കോഴിക്കോട്: എക്കാലവും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി. മുസ്ലീങ്ങൾ അമ്പലങ്ങൾക്ക് പിരിവ് കൊടുക്കുന്നത് വ്യഭിചാരത്തിന് തുല്യമാണെന്നും, സംഗീതം ഹറാമാണെന്നതും, ഡാൻസ് പച്ചയായ വ്യഭിചാരം ആണെന്നും, എല്ലാ മുസ്ലീങ്ങളെയും മുജാഹിദ് പള്ളികളിലേക്ക് വിട്ടാൽ പത്തു വർഷത്തിനുള്ളിൽ കേരളത്തെ നമുക്കൊരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുമെന്നും അടക്കമുള്ള പച്ചയായ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇയാൾക്കെതിരെ കേസ് എടുക്കുകപോലും ഉണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് ജോലി ലഭിച്ചാൽ അഹങ്കാരികൾ ആവുമെന്നും, ബഹുഭാര്യത്വത്തെ ന്യായീകരിച്ചുമുള്ള ഇയാളുടെ പ്രസംഗങ്ങൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

ലോകത്തിലെ എന്ത് വിഷയം വന്നാലും അത് ഇസ്ലാമികമാണോ, അനിസ്ലാമികമോണോ എന്ന് വിധി കൽപ്പിച്ച്, ആളുകളെ അധിക്ഷേപിക്കയാണ് ഇദ്ദേഹത്തിന്റെ ഒരു പൊതു രീതി. ഇപ്പോൾ ഇതാ കേരളത്തിൽ നിന്ന് 8000 കിലോമീറ്റർ നടന്ന് ഹജ്ജിന് പോവുന്ന ശിഹാബ് ചോറ്റൂർ എന്ന ചെറുപ്പക്കാരൻ വാർത്തകളിൽ നിറയുകയാണ്. എന്നാൽ ശിഹാബിന്റെ നടന്നുള്ള ഹജ്ജിനുപോകൽ, ശരീരം പീഡനം ആണെന്നും അത് അനിസ്ലാമികം ആണെന്നുമാണ് ബാലുശ്ശേരി പറയുന്നത്. ശിഹാബ് വിമാനത്തിൽ പോയാണ് ഹജ്ജ് നിർവഹിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ് -''
ശിഹാബിന് നല്ലതുപറഞ്ഞുകൊടുക്കാൻ ആളുകൾ ഇല്ലാതെ പോയി. മോനെ, ശിഹാബെ, മോനെ ശിഹാബെ, കാസർകോട്ട് എത്തിയ നിന്റെ നടത്തം തിരിച്ച് വീട്ടിലേക്ക് നടക്കുമോനെ. നീ ഇനി ഓരോ സറ്റെപ്പ് വെക്കുന്നതും അള്ളാക്ക് പൊരുത്തമില്ല മോനെ. കാരണം മുത്തു നബി ഹജ്ജിന് വെറും 400 കിലോമീറ്റർ നടക്കാൻ പറഞ്ഞ സ്ത്രീയോട് പറഞ്ഞത് അള്ളായ്ക്ക് നിന്റെ ഈ നടത്തം ആവശ്യമില്ല എന്നാണ്. അള്ളായ്ക്ക് നിന്റെ ഈ ശരീര പീഡനം ആവശ്യമില്ല. എങ്കിൽ പറയൂ, 400 കിലോമീറ്റർ നടക്കുന്ന അള്ളാക്ക് ഇഷ്ടമില്ലെങ്കിൽ, 8400 കിലോമീറ്റർ, എന്റെ പ്രിയപ്പെട്ട അനുജാ ശിഹാബെ, നിന്നെ നടക്കാൻ നിർബന്ധിച്ചത് ഈ പുരാഹിത വർഗമാണ്. മോനെ നീ തിരിച്ചു നടക്ക്. നിന്റെ വീട്ടിലേക്ക് നടക്ക്. എന്നിട്ട് കോൺകോഡ് വിമാനത്തിൽ കയറി, ഏറ്റവും വേഗത്തിൽപോയി ഹജ്ജ് ചെയ്യ് മോനെ.

