ന്യൂഡൽഹി: ഒരുകാലത്ത് കാശ്മീരിലെ പിഡിപിയെയും നാഷണൽ കോൺഫെറൻസിന്റെയും വിമർശകനായിരുന്ന നരേന്ദ്ര മോദി അതേപാർട്ടിയുടെ നേതാവിനെ പുണർന്നു. ജമ്മു കാശ്മീരിൽ പിഡിപി-ബിജെപി മന്ത്രിസഭ ഞായറാഴ്‌ച്ച അധികാരമേൽക്കും. മന്ത്രിസഭയുടെ രൂപീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പി.ഡി.പി അധ്യക്ഷൻ മുഫ്തി മുഹമ്മദ് സയീദും കൂടിക്കാഴ്ച നടത്തി.

മുഫ്തിയുടെ നേതൃത്വത്തിൽ ബിജെപിയിലെ 12ഉം പി.ഡി.പിയിലെ 13ഉംപേരുമായി 25 അംഗ മന്ത്രിസഭ മാർച്ച് ഒന്നിന് അധികാരമേൽക്കും. ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയും ബിജെപിയിൽ നിന്നും ആയിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് മുഫ്തി വ്യക്തമാക്കി.

രണ്ട് മാസത്തിന് ശേഷം ജമ്മു കാശ്മീരിലെ ഗവൺമെന്റ് രൂപീകരണം സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തിയതായി മോദിയുമായി നടത്തിയ കൂടിക്കാഴാചയ്ക്ക് ശേഷം മുഫ്തി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ബിജെപിക്ക് ജമ്മുവിലും പി.ഡി.പിക്ക് കാശ്മീരിലും വോട്ട് ലഭിച്ചു. അതിനാൽ ഇരുപാർട്ടികളും ഒന്നിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന നിയമമായ ആർട്ടിക്കിൾ 370, സായുധസേന വിശേഷാധികാര നിയമമായ അഫ്‌സ്പ തുടങ്ങിയ വിവാദ വിഷയങ്ങളെല്ലാം ഇരുവരും തമ്മിൽ ചർച്ച ചെയ്തു.

ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പിയും ബി.ജെ. പിയും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് കാശ്മീരിൽ ഗവൺമെന്റ് രൂപവത്കരണം പ്രതിസന്ധിയിലായത്. പി.ഡി.പി.ക്ക് 28 സീറ്റും ബിജെപിക്ക് 25 സീറ്റുമാണ് ലഭിച്ചത്.