തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ 55 പദ്ധതികൾക്ക് കൂടി ഭരണാനുമതി നൽകിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. റോഡ്, പാലം , കെട്ടിട വിഭാഗങ്ങളിലായി 280.86 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയതെന്ന് മന്ത്രി അറിയിച്ചു. 25 റോഡ് പ്രവൃത്തികൾക്കായി 122.13 കോടി രൂപയാണ് അനുവദിച്ചത്. 11പാലം പ്രവൃത്തികൾക്ക് 72.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 19 കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കായി 86.46 കോടി രൂപ അനുവദിച്ചും ഉത്തരവിറങ്ങി. ബജറ്റ് ഫണ്ടിൽ നിന്നാണ് ഈ പ്രവൃത്തികൾക്കുള്ള തുക കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ബജറ്റ് ഫണ്ടിൽ നിന്നും നേരത്തെ 549.44 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിരുന്നു. 78 റോഡ് പ്രവൃത്തികൾക്കായി 360.08 കോടി രൂപയും 19 പാലം പ്രവൃത്തികൾക്കായി 156.46 കോടി രൂപയും 4 കെട്ടിട നിർമ്മാണങ്ങൾക്കായി 32.90 കോടി രൂപയും അനുവദിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണിക്ക് ഇതുവരെ 273.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇതിൽ അടിയന്തര അറ്റകുറ്റപ്പണിക്കായി 119 കോടി രൂപയും കിഫ്ബി ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത 77 റോഡുകൾക്ക് 17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 137.41 കോടി രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി മന്ത്രി അറിയിച്ചു.