ഹരാരെ: ദജശാബ്ദങ്ങൾ നീണ്ട ഏകാധിപത്യത്തിന് ശേഷം പടിയിറങ്ങുന്ന സിംബാവിയൻ പ്രസിഡന്റിന് പ്രഖ്യാപിച്ചിരിക്കുന്നത് കോടികളുടെ റിട്ടയർമെന്റ് പാക്കേജ്. 93കാരനായ മുഗാബെയ്ക്കും ഭാര്യയ്ക്കും ഭരണം പോയെങ്കിലും ഇനിയുള്ള കാലം സുഖമായി ജീവിക്കാനുള്ളതെല്ലാം സർക്കാർ നൽകിക്കൊണ്ടാണ് യാത്രയയ്ക്കുന്നത്. പുതിയ പ്രസിഡന്റ് എമ്മേഴ്‌സൺ മൻഗാഗ്വയാണ് കോടികളുടെ റിട്ടയർമെന്റ് പാക്കേജ് പ്രഖ്യാപിച്ചത്.

മെഴ്‌സിഡസ് കാറും സ്വകാര്യ വിമാനവും സൗജന്യമായി ഇന്ധനവും അടക്കം വേണ്ടതെല്ലാം മുഗാബെയ്ക്ക് ഇനിയും സൗജന്യമായി ലഭിക്കും. സൗജന്യ മെഡിക്കൽ ശുശ്രൂഷകൾ, ഉദാരമായ ഹൗസിങ് അലവൻസ് എന്നിവയും ഉണ്ട്. 25 സ്റ്റാഫുകളെയും സർക്കാർ തന്നെ മുഗാബെയ്ക്ക് നൽകും. ഡ്രൈവർമാർ, വെയിറ്റർമാർ, വേലക്കാരികൾ, തോട്ടക്കാരൻ ആറ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവർ ഇതിൽപ്പെടും.

മുഗാബെയ്ക്കും ചെറുപ്പക്കാരിയായ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമായി വീടിനും നല്ല അലവൻസാണ് സർക്കാർ പഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ബെഡ്‌റൂമും മൂന്ന് ഗസ്റ്റ് റൂമും അടങ്ങിയ വീട് അല്ലെങ്കിൽ ഇത് പണിയുന്നതിന് തതുല്യമായ പണമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമേ വർഷം തോറും നാല് സൗജന്യ വിദേശ യാത്രകൾ, സ്വകാര്യ മെഡിക്കൽ കെയർ തുടങ്ങിയവയും നൽകും. മെഴ്‌സിഡസ് ബെൻസ് അടക്കം മൂന്ന് കാറുകളും നൽകും. അതേസമയം ഇതിനെതിരെ സിംബാവിയൻ ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.