തിരുവനന്തപുരം: കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം-വിമാനത്താവളം റോഡ് നന്നാക്കാത്തതിനെക്കുറിച്ചു ചർച്ച ചെയ്ത ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ എത്തിയത് കരാർ കമ്പനിയുടെ ജൂനിയർ ഉദ്യോഗസ്ഥർ. ഇതു മനസ്സിലാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊട്ടിത്തെറിച്ചു. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയുള്ളോ റോഡ് നിർമ്മാണം കരാറെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥനോടു മന്ത്രി രോഷത്തോടെ ചോദിച്ചു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് 221 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഇടപെടൽ.

മന്ത്രി വിളിച്ച യോഗത്തിൽ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എൻജിനീയറും പങ്കെടുത്തപ്പോൾ, കമ്പനി അയച്ചതു ജൂനിയർ ഉദ്യോഗസ്ഥനെയാണ്. സാങ്കേതിക കാരണങ്ങളുടെ പേരിൽ അറ്റകുറ്റപ്പണി ഇഴയുന്നതു ശ്രദ്ധയിൽപെട്ടതോടെയാണു മന്ത്രിയുടെ നിയന്ത്രണം വിട്ടത്. ''പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു മരാമത്തു വകുപ്പിന്റെ പ്രശ്‌നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവർത്തിച്ചാൽ നടപടിയുണ്ടാകും''-മന്ത്രി പറഞ്ഞു.

നിർമ്മാണത്തിനുള്ള മണ്ണ് ആര് എത്തിക്കുമെന്ന തർക്കത്തിലാണു പണി ഇഴഞ്ഞത്. കരാറുകാർ തന്നെ മണ്ണ് എത്തിക്കണമെന്നു വ്യവസ്ഥയുണ്ടെന്നു മരാമത്ത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ശകാരം കേട്ടതോടെ 'സാങ്കേതിക തടസ്സം' നീങ്ങി. ഫെബ്രുവരിയോടെ പണി പൂർത്തിയാക്കാമെന്ന് കമ്പനി ഉറപ്പു നൽകി. കടലിനു ചേർന്നായതിനാൽ സംരക്ഷണഭിത്തി നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. അതിനു ശേഷമാകും റോഡ് പണി. അതിവേഗം എല്ലാം ചെയ്യാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തു. പണി വൈകിയാൽ പ്രശ്‌നമാകുമെന്ന് പൊതുമരാമത്ത് മന്ത്രി കടുത്ത ഭാഷയിൽ പറഞ്ഞതോടെയാണ് കമ്പനി എല്ലാത്തിനും വഴങ്ങിയത്.

തിരയടിച്ചുകയറി തിരുവനന്തപുരം വിമാനത്താവള റോഡിന്റെ ഒരുഭാഗം തകരുകയായിരുന്നു. അശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്നാണു നാട്ടുകാരുടെ ആരോപണം . റോഡിന്റെ ഒരുഭാഗം തകർന്നതോടെ ശംഖുമുഖത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. തീരം കവർന്നു തിരകരയിലേക്കു കയറിയതോടെ കടൽഭിത്തി തകർന്നു. പിന്നെയും കയറിയ തിര റോഡിന്റെ പകുതിഭാഗം പൂർണമായും തകർത്തു.

കടലിലേക്കു വാ പിളർന്നു നിൽക്കുന്ന റോഡ് അപകട ഭീക്ഷണിയുയർത്തിയതോടെ ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി. മഴ തുടങ്ങുംമുമ്പേയുള്ള തിരയടിച്ചിലിൽ പോലും കടൽഭിത്തി തകർന്നതിനു പിന്നിൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. റോഡ് മാത്രമല്ല,ശംഖുമുഖം ബീച്ചിന്റെ ഒരുഭാഗവും പൂർണമായി തകർന്നു. അതിനിടെ ടലാക്രമണത്തിൽ തകർന്ന ശംഖുമുഖം-എയർപോർട്ട് റോഡ് ഫെബ്രുവരിയിൽ പൂർണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്.

മുന്നൂറ്റി അറുപത് മീറ്റർ നീളമുള്ള ഡയഫ്രം വാളാണ് റോഡിനായി നിർമ്മിക്കുന്നത്. ഡയഫ്രം വാൾ പണിയുന്നതിനായി നിർമ്മിക്കുന്ന ഗൈഡ് വാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗൈഡ് വാളിന്റെയും ഡയഫ്രം വാളിന്റെയും നിർമ്മാണ പ്രവർത്തികൾ സമാന്തരമായി നടക്കും. എട്ടു മീറ്റർ ആഴത്തിലുള്ള കോൺക്രീറ്റ് പാനലുകൾ ഉപയോഗിച്ചാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. പടിഞ്ഞാറ് ഭാഗത്തേക്ക് ചരിച്ചിറക്കിയ കരിങ്കൽ ഭിത്തി കടലാക്രമണത്തിൽ നിന്ന് ഡയഫ്രം വാളിന് സംരക്ഷണം നൽകും. അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ തീർക്കണമെന്ന് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മന്ത്രി നിർദ്ദേശം നൽകി.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കവെ മെയ് മാസത്തിൽ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ നിർമ്മാണത്തിലിരുന്ന സ്ഥലങ്ങളിൽ വലിയ കേടുപാടുകൾ സംഭവിക്കുകയും മണ്ണൊലിച്ച് പോവുകയും ചെയ്തിരുന്നു. ഇത് നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോകുവാൻ കാരണമായി.