കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ പുകഴ്‌ത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തൃക്കാക്കരയിൽ മാത്രമല്ല കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സ്ഥാനാർത്ഥിയായി പരിഗണിക്കാവുന്ന വ്യക്തിയാണ് ഡോ. ജോ ജോസഫെന്നാണ് റിയാസ് പറഞ്ഞത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിൽ പ്രചരണത്തിന് എത്തിയാതിരുന്നു മന്ത്രി.

'പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിലെ ജനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച ആരോഗ്യപ്രവർത്തകരുടെ പ്രതിനിധിയാണ് അദ്ദേഹം. ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർ എന്ന നിലയിൽ അദ്ദേഹം നടത്തിയിട്ടുള്ള മറ്റ് ഇടപെടലുകൾക്കും ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുണ്ട്' മന്ത്രി പറഞ്ഞു.തൃക്കാക്കരയിലെ വിജയത്തിലൂടെ സംസ്ഥാനത്ത് എൽ ഡി എഫ് നൂറ് സീറ്റ് തികയ്ക്കുമെന്നുപറഞ്ഞ മുഹമ്മദ് റിയാസ് സ്ഥാനാർത്ഥിയെക്കുറിച്ച് മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് സഭയുടെ സ്ഥാനാർത്ഥിയെന്ന വിമർശനവുമായി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുന്നെതെന്ന് പരിഹസിക്കുകയും ചെയ്തു.

'ഇപ്പോൾ എൽഡിഎഫിന് 99 എംഎൽഎമാരാണ് ഉള്ളത്. ഇത് സെഞ്ച്വറിയാകും. സിംഗിളെടുത്തല്ല സെഞ്ച്വറി നേടുക. സിക്‌സറടിച്ചുതന്നെ ഇടതുപക്ഷം സെഞ്ച്വറി പൂർത്തിയാക്കും. എണ്ണയിട്ട യന്ത്രം പോലെയാണ് എൽഡിഎഫിന്റെ പ്രവർത്തനം. ഞാൻ വിചാരിച്ചതിലും മികച്ച പ്രവർത്തനമാണ് തൃക്കാക്കരയിൽ നടക്കുന്നത്. ഒന്നുരണ്ടു പേരോടു സംസാരിച്ചപ്പോൾ ഇന്നുവരെ എൽഡിഎഫിനു വോട്ടു ചെയ്യാത്തവരും ഇത്തവണ വോട്ടു ചെയ്യുമെന്നാണ് ഉറപ്പുപറയുന്നത്.

പ്രധാനമായി അവർ പറയുന്നത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ്. ആ വികസന പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവർക്ക് ഇവിടെനിന്ന് ഒരു ഭരണകക്ഷി എംഎൽഎ വേണം' റിയാസ് പറഞ്ഞു. ഇന്നലെയാണ് ഡോ. ജോ ജോസഫിനെ ഇടതുസ്ഥാനാർത്ഥിയാതി പ്രഖ്യാപിച്ചത്. മുത്തു പോലൊരു സ്ഥാനാർത്ഥിയാണ് ഡോ. ജോ ജോസഫെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.