മുംബൈ: ഇടക്കാലം കൊണ്ട് ലോകസമ്പന്ന പട്ടികയിൽ താഴെ പോയ വ്യവസായി മുകേഷ് അംബാനി വീണ്ടും മുന്നോട്ട്. ലോക അതിസമ്പന്നരുടെ പട്ടികയിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ. ബ്ലൂംബെർഗ് തയാറാക്കിയ അതിസമ്പന്നരുടെ പുതിയ പട്ടികയിൽ മുകേഷ് അംബാനി 5.78 ലക്ഷം കോടി (79.2 ബില്യൺ ഡോളർ) രൂപയുടെ ആസ്തിയുമായി പതിനൊന്നാം സ്ഥാനത്താണുള്ളത്.

ഒറാക്കിൾ കോർപറേഷന്റെ ലാറി എല്ലിസൺ, ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ ഫ്രാങ്കോയ്‌സ് ബെറ്റെൻകോർട് മെയെർസ് എന്നിവരെയാണ് മുകേഷ് അംബാനി മറികടന്നത്. ലാറി എല്ലിസണ് 78.4 ബില്യൺ ഡോളറും ഫ്രാങ്കോയ്‌സ് ബെറ്റെൻകോർട് മെയെർസിന് 72.2 ബില്യൺ ഡോളറുമാണ് ആസ്തി. മൈക്രോസോഫ്റ്റ് മുൻ സിഇഒ സ്റ്റീവ് ബാൽമർ ഒരു സ്ഥാനം മെച്ചപ്പെടുത്തി. 81.6 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

സ്പെയ്സ് എക്സ് ഉടമ ഇലോൺ മസ്‌ക് 202 ബില്യൺ ഡോളറുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജെഫ് ബെസോസ് 192 ബില്യൺ ഡോളറുമായി രണ്ടാമതാണ്. മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്‌സ്(133 ബില്യൺ ഡോളർ), ബെർനാർഡ് അർനോൾട്ട്(112 ബില്യൺ ഡോളർ), മാർക് സുക്കർബർഗ്(104 ബില്യൺ ഡോളർ) യഥാക്രമം മൂന്നു മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുണ്ട്.