മനാമ: പ്രവാസ സ്വപ്നങ്ങൾ മെനഞ്ഞ് ബഹ്‌റൈനിലത്തെിയ തമിഴ്‌നാട് സ്വദേശി മുഹമ്മദ് ഹനീഫ് അബ്ദുൽറഹീം ആദ്യമായി തിരിച്ചുപോയത് 26 വർഷത്തിനുശേഷം. ഇന്നലെയാണ് മുഹമ്മദ് ഹനീഫ് നാട്ടിലേക്ക് മടങ്ങിയത്.ബഹ്‌റൈനിൽ ലേബർ ആയി എത്തിയെങ്കിലും ആദ്യ നാളുകളിൽ തന്നെ അസുഖംബാധിച്ച് കാലിന് സ്വാധീനക്കുറവുണ്ടായി. തുടർന്ന് ജോലിക്കുപോലും പോകാനാകാതെ പലവിധ ദുരിതങ്ങളിലൂടെ കടന്നുപോയി. ഇതിനിടെ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും നഷ്ടപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മകൾ ജനിച്ചപ്പോഴാണ് മുഹമ്മദ് ഹനീഫ് കടൽ കടക്കുന്നത്. ഇവിടെയത്തെി കുറച്ചുകഴിഞ്ഞപ്പോൾ ഭാര്യയും മരിച്ചുപോയി.

ഏക മകൾ സഹോദരങ്ങളുടെ സംരക്ഷണയിലായിരുന്നു വളർന്നത്. കാലിന്റെ അസുഖം മൂലം പുറത്ത് ഭാരമുള്ള ജോലിയൊന്നും ചെയ്യാൻ പറ്റാതിരുന്ന ഇയാൾക്ക് പാചകം അറിയാമായിരുന്നു. വീട്ടിലിരുന്ന് ചെറിയ പരിപാടികൾക്കും മറ്റും ഭക്ഷണം ഒരുക്കിയാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഹൂറയിലായിരുന്നു താമസം. തഞ്ചാവൂർ ഇയാംപേട്ട സ്വദേശിയാണ് മുഹമ്മദ് ഹനീഫ്. ദുരിതകാലങ്ങളിലൊക്കെ സുഹൃത്തുകളാണ് തണലായത്.

ഒരുരേഖയും കൈവശമില്ലാതിരുന്നതിനാൽ പൊതുമാപ്പ് കാലയളവിൽ പോലും ഒന്നും നടന്നില്ല്‌ള. ഒടുവിൽ ഒ.ഐ.സി.സി. തഞ്ചാവൂർ കമ്മിറ്റി ഭാരവാഹികളാണ് ഇയാളുടെ വിഷയം ഏറ്റെടുത്തത്. ഇതേ തുടർന്ന് ഡിസംബറിൽ എംബസിയിൽ നിന്ന് ഔട്ട്പാസ് ലഭിച്ചു.ഇതിനായുള്ള രേഖകൾ നാട്ടിലുള്ള സഹോദരങ്ങൾ തന്നെയാണ് അയച്ചത്. എമിഗ്രേഷനിൽ ഫൈൻ അടച്ച് യാത്രരേഖകൾ ശരിയാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒ.ഐ.സി.സി മുൻകയ്യെടുത്തു. ഒ.ഐ.സി.സി. കന്യാകുമാരി ജില്ലാകമ്മിറ്റി അംഗം മൈക്കിൾ നേവീസാണ് വിമാന ടിക്കറ്റ് നൽകിയത്. കമ്മിറ്റി അംഗങ്ങളായ സതീഷ്, രാമലിംഗം, ജയരാജ്, സെന്തിൽ തുടങ്ങിയവരും വിവിധ സഹായങ്ങൾ നൽകി.

കൂടെപ്പിറപ്പിനെ കാണാൻ സഹോരങ്ങളും ഓർമ്മയിൽ പോലുമില്ലാത്ത പിതാവിനെ കാണാൻ മകളും നാട്ടിൽ കാത്തിരിക്കുകയാണ്.