മട്ടന്നൂർ: കണ്ണൂർ - മൈസൂരു ദേശീയ പാതയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നിർദ്ദിഷ്ട ദേശീയ പാതയുടെ മട്ടന്നൂർ മണ്ണുർ മുതൽ കണ്ണൂർ മേലെചൊവ്വ വരെയുള്ള പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. കണ്ണൂർ വിമാനതാവളറോഡുമായി ബന്ധപ്പെട്ട പാതയാണ് വരാൻ പോകുന്നതെന്ന പ്രാധാന്യം കൂടി ഇതിനുണ്ട്.

അതു കൊണ്ടു തന്നെ കാലാതാമസം കൂടാതെ കേന്ദ്രാനുമതി ലഭിച്ചാൽ മറ്റു നടപടികൾ തീർത്തതിനു ശേഷം പ്രവൃത്തിയാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മട്ടന്നൂർ മുതൽ മേലെചൊവ്വ വരെയുള്ള വിവിധ പ്രദേശങ്ങളിലാണ് പദ്ധതിയുടെ അവലോകനത്തിനായി മന്ത്രിയെത്തിയത്. മണ്ഡലം മണ്ഡലം എംഎ‍ൽഎ കെ.കെ ശൈലജ, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, മട്ടന്നൂർ നഗരസഭാ ചെയർപേഴ്‌സൺ അനിതാ വേണു പൊതുമരാമത്ത് വകുപ്പ് ബദേശിയ പാതാ വിഭാഗം ഉദ്യോഗസ്ഥന്മാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര റോഡുഗതാഗത- ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് കണ്ണൂര് - മൈസൂര് റോഡിന്റെ കേരളത്തിലൂടെ കടന്നുപോകുന്ന ഭാഗം ദേശീയ പാതയാക്കാൻ തീരുമാനമായത്.

കണ്ണൂർ വിമാനത്താവളം മട്ടന്നൂർ കൂട്ടുപുഴ വളവുപാറ മാക്കൂട്ടം- വിരാജ്‌പേട്ട- മടിക്കേരി വഴിയാണ് മൈസൂരു നാലു വരിപാത കടന്നു പോകുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ അമ്പതു ശതമാനം സംസ്ഥാനം വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വിശദ പദ്ധതി രേഖ (ഡിപിആർ) മാറ്റങ്ങൾ വരുത്തി നേരത്തെ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു.