- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി ലഭിക്കുമ്പോൾ തന്നെ ആക്ഷൻ; കോഴിക്കോട്ട് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നിർത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്തു; ടാർ മിക്‌സിങ് യൂണിറ്റ് മാറ്റിയതും ബസ് സ്റ്റോപ്പുകൾ പൊളിച്ചു നീക്കിയതും നേരത്തെ വൈറൽ; സൂപ്പർ ഹിറ്റായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ- ഇൻ പരിപാടി
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നല്ലളം ഡീസൽ പ്ലാന്റിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. കേസിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ വാഹനങ്ങളെല്ലാം ഇവിടെ നിന്നും നീക്കി. ഇവ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ വാഹനങ്ങൾ റോഡരികിൽ നിന്നും മാറ്റിയത്.
42 വാഹനങ്ങളാണ് നീക്കം ചെയ്തത്. തുറമുഖ വകുപ്പിന്റെ സ്ഥലത്തേക്കാണ് തൽക്കാലികമായി വാഹനങ്ങൾ മാറ്റിയത്. പൊലീസ് പിടിച്ചെടുത്ത ഈ വാഹനങ്ങൾ നിയമ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ലേലം ചെയ്യും. കഴിഞ്ഞ ഒരു വർഷത്തോളമായുള്ള നാട്ടുകാരുടെ പരാതിക്കാണ് മന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരമായത്.
ഫോൺ- ഇൻ പരിപാടിയിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കയ്യേറ്റ വിഷയത്തിൽ ഇടപെട്ടത്. ദേശീയപാതയരികിലും പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് സ്ഥലങ്ങളിലും പൊലീസും എക്സൈസും മറ്റും പിടികൂടുന്ന വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഇത് ഒഴിപ്പിക്കാനാണ് നടപടി തുടങ്ങിയത്. പരാതി ലഭിച്ച ഉടൻ തന്നെ മന്ത്രി പൊലീസ് അധികൃതരെ വിളിച്ച് വാഹനങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഒരു വർഷത്തോളമായുള്ള പരാതിയാണ്. ജനങ്ങൾ പ്രയാസപ്പെടുകയാണ്.
ഉടൻ മാറ്റണം എന്ന മന്ത്രിയുടെ കടുപ്പിച്ചുള്ള വാക്കുകൾക്ക് ഉടൻ തന്നെ പരിഹാരുണ്ടായി. പരാതികൾക്ക് ഉടൻ തന്നെ പരിഹാരം കാണുന്ന മന്ത്രിയുടെ ഫോൺ - ഇൻ പരിപാടി ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. നേരത്തെ കോഴിക്കോട് നടക്കാവിൽ ബസ് സ്റ്റോപ്പുകൾ കാരണം ഡ്രൈനേജ് ജോലികൾ നിലച്ചുപോയെന്ന നടക്കാവ് സ്വദേശി അഞ്ജിത്തിന്റെ പരാതി ലഭിച്ചയുടൻ മന്ത്രി ബസ് സ്റ്റോപ്പുകൾ പൊളിച്ചു നീക്കാൻ നിർദ്ദേശിച്ചിരുന്നു. പരസ്യം സ്ഥാപിക്കാനായി സ്വകാര്യ കമ്പനി സ്ഥാപിച്ച മൂന്നു ബസ് സ്റ്റോപ്പുകളാണ് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് പൊളിച്ചു നീക്കിയത്.
തൃശൂർ ഇരിങ്ങാലക്കുട കാട്ടൂർ പഞ്ചായത്തിലെ താണിശേരിയിൽ ഉപേക്ഷിച്ച നിലയിൽ കിടന്ന വലിയ ടാർ മിക്‌സിങ് യൂണിറ്റ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് സുമിത്രൻ എന്നയാൾ മന്ത്രിയെ വിളിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി കാരാഞ്ചിറ റോഡിൽ വളവിൽ അപകടാവസ്ഥയിൽ കിടക്കുകയായിരുന്നു ഇത്. പരാതി കിട്ടിയ ഉടൻ മന്ത്രി പി ഡബ്ല്യു ഡി എഞ്ചിനീയറെ വിളിച്ച് പിറ്റേന്ന് താൻ വിളിക്കുന്നതിന് മുമ്പ് ഇത് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ ഒരു വർഷമായി ഇളക്കമില്ലാതെ കിടന്ന ടാർ മിക്‌സിങ് യൂണിറ്റ് അധികൃതരെത്തി ലോറിയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. റോഡിൽ കാടുപിടിച്ചു കിടന്ന യന്ത്രം മാറ്റുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.