ന്റെ കർക്കശമായ സ്വേച്ഛാധിപത്യ ഭരണത്തിലൂടെ 37 വർഷക്കാലം സിംബാവെയെ വിറപ്പിച്ച് ഇന്നലെ രാജിവയ്ക്കാൻ നിർബന്ധിതനായ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെയ്ക്ക് മാന്യമായി രാജ്യം വിട്ട് പോകാൻ സൈന്യം അനുവദിച്ചതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ഈ 94കാരൻ സ്വന്തം രാജ്യം വിട്ട് പോകുമെന്നാണ് സൂചന ലഭിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച സൈന്യം മുഗാബെയെ പുറത്താക്കി അധികാരം പിടിച്ചെടുത്തതിന് ശേഷം ഭർത്താവിന്റെ പിൻഗാമിയായി അധികാരം പിടിച്ചടക്കാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ ഭാര്യ ഗുക്കി ഗ്രേസിനെ തടവിലിടുമെന്ന് സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാണ്ട് നാല് ദശാബ്ദക്കാലത്തോളം തങ്ങളെ സ്വേച്ഛാധിപത്യഭരണത്തിന് കീഴിൽ അടിച്ചമർത്തിയ ക്രൂരനായ ഭരണാധികാരിയുടെ പതനത്തിൽ സിംബാവിയൻ തെരുവുകളിൽ ഇപ്പോഴും ആഹ്ലാദനൃത്തങ്ങൾ തുടരുകയാണ്. ചുരുക്കിപ്പറഞ്ഞാൽ മറ്റൊരു ക്രൂ ഭരണാധികാരിക്ക് കൂടി ജനാധിപത്യം പണി കൊടുത്തിരിക്കുകയാണ്. മുഗാബെയെ സുരക്ഷിതനായി രാജ്യം വിട്ട് പോകാൻ അനുവദിക്കുമെന്നാണ് മിലിട്ടറി ജനറൽമാർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഭാര്യ ഗ്രേസിനെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇവരുടെ അടുത്ത കുടുംബാംഗം സൂചന നൽകിയിരുന്നു.

മുഗാബെ നിലം പതിച്ചുവെന്നറിഞ്ഞയുടൻ പാർലിമെന്റിനുള്ളിൽ വരെ രാഷ്ട്രീയക്കാർ ആഹ്ലാദത്തോടെ ആടുകയും പാടുകയും ചെയ്തിരുന്നു. ഏകാധിപതി രാജി വയ്ക്കുന്നതറിഞ്ഞ് എംപിമാർ ആഹ്ലാദത്തോടെ കൈകളുയർത്തിയിരുന്നു. ചിലർ ആട്ടത്തിനും പാട്ടിനുമിടയിൽ നിർത്താതെ കൈയടിക്കുകയും ചെയ്തിരുന്നു. തെരുവുകളിലെ ആഹ്ലാദത്തിന് വെള്ളക്കാരും കറുത്ത വർഗക്കാരും വിഭാഗീയതകൾ മറന്ന് ഒരുമിച്ചിരുന്നു. കാറുകൾ ഹോണടിച്ചാണ് തെരുവുകളിലൂടെ കുതിച്ചോടിയത്. ലോറികളിലേറിയ ജനക്കൂട്ടം പതാകകൾ പാറിച്ച് സന്തോഷം മുഴക്കുന്നുണ്ടായിരുന്നു.

മുഗാബെ കാലഘട്ടത്തിൽ അത്യാഢംബരജീവിതം നയിച്ചിരുന്ന ഗ്രേസ് വൈസ് പ്രസിഡന്റ് എമേർസൻ നൻഗാഗ്വയെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നത്. തുടർന്ന് നൻഗാഗ്വ ദക്ഷിണാഫ്രിക്കയിലേക്ക് പലായനം ചെയ്തിരുന്നു. അദ്ദേഹം ഉടൻ സിംബാവെയിലേക്ക് തിരിച്ചെത്തുമെന്ന് ഇവരുടെ പാർട്ടിയാ സാനു-പിഎഫിന്റെ ഒരു മന്ത്രി വെളിപ്പെടുത്തുന്നു. അദ്ദേഹം താൽക്കാലിക നേതാവായി ഇന്ന് ചുമതലയേൽക്കുമെന്നാണ് പാർട്ടി വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. 2018ൽ ഇവിടെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നൻഗാഗ്വ സിംബാവെയുടെ താൽക്കാലിക പ്രസിഡന്റായി സ്ഥാനമേൽക്കും.