അബുദാബി: യുഎഇയിലെ സ്വദേശികൾ പോലും തെല്ല് അസൂയയോടെയാണ് ഈ മലയാളിയെ നോക്കുന്നത്. അബുദാബി കിരീടാവകാശി നെഞ്ചോട് ചേർത്തു നിർത്തിയ മുഹിയുദ്ദീൻ ഇക്കയോട് എങ്ങനെ അസൂയ തോന്നാതിരിക്കും. നാൽപ്പതു വർഷമായി യുഎഇ കൊട്ടാരത്തിൽ ജോലി നോക്കിയിരുന്ന അറബികളുടെ സ്വന്തം മുഹിയുദ്ദീൻ എന്ന മൊയ്‌നതിന് ഇന്നലെ കൊട്ടാരം നൽകിയത് വൻ യാത്രയയപ്പാണ്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനാണ് ഈ മലയാളിയെ നെഞ്ചോട് ചേർത്ത് നിർത്തി യാത്രയയപ്പ് നൽകിയത്. പോകുമ്പോൾ ഒരു വാക്കും അദ്ദേഹത്തിന് രാജകുമാരൻ നൽകി. യുഎഇ താങ്കളുടെ രണ്ടാം വീടാണ്. എപ്പോൾ വേണമെങ്കിലും ഇങ്ങോട്ടേക്ക് തിരിച്ചു വരാമെന്ന വാക്കും.

അബുദാബി 'കടൽകൊട്ടാര' മജ്ലിസിലാണ് മുഹിയുദ്ദീന് യാത്രായപ്പ് ഒരുക്കിയുരുന്നത്. കുടുംബത്തെ പോറ്റാൻ 40 വർഷം മുൻപ് കടൽകടന്നെത്തിയ മുഹിയുദ്ദീനെ ഭരാണാധികാരിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചു. പ്രവാസം അവസാനിപ്പിച്ചു യാത്രയാകുന്ന അദ്ദേഹത്തിനുള്ള യാത്രയയപ്പ് രാജകീയമായിരുന്നു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് മുഹിയുദ്ദീനെ ആശ്ലേഷിച്ചു കൂടെ നിർത്തി. സുഖവിവരങ്ങൾ അന്വേഷിച്ചു. പിന്നെ എല്ലാവരും അദ്ദേഹത്തിനൊപ്പം ചേർന്ന് ഫോട്ടോ എടുത്തു. 'യുഎഇ താങ്കളുടെ രണ്ടാം വീടായിരിക്കും. ഏതു സമയത്തും സ്വാഗതം'. നാട്ടിലേക്ക് തിരിച്ചു പോകുന്ന മുഹിയുദ്ദീനു ഭരണാധികാരി നൽകിയ വാഗ്ദാനമാണിത്. ഒരു പ്രവാസിക്ക് ലഭിക്കുന്ന ഉന്നത പുരസ്‌കാരം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നൽകിയ പ്രശംസാവാക്കുകൾ ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്നു മുഹിയുദ്ദീൻ പറഞ്ഞു.

കണ്ണൂർകാരനായ മൊയ്തീൻ 1977 ലാണ് യുഎഇയിലേക്ക് വിമാനം കയറുന്നത്. അന്നുമുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ റൂളേഴ്‌സ് കോർട്ടിൽ മാധ്യമ വിഭാഗത്തിലായിരുന്നു ജോലി. പിന്നീടങ്ങോട്ട് ജീവിതത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാലു പെൺമക്കളും ഒരു മകനുമാണ് മുഹിയുദ്ദീനുള്ളത്.

മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചു. മക്കളെയെല്ലാം നല്ല വിദ്യാഭഅയാസം നൽകി വളർത്താനും മുഹിയുദ്ദീന് കഴിഞ്ഞു. ഏക മകൻ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. എല്ലാ പ്രവാസികളെയും പോലെ സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലീകരിച്ചു.

സഹജീവനക്കാരിൽ നിന്നും ലഭിച്ച സഹകരണത്തിനും സഹായത്തിനും മുഹിയുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു. യുഎഇ യിൽ നിന്നും ലഭിച്ച സ്നേഹവും ആദരവും അമൂല്യമാണെന്ന് അദ്ദേഹം പറയുന്നു. ഒരു മലയാളിക്ക് മറുനാട്ടിൽ ലഭിച്ച പുതുമയുള്ള യാത്രയയപ്പ് ദൃശ്യങ്ങൾ ഇപ്പോൾ അറബ് സമൂഹത്തിനിടയിലും വൈറലാണ്.