കണ്ണൂർ: മൊബൈൽ വഴിയുള്ള ചാറ്റിംഗിലൂടെ ഗൾഫിൽ ഇരുന്ന് ഭാര്യയെ ആത്മഹത്യയ്ക്ക പ്രേരിപ്പിച്ച ഭർത്താവ് കുടുങ്ങി. പയ്യന്നൂർ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി എന്ന 31കാരിയാണ് കഴിഞ്ഞ ദിവസം ജിവനൊടുക്കിയത്.

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സിമിയെ കണ്ടെത്തിയത്. സംഭവത്തിൽ സിമിയുടെ ഭർത്താവ് അഴീക്കോട് അഴീക്കൽചാൽ ചോയ്യോൻ ഹൗസിൽ സി.മുകേഷി(40)നെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വർഷം മുമ്പാണ് മുകേഷ് സിമിയെ വിവാഹം ചെയ്തത്.നാല് വയസുള്ള ഒരു മകനുമുണ്ട്.

സിമിയുടെ ആത്മഹത്യയിൽ വീട്ടുകാർക്കോ നാട്ടുകാർക്കോ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ആർക്കും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാർക്കും സിമിയെപറ്റി നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. അതിനാലാണ് പൊലീസിന്റെ അന്വേഷണം ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിലേക്ക് നീണ്ടത്. ഇതിനിടെ യുവതിയുടെ ഫോൺ പരിശോധിച്ചതോടെയാണ് ഭർത്താവ് സിമിയെ ആത്മഹത്യയക്ക് പ്രേരിപ്പിച്ചിരുന്നുവെന്നതിനുള്ള തെളിവുകൾ ലഭിച്ചത്.

കഴിഞ്ഞ 13നാണ് സിമിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ഗൾഫിൽ നിന്നെത്തിയ ശേഷമേ സിമിയുടെ മൃതദേഹം സംസ്‌കരിക്കാവൂ എന്ന് മുകേഷ് അറിയിച്ചിരുന്നു. ഇത് പ്രകാരം രണ്ട് ദിവസത്തിന് ശേഷമായിരുന്നു സംസ്‌കരിച്ചത്.

അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ ഫോൺ ഡിവൈഎസ്‌പി പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന തെളിവുകൾ കിട്ടിയത്. 12നു രാത്രി സിമി ഭർത്താവുമായി ഫോണിൽ ചാറ്റ് ചെയ്തിരുന്നു. സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13നു പുലർച്ചെ 3മണി മുതൽ സിമി മുകേഷിന് സന്ദേശമയച്ചിരുന്നു.

ജനൽ കമ്പിയിൽ കയർകെട്ടി കഴുത്തിൽ കുരുക്കിട്ട സെൽഫി ഫോട്ടോയെടുത്തു ഭർത്താവിന് അയയ്ക്കുകയും ചെയ്തു. 'ചത്തോളൂ, ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം' എന്ന ശബ്ദസന്ദേശമായിരുന്നു മുകേഷിന്റെ മറുപടി. ഇതിന് ശേഷമായിരുന്നു സിമിയുടെ മരണം. ഈ സാഹചര്യത്തിലാണ് മുകേഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.