മനാമ: ബഹ്റൈൻ പ്രവാസകാലത്തു സ്പൈനൽ കോഡ് സ്‌ട്രോക്ക് ബാധിച്ച് ചികിത്സാർത്ഥം നാട്ടിലേക്ക് പോയ ചാവക്കാട് സ്വദേശി മുഹ്സിൻ എന്ന ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ നടത്താൻ ഒത്തു ചേർന്ന ബഹ്റൈൻ മലയാളി സമൂഹത്തിന്റെ കൂട്ടായ്മ ' മുഹ്സിൻ ചികിത്സാ സഹായ സമിതി ' പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു.

മുഹ്സിൻ ചികിത്സാ സമിതിയുടെ നേതൃത്വത്തിൽ അൻപതോളം നിരാലംബരായ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയുടെ സഹായവും നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിൽ ആണ് പ്രവർത്തനങ്ങൾ ക്ക് വിരാമം കുറിക്കുന്നത്. ഈ സമിതിയുടെ പ്രവർത്തനത്തിലൂടെ ബഹ്റൈനിലെ മലയാളീ പൊതുസമൂഹത്തിന്റെയും , വിവിധ സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ വലിയൊരു തുക മുഹസ്സിന് ചികിത്സക്കും,വീടിനും സ്ഥലത്തിനുമായി സമാഹരിക്കാൻ കഴിഞ്ഞു.

മുഹ്സിൻ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിൽ സഹായിച്ചവരെല്ലാം സന്തോഷം പങ്കിടുന്ന അവസരത്തിൽ ചികിത്സക്കായി സമാഹരിച്ച ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ പ്രവാസീ സമൂഹത്തിന് ചികിത്സാ സഹായമായി മുഹ്സിൻ തിരികെ ചികിത്സ സഹായ കമ്മിറ്റിയെ ഏൽപ്പിക്കുകയും ജീവ കാരുണ്യ മേഖലയിൽ മഹത്തായ മാതൃകയായി ഈ നന്മ നിറഞ്ഞ തീരുമാനം പൊതു സമൂഹം വിലയിരുത്തുകയും ചെയ്തു. തുടർ ചികിത്സക്കും , വീട് പണി ഉൾപ്പെടെ ആവശ്യങ്ങൾക്കും ഉള്ള തുക മുഹ്സിന്റെ സ്വന്തം അക്കൗണ്ടിൽ നിലവിൽ നിക്ഷേപിച്ചിട്ടുണ്ട്. വീടിന് തലക്കല്ലിടുകയും നിർമ്മാണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. മുഹ്സിനും കുടുംബവും നേരിട്ടു തന്നെ അതിന്റെ കാര്യങ്ങൾ നോക്കി നിർവഹിക്കുന്നുണ്ട്.

മുഹ്സിൻ, ബഹ്റൈൻ ചികിത്സ സമിതിക്കു നൽകിയ 20 ലക്ഷം രൂപ വിവിധ അപേക്ഷകൾ പരിഗണിച്ചുകൊണ്ട് കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നാട്ടിലുള്ള സബ്കമ്മിറ്റിയുടെ സഹായത്തോടെ ഇതിനകം അർഹരായവർക്ക് നൽകി കഴിഞ്ഞു. വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിർധനരായ 50 പേർക്ക് ഈ സഹായം നമ്മൾ എത്തിച്ചിട്ടുണ്ട്.

ബഹ്റൈനിലെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തന രംഗത്ത് മഹത്തായ ഒരു മാതൃകയായി മുഹ്‌സിന് വേണ്ടി ഒരുമിക്കുകയും ആ ലക്ഷ്യം നല്ലനിലയിൽ പൂർത്തീകരിക്കുകയും ചെയ്ത ബഹ്റൈൻ മുഹ്‌സിൻ ചികിൽസ സഹായ കമ്മിറ്റി പിരിച്ചു വിട്ടതായും ഭാരവാഹികൾ അറിയിച്ചു. കമ്മിറ്റിയുമായി സഹകരിച്ച സംഘടനകൾക്കും, വ്യക്തികൾക്കും, മുഹസ്സിനെ ബഹ്റൈനിലും നാട്ടിലുമായി ചികിൽസിച്ച ഡോക്ടർമാർക്കും, മറ്റ് സ്റ്റാഫുകൾക്കും, അധികാരികൾക്കും എല്ലാം ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. കമ്മിറ്റിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ അറിയേണ്ടവർക്ക് 35476523, 33750999, 35003368 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.