തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ ഒരു പദ്ധതി ആരംഭിച്ചാൽ അത് പൂർത്തിയാക്കുന്നതു വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഉള്ള പുരോഗതി അറിയാനാകുന്ന പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022 ൽ ഈ പദ്ധതി ആരംഭിക്കുമെന്നു മന്ത്രി നിയമസഭയിൽ അറിയിച്ചു. എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, തോമസ് കെ തോമസ്, കെ പി മോഹനൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും. എപ്പോൾ പ്രവൃത്തി തുടങ്ങും, എപ്പോൾ അവസാനിക്കണം, എത്ര ശതമാനം പ്രവൃത്തി പുരോഗമിച്ചു എന്നതെല്ലാം ഈ ഡാഷ് ബോർഡിൽ ലഭ്യമാക്കും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈൻ ഉണ്ടാകും. കരാറുകാർക്ക് അവരുടേതായ ആയ പ്രശ്ങ്ങൾ റിപ്പോർട്ട് ചെയ്യാനും അവസരം നൽകുന്നുണ്ട്.

വകുപ്പു മേധാവി, ജില്ലാകലക്ടർ, സ്റ്റേറ്റ് നോഡൽ ഓഫീസർ ,ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ അപ്‌ഡേറ്റ് ചെയ്യാനാകും. അങ്ങനെ സമഗ്രമായ ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. എംഎൽഎമാർക്കും ജനങ്ങൾക്കു എല്ലാം ഇത് പരിശോധിക്കാൻ സംവിധാനം ഒരുക്കും. ജനങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനും സാധിക്കും.

ടെക്‌നോളജി ഉപയോഗിച്ചുള്ള മാറ്റങ്ങളെ ജനം സ്വീകരിക്കും. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ചതിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ഒമ്പത് ദിവസം പിന്നിടുമ്പോൾ 991 പേർ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകളിൽ ബുക്ക് ചെയ്തു കഴിഞ്ഞു. ഇതിൽ 794 ഉം ഓൺലൈൻ വഴിയാണ് ചെയ്തത്. ആകെ 5,76,926 രൂപ ഇതിലൂടെ വരുമാനമായി ലഭിച്ചു. ഇതിൽ 4,93,506 രൂപ ലഭിച്ചത് ഓൺലൈൻ ബുക്കിങ് വഴിയാണ്. ടെക്‌നോളജിയെ ഉപയോഗപ്പെടുത്തി കൂടുതൽ പ്രവർത്തനങ്ങൾ വകുപ്പിൽ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് പ്രവൃത്തികളുടെ ഓരോഘട്ടത്തിനും ആവശ്യമായ കാലയളവ് നിശ്ചയിച്ചു കൊണ്ട് വർക്കിങ് കലണ്ടർ തയ്യാറാക്കുന്നുണ്ട്. അതിൽ ഡിസൈൻ തയ്യാറാക്കാൻ ഇത്ര സമയം, ഇൻവെസ്റ്റിഗേഷൻ തയ്യാറാക്കാൻ ഇത്ര സമയം, സാങ്കേതിക അനുമതിയുടെ സമയക്രമം, ടെണ്ടർ എപ്പോൾ എന്നിങ്ങനെ കൃത്യമായി നിശ്ചയിച്ചു നൽകും. ആ സമയക്രമത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കണം എന്ന നിബന്ധന കൊണ്ടു വരും. അത് കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.