- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലൻ ഷുഹൈബിന്റെ പിതാവിനെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആർഎംപിയിൽ പ്രതിഷേധം കനക്കുന്നു; ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമാകാത്ത വിഷയം; സിറ്റി കമ്മിറ്റിയിലും ഭൂരിഭാഗവും എതിർത്തു; പാർട്ടി വിടാനുള്ള തീരുമാനമുൾപ്പെടെ എടുക്കേണ്ടിവരുമെന്ന് ഒരു വിഭാഗം നേതാക്കൾ
കോഴിക്കോട്: പാർട്ടി രൂപീകരിച്ച ടി പി ചന്ദ്രശേഖരൻ സി പി എമ്മുമായി അകന്നപ്പോഴും കോൺഗ്രസിനും ബിജെപിക്കും അനുകൂലമായ നിലപാട് ഒരിക്കലും സ്വീകരിച്ചിരുന്നില്ല. വലത്തോട്ട് പോകാതെ കൂടുതൽ ഇടത്തോട്ട് മാത്രം സഞ്ചരിച്ച ടി പിയുടെ രാഷ്ട്രീയ വഴികളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ആർ എം പി നേതൃത്വമെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്ത്. പന്തീരാങ്കാവിൽ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവിനെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ എം പി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെയാണ് പാർട്ടിക്കുള്ളിൽ പ്രതിഷേധം കനക്കുന്നത്.
കോഴിക്കോട് നഗരസഭയിലെ 61ാം വാർഡായ വലിയങ്ങാടിയിൽ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിനെ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് ആർ എം പി നേതൃത്വം കൈക്കൊണ്ടത്. മുസ്ലിം ലീഗും എം കെ മുനീറും നടത്തിയ നീക്കത്തിനെത്തുടർന്നാണ് ആർ എം പി നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും ആരോപിക്കുന്നത്. എൽ ജെ ഡിയുടെ അഡ്വ. തോമസ് മാത്യുവാണ് വലിയങ്ങാടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി.
കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകൾക്കെതിരെ എന്നും നിലയുറപ്പിച്ച നേതാവായിരുന്നു ടി പി ചന്ദ്രശേഖരൻ. കുട്ടിക്കാലം മുതൽ തന്നെ മനസ്സിലുറപ്പിച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളെ ഉപേക്ഷിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. പല അവസരങ്ങൾ മുന്നിൽ വന്നപ്പോഴും അതൊന്നും സ്വീകരിക്കാൻ നിൽക്കാതെ മാർക്സിസത്തെ മുറുകെ പിടിക്കുകയായിരുന്നു ടി പി എന്നും ചെയ്തത്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി ആർ എം പിയെ കോൺഗ്രസിന്റെ വാലാക്കാൻ നോക്കുന്ന നേതൃത്വം ഭൂരിപക്ഷാഭിപ്രായത്തെ പോലും കാറ്റിൽ പറത്തിയാണ് മുഹമ്മദ് ഷുഹൈബിനെ മത്സരിപ്പിക്കാനൊരുങ്ങുന്നതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. അലന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതികരണം തങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ മത്സരിപ്പിക്കാനുള്ള തീരുമാനം ശരിയായ നടപടിയല്ലെന്നും ഇവർ വ്യക്തമാക്കുന്നു.
വലിയങ്ങാടിയിൽ അലന്റെ പിതാവ് ഷുഹൈബ് മത്സരിക്കുമെന്നും പൊലീസിന്റെ കരിനിയമത്തിനെതിരെയാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്വമെന്നും യു ഡി എഫിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണുവാണ് വ്യക്തമാക്കിയത്. നേരത്തെ ഇക്കാര്യം ജില്ലാ കമ്മിറ്റിയിൽ ചർച്ചയായിരുന്നു. പക്ഷെ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്ന നിർദ്ദേശമാണ് കമ്മിറ്റിയിൽ ഉയർന്നുവന്നത്. വിഷയം പിന്നീട് സിറ്റി കമ്മിറ്റിയിൽ ചർച്ച ചെയ്തപ്പോൾ ഒൻപത് അംഗങ്ങളിൽ അഞ്ചു പേർ തീരുമാനത്തെ എതിർത്തു. രണ്ടുപേർ മാത്രമാണ് പിന്തുണച്ചത്. മറ്റുള്ളവർ മൗനം പാലിക്കുകയായിരുന്നു.
ഭൂരിപക്ഷ തീരുാനം എതിരായിട്ടും ഒഞ്ചിയത്തെ നേതാക്കൾ ഈ നീക്കവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇടതുമുന്നണിയെ ഏത് വിധേനയും പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് നേതാക്കൾക്കുള്ളത്. ഇത് ആർ എം പിയുടേയോ ടി പി ചന്ദ്രശേഖരന്റേയോ നയമല്ല. മുഹമ്മദ് ഷുഹൈബ് സി പി എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അലൻ അറസ്റ്റിലായിട്ടും സി പി എമ്മിന്റെ പരിപാടികളിലെല്ലാം ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ആർ എം പിയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരമൊരാളെയാണ് പാർട്ടി പിന്തുണയ്ക്കുന്നത്.
നാളെ തന്റെ നിലപാടുകൾ മാറ്റി അദ്ദേഹം സി പി എമ്മിലേക്ക് മടങ്ങിപ്പോകില്ല എന്നു പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തെ പിന്തുണയ്ക്കാനാവില്ലെന്നും പാർട്ടി വിടുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാവുമെന്നും സിറ്റി കമ്മിറ്റിയിൽ എതിർപ്പുന്നയിച്ച നേതാക്കൾ പറയുന്നു. എന്നാൽ അഭിപ്രായങ്ങൾ പലതും കമ്മിറ്റികളിൽ ഉയർന്നിട്ടുണ്ടെന്നും പിന്തുണയ്ക്കാനുള്ള തീരുമാനം ഐകണ്ഠമായാണ് പാർട്ടി എടുത്തിട്ടുള്ളതെന്നാണ് ആർ എം പി നേതൃത്വം വ്യക്തമാക്കുന്നത്.