാഥാസ്ഥിതികരും മാത്രമാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ആർക്കും ഇതിനെ എതിർക്കാനാവില്ലെന്ന കാര്യം സുവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്നിപ്പിനെ നാം കാണേണ്ടത്.

അപരിഷ്‌കൃതമായ ഈ ആചാരത്തിൽ നിന്ന് മുസ്ലിം സ്ത്രീകളെ കരകയറ്റണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ ചിന്ത പുരോഗമനകരമാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാൻ കൂടുതൽ ആൾക്കാർ രംഗത്തു വരണം. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് അനുഗുണമായ ഈ നിലപാട് എല്ലാവരും സ്വീകരിക്കേണ്ടതാണ്.

രാഷ്ട്രീയമായി ബിജെപിയെ എതിർക്കുമ്പോഴും സ്വസമുദായത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ മുത്തലാഖ് ക്രിമനൽ കുറ്റമാക്കിയ മോദി സർക്കാരിനെ മനസ്സു കൊണ്ടെങ്കിലും അനുകൂലിക്കാതിരിക്കാൻ കഴിയില്ല. ഇതൊരു തുടക്കമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.