രണ്ട മക്കളുടെ ഷോൾഡറിൽ തൂങ്ങി ഒരു ബാപ്പ ഹജ്ജ് ചെയ്യുകയാണ്. എന്നിട്ടങ്ങനെ പ്രയാസപ്പെട്ടപ്പോൾ, ലോകത്തിന്റെ വെളിച്ചമായ റസൂൽ ചോദിച്ചത് എന്താണ് നിങ്ങളുടെ ബാപ്പയുടെ പ്രശ്നം എന്നാണ്. മക്കൾ പറയുന്നത് ബാപ്പ നടന്നുകൊണ്ട് ഹജ്ജ് ചെയ്യാമെന്ന് നേർച്ച നേർത്താണ് എന്നാണ്. റസൂൽ അത് അനുവദിച്ചില്ല. റസൂലിനെ ധിക്കരിച്ചുകൊണ്ടാണ് നമ്മുടെ ശിഹാബ് നടക്കുന്നത്. ആ മോന് അത് അറിയില്ല. ശിഹാബിന്റെ നടത്തമാണോ ഇബാദത്ത്, ശിഹാബിന്റെ ഹജ്ജ് ആണോ ഇബാദത്ത്. പഞ്ചസ്തംഭങ്ങളിൽ ഹജ്ജാണോ പ്രാധാനം. അല്ലെങ്കിൽ നടത്തം ഹജ്ജാണോ. ഹജ്ജിലേക്കുള്ള വസീറയാണ് നടത്തം. ഹജ്ജ് ആരോഗ്യത്തോടുകൂടി ചെയ്യേണ്ട കാര്യമാണ്.അവിടെ 8000 കിലോമീറ്റർ നടന്ന് നമ്മുടെ ശിഹാബ് എങ്ങാനും പാക്കിസ്ഥാന്റെ ബോർഡറിൽ വീണ് മരിച്ചാൽ, പുരോഹിതന്മ്മാരെ നിങ്ങൾ എങ്ങനെയാണ്, അള്ളാന്റെ മുന്നിൽ നിൽക്കുക. ഇന്ന് നബിയെങ്ങാനും മലപ്പുറം വളാഞ്ചേരിയിൽ ഉണ്ടായിരുന്നെങ്കിൽ, പറയുമായിരുന്നു. മോനെ ശിഹാബെ, ഞാൻ അള്ളാന്റെ റസൂൽ ആണ് മോനെ. ഞാൻ 400 കിലോമീറ്റർ നടക്കാൻ അനുവദിച്ചിട്ടില്ല മോനെ. ഞാൻ വെറുതെ പറയില്ല മോനെ. അഭീഷ്ടമനുസരിച്ച് ഞാൻ സംസാരിക്കാറില്ല മോനെ എന്ന് പറഞ്ഞേനെ.'' - മുജാഹിദ് ബാലുശ്ശേരി ചൂണ്ടിക്കാട്ടി.

ശിഹാബിനെ ന്യായീകരിച്ച് സുന്നി സംഘടകൾ

എന്നാൽ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തെ കേരളത്തിലെ സുന്നി ഗ്രൂപ്പുകൾ അംഗീകരിക്കുന്നില്ല. അവരുടെ ഫേസ്‌ബുക്ക് വാട്സാപ്പ് ഗ്രൂപ്പുകളിൽ ബാലുശ്ശേരിക്കെതിരായ പ്രചാരണങ്ങൾ നിറയുകയാണ്. എസ്‌കെഎസ്എസ്എഫും എസ്എസ്എഫും ശിഹാബ് ചോറ്റൂരിന് ഒപ്പമാണ്. എഴൂത്തുകാരനും സാംസ്‌ക്കാരി പ്രവർത്തകനുമായ താഹാ മാടായി ശിഹാബിനെ അനുകൂലിച്ച് ഒരു ഓൺലൈൻ മാഗസിനിൽ ലേഖനം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു. ''

