കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിയുമായ എ. മുഹമ്മദ് റിയാസ്. 1991ലെ ബേപ്പൂർ മോഡൽ വിജയം ഈ തെരെഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കും. ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ബേപ്പൂരിൽ നിലവിലെ എംഎൽഎയായ വി.കെ.സി.മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫിൽ ഇതുവരെ കോൺഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂർ സീറ്റ് ഇക്കുറി മുസ്ലിം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബിജെപിക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണിത്.