കോഴിക്കോട്: സർദാർ വല്ലഭായ് പട്ടേലിന് നെഹ്റുവിനോട് അവജ്ഞയും അസൂയയും വിദ്വേഷവുമായിരുന്നെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എം പി. പട്ടേൽ എല്ലാ കാലത്തും നെഹ്റുവിനോട് വിയോജിച്ച നേതാവായിരുന്നു. ഇതൊക്കെയാണ് മോദി പട്ടേലിൽ കണ്ട മഹത്വം. നെഹ്റുവിനെ താഴ്‌ത്തിക്കെട്ടാനാണ് പട്ടേലിന് ബിജെപി വലിയ പ്രാധാന്യം നൽകുന്നത്. കോടികൾ ചെലവഴിച്ച് പട്ടേൽ പ്രതിമ പണിതുയർത്തിയത് പോലും ഇതിന് വേണ്ടിയാണ്. ഗാന്ധിയേക്കാളും നെഹ്റുവിനെക്കാളും മുഹമ്മദ് അബ്ദുറഹിമാനെക്കാളും വലിയ നേതാവല്ല പട്ടേലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എന്നാൽ നെഹ്റുവിനെ ചെറുതാക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുകയാണ്. ഗാന്ധിയുടെയും നെഹ്റുവിന്റെയും പാരമ്പര്യത്തിൽ നിന്ന് മാറിയതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം. ഇങ്ങനെ പോയാൽ കോൺഗ്രസ് നശിക്കും. എന്നാൽ കോൺഗ്രസ് നശിക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് താതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കോഴിക്കോട്ട് നടന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
എന്നാൽ നവോത്ഥാന മൂല്യങ്ങൾ തകരാൻ കാരണം കോൺഗ്രസ് മാത്രമല്ലെന്നും ഇടത് വലത് മുന്നണികൾക്ക് അക്കാര്യത്തിൽ തുല്യ പങ്കാണുള്ളതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹമീദ് ചേന്ദമംഗല്ലൂർ പറഞ്ഞു.

ശബരിമല വിഷയം ഉയർത്തി നവോത്ഥാന മൂല്യങ്ങൾ തകരുന്നുവെന്ന് പറയുകയാണ് രാഷ്ട്രീയ പാർട്ടികൾ. എന്നാൽ മുന്നണി രാഷ്ട്രീയമാണ് നവോത്ഥാന മൂല്യങ്ങൾ തകരാൻ പ്രധാന കാരണം. സി പി എം നേതൃത്വം നൽകുന്ന ഇടത് മുന്നണിയിലും കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലും എന്നും ഏതെങ്കിലും വർഗീയ പാർട്ടികൾ ഉണ്ടായിരുന്നു. അവർക്ക് വേണ്ടി പുരോഗനപ്രസ്ഥാനങ്ങളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നയങ്ങളിൽ വെള്ളം ചേർത്തു. ഇതാണ് നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് കാരണമായത്. ശബരിമല വിഷയത്തിൽ ബിജെപിയുടെ നിലപാടിനോട് ചേർന്നുകൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്.

ഇതിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം നേരത്തെ ചെയ്തത് എന്താണെന്ന് ആലോചിക്കണം. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗത്തിനെതിരെ വർഗ്ഗീയവാദികളുടെ പ്രതിഷേധം ശക്തമായപ്പോൾ ആ പാഠഭാഗം ഒഴിവാക്കാൻ സി പി എം ഭരണം തയ്യാറായി. ഈ പാഠഭാഗം നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാൽ ആ പാഠത്തിൽ അത്തരമൊരു വിഷയമേ ഉണ്ടായിരുന്നില്ല. മതം ഒരേ സമയം ആചാരവ്യവസ്ഥയും മൂല്യ വ്യവസ്ഥയുമാണ്. ആചാരവ്യവസ്ഥകൾ ഓരോ മതത്തിനും വ്യത്യസ്തമാകും.

എന്നാൽ മൂല്യവ്യവസ്ഥകൾ ഒന്നായിരിക്കും. എല്ലാ മതങ്ങളും നന്മയും സത്യവും സാഹോദര്യവുമെല്ലാമാണ് പറയുന്നത്. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗത്ത് എവിടെയാണ് മൂല്യവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുന്നത്. എന്നിട്ടും ഇടതുപക്ഷം ആ പാഠഭാഗം പിൻവലിച്ചു. നവോത്ഥാന മൂല്യങ്ങൾ ശിഥിലമാകുന്ന തരത്തിലാണ് മുന്നണിരാഷ്ട്രീയം എന്നും മുന്നോട്ട് പോയത്. വൾഗർ സെക്യുലറിസമാണ് അവർ പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.