എന്താണ് ഈ യാത്രയെ ഇത്ര മനോഹരമാക്കുന്ന ഘടകം? അത് മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഒരു ചെറുപ്പക്കാരൻ നടത്തുന്ന പദയാത്രയാണ്. കാൽകൊണ്ട് അളന്ന് തീർക്കുകയാണ് മലപ്പുറത്തു നിന്ന് മക്കയിലേക്കുള്ള ദൂരത്തെ! ഇസ്ലാമിന്റെ കേന്ദ്ര ബിന്ദുവായ മക്കയിലേക്ക്, കേരളത്തിൽ മുസ്ലിങ്ങളുടെ കേന്ദ്ര ബിന്ദുവായ മലപ്പുറത്തു നിന്ന് ഒരാൾ നടക്കുന്നു. മുസ്ലിങ്ങൾക്ക് പിറന്ന നാടിനേക്കാൾ പ്രിയപ്പെട്ടതാണ് മക്കയും മദീനയും.'മുത്തു നബിയുടെ റൗള' എത്രയെത്ര മാപ്പിളപ്പാട്ടുകളിൽ വന്നിരിക്കുന്നു. കാഫ് മല കണ്ട പൂങ്കാറ്റിനോടും മിഹ്‌റാജ് രാവിലെ കാറ്റിനോടും മക്കാ മദീന വിശേഷങ്ങൾ ചോദിക്കുന്നു. ആ മക്കയിലേക്കാണ് ശിഹാബിന്റെ കാൽനട ദൂരങ്ങൾ. അത് പൂർത്തിയാവുക എന്നത് ശിഹാബിനെപ്പോലെ എത്രയോ പേരുടെ ദുആ ആണ്.

പതിവ് പോലെ അത് ചർച്ചയായി. സലഫികളും ജമാഅത്തുകാരും എതിർവാദങ്ങളുമായി വന്നു. മാരകമായ ആ പ്രയോഗം കൂടി വന്നു; ശിർക്ക്! മറ്റൊന്ന്, പ്രവാചകൻ ഹജ്ജ് കാൽനടയായി നിർവഹിച്ചിട്ടില്ല എന്ന വാദം. ഇവിടെയാണ് ശിഹാബിന്റെ യാത്ര കാവ്യാത്മകമാവുന്നത്. ജ്ഞാനമെന്നാൽ നാടിനെ അറിയുക എന്നതു കൂടിയാണ്. നടന്നുനടന്ന് അയാൾ എത്ര ദൂരം നടക്കുന്നുവോ, അത്രയും ദൂരം അയാൾ നാടിന്റെ സ്പന്ദനമറിയുന്നു. അതുകൂടി ഉൾപ്പെടുന്നതാണ് ആത്മ(മീയ) സ്പന്ദനം.

പെരുമാൾ മക്കത്തേക്ക് നടന്നും അന്നത്തെ പല്ലക്കിലും പായ്ക്കപ്പലിലുമൊക്കെയാണ് പോയിരിക്കുക. മാലിക് ബിൻ ദിനാറും സംഘവും ഇങ്ങോട്ടു വന്നതിലും 'നടന്നെത്താവുന്ന ദൂരങ്ങളിലൊക്കെ നടന്നു' തന്നെയാണ് വന്നിട്ടുണ്ടാവുക. ഞങ്ങളുടെ ഗ്രാമമായ മാടായി ഇസ്ലാമിന്റെ ഇന്ത്യയിലെ തന്നെ ആദിമ സഞ്ചാര കേന്ദ്രമാണ്. മാടായിപ്പള്ളിയിലെ ശിലാലിഖിതവും പഴയ മീസാൻ കല്ലുകളും കാലങ്ങൾക്കപ്പുറത്തെ കഥകൾ പറയുന്നു. 'നടന്നു നടന്നുണ്ടായവയാണ്' ചരിത്രം.''- താഹ മാടായി ചൂണ്ടിക്കാട്ടുന്നു. ഫേസ്‌ബുക്കിലും, സുന്നി- മുജാഹിദ് ഗ്രൂപ്പുകളും തമ്മിൽ ഈ വിഷയത്തിൽ ശക്തമായ പോരാട്ടം നടക്കുകയാണ്. എന്നാൽ ശിഹാബ് ആകട്ടെ ഇതിലൊന്നും പ്രതികരിക്കാതെ തന്റെ യാത്ര തുടരുകയാണ്.