- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡു കാലത്ത് പരോളിൽ ഇറങ്ങി ക്ലിഫ് ഹൗസിലെ കല്യാണത്തിന് കൂടിയത് വെറുതെയായില്ല; റിയാസിന്റെ ബന്ധുവിന് കൊലക്കേസിൽ ശിക്ഷാ കാലാവധിയുടെ പകുതി എത്തും മുമ്പേ മോചനം; മുഖ്യമന്ത്രിയുടെ മരുമകനായ മന്ത്രി ബന്ധുവിനൊപ്പം കോളടിച്ചത് പാലിശ്ശേരിയുടെ അനുജനും; വീണ്ടും ജയിൽ മോചന വിവാദം
കുന്നംകുളം: മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവുൾപ്പെടെയുള്ള കൊലക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി ജയിലിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ ഉത്തരവ്. ആർഎസ്എസ് പ്രവർത്തകനായ കുന്നംകുളം കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടിൽ സുരേഷ് ബാബുവിനെ (ബാബുട്ടൻ) ഒറ്റപ്പിലാവ് ബസ് സ്റ്റോപ്പിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ശിക്ഷിച്ച പ്രതികളെയാണ് ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
മന്ത്രി മുഹമ്മദ് റിയാസിന്റെ ചെറിയച്ഛന്റെ മകൻ മുഹമ്മദ് ഹാഷിം, മുൻ എംഎൽഎ ബാബു എം. പാലിശ്ശേരിയുടെ അനുജൻ ബാലാജി എം. പാലിശ്ശേരി എന്നിവർ ഉൾപ്പെടെ അഞ്ചു പേർക്കാണ് ശിക്ഷാ കാലാവധിയുടെ പകുതി പോലും പൂർത്തിയാകും മുൻപ് ഇളവ് നൽകി വിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ജന്മഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിണറായിയുടെ മുൻ സർക്കാരിന്റെ കാലത്ത് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം വിവാദമായിരുന്നു.
കൊടി സുനിക്ക് അടക്കം ശിക്ഷാ അളവ് നൽകാനായിരുന്നു അന്നത്തെ തീരുമാനം. മറുനാടൻ വാർത്തകളാണ് ഈ കള്ളക്കളി രംഗത്തു കൊണ്ടു വന്നത്. അതിന് ശേഷം വീണ്ടും പിണറായി അധികാരത്തിൽ എത്തുമ്പോൾ മറ്റൊരു ജയിൽ മോചനക്കേസും ചർച്ചകളിൽ എത്തുകയാണ്. 2017ലാണ് സുപ്രീംകോടതി 326-ാം വകുപ്പ് പ്രകാരം കേസിലെ പ്രതികൾക്ക് ഏഴു വർഷത്തെ തടവ് വിധിച്ചത്. പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറിയായിരുന്ന ബാലാജി എം. പാലിശ്ശേരിയെ കോലൊളമ്പ് നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലയിൽ നിന്നു തരം താഴ്‌ത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു സുപ്രീംകോടതി വിധി വന്നത്.
ജയിൽവാസം അനുഭവിക്കുന്നതിനിടെ കൊലക്കേസ് പ്രതിയായ മുഹമ്മദ് ഹാഷിം മുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന മകളുടെ കല്യാണത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. പരോൾ കാലയളവിൽ ക്ലിഫ് ഹൗസിൽ എത്തിയാണ് കല്യാണത്തിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ റിയാസിനും വീണക്കുമൊപ്പം ഹാഷിം നിൽക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. ഹാഷിം കോവിഡ് കാലത്താണ് പരോളിനിറങ്ങിയത്. അതേസമയം, പിതൃസഹോദരന്റെ മകനാണ് റിയാസെന്നും പരോൾ വ്യവസ്ഥകൾ പാലിച്ചാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ഹാഷിം പ്രതികരിച്ചിരുന്നു. ക്ലിഫ് ഹൗസിലെ സന്ദർശക മുറിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വീണയുടെയും റിയാസിന്റെയും ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ആർഎസ്എസ് അനുഭാവിയായ യുവാവിനെ തൃശൂർ ഒറ്റപ്പിലാവിൽ കാലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ അഞ്ചു പേർക്ക് സുപ്രീം കോടതിയാണ് ഏഴു വർഷം തടവുശിക്ഷ വിധിച്ചത്. കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടിൽ സുരേഷ് ബാബു 1993 മാർച്ച് 10ന് രാത്രി കൊല്ലപ്പെട്ടെ കേസിൽ പതിയാറ്റുപറമ്പിൽ മജീദ് (മൂന്നാം പ്രതി), ഇളക്കവരവീട്ടിൽ ഉമ്മർ (പൊടി ഉമ്മർ4), ബാലാജി എം.പാലിശേരി (14), എൻ.എം.മുരളീധരൻ (15), പി.എം.മുഹമ്മദ് ഹാഷിം (18) എന്നിവർക്കാണ് ഏഴു വർഷം തടവു വിധിച്ചത്. ആയുധമുപയോഗിച്ചോ അല്ലാതെയോ മുറിവേൽപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 326, 149 വകുപ്പുകൾ പ്രകാരമാണു ശിക്ഷ.
സുപ്രീം കോടതി ശിക്ഷ നൽകിയവരുൾപ്പെടെ ഏഴു പേരെ വിചാരണക്കോടതി കൊലക്കുറ്റം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിച്ചതായിരുന്നു. വിചാരണക്കോടതി ശിക്ഷിച്ച ഒന്നും രണ്ടും പ്രതികളായ വെട്ടനാട്ടയിൽ സെയ്ത് മുഹമ്മദ്, വാകയിൽ അബുബക്കർ എന്നിവർ അപ്പീലുകൾ പരിഗണനയിലിരിക്കെ മരിച്ചു. മൊത്തം 21 പ്രതികളുണ്ടായിരുന്ന കേസിൽ മറ്റെല്ലാ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചിരുന്നു. കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ പിതാവും പ്രതികളും സർക്കാരും നൽകിയ അപ്പീലുകൾ പരിഗണിച്ച ഹൈക്കോടതി ഒന്നാം പ്രതിയുടെ ജീവപര്യന്തം ശിക്ഷ നിലനിർത്തിയിരുന്നു. രണ്ടും നാലും പ്രതികളുടെ ശിക്ഷ ഒരു വർഷമായി കുറയ്ക്കുകയും മൂന്ന്, 14, 15, 18 പ്രതികളെ ഹൈക്കോടതി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ശിക്ഷിക്കപ്പെട്ടവരും സുരേഷ് ബാബുവിന്റെ പിതാവും സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ച് എല്ലാവർക്കും ശിക്ഷ നൽകിയത്. പ്രതികൾ നിയമവിരുദ്ധമായി സംഘം ചേർന്നത് പൊതുവായ ഉദ്ദേശ്യത്തോടെയാണെന്നും അങ്ങനെയല്ലെന്ന ഹൈക്കോടതി നിലപാട് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലപ്പെട്ടയാളും പ്രതികളും രണ്ടു രാഷ്ട്രീയ കക്ഷികളിൽ പെട്ടവരാണ്. നേരത്തെയും ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുമുണ്ട്. സംഭവം നടന്നത് 1993ൽ ആണെന്നതും മർമ്മ സ്ഥാനങ്ങളിലല്ല മുറിവേൽപിച്ചത് എന്നതും കണക്കിലെടുക്കുമ്പോൾ 326, 149 വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ മതിയാവുമെന്ന് കോടതി വ്യക്തമാക്കിയാണ് ശിക്ഷ വിധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