- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയോ ഫോൺ നെകസ്റ്റുമായി അംബാനി വരുന്നു; ലക്ഷ്യമിടുന്നത് ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി ആൻഡ്രോയ്ഡ് സ്മാർട്‌ഫോൺ; കൂട്ടിന് ഗൂഗിളുമെത്തുമ്പോൾ ലക്ഷ്യമിടുന്നത് മറ്റൊരു സാങ്കേതിക വിപ്ലവം
മുംബൈ: 'ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും കൂടുതൽ ജിബി' നൽകി ഇന്ത്യയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട ജിയോ നെറ്റ്‌വർക്ക് മറ്റൊരു സാങ്കേതിക വിപ്ലവത്തിന് കൂടി രംഗത്തിറങ്ങുന്നു. ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി ആൻഡ്രോയ്ഡ് സ്മാർട്‌ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജിയോ ഫോൺ നെകസ്റ്റുമായി മുകേഷ് അംബാനി.ഇന്നാണ് പുതിയ ഫോൺ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ദീപാവലി ദിനത്തിലേക്ക് മാറ്റുകയായിരുന്നു.
5000 രൂപയിൽ താഴെ വിരലിലെണ്ണാവുന്ന ആൻഡ്രോയ്ഡ് ഫോണുകൾ മാത്രമേ ഇന്നു വിപണിയിലുള്ളൂ. അവയേക്കാൾ ഒക്കെ മികച്ചു നിൽക്കുന്ന സാങ്കേതിക മികവുകളോടെ അവയേക്കാൾ താഴ്ന്ന വിലയിലാണ് ജിയോ ഫോൺ നെക്സ്റ്റ് എത്തുന്നത് എന്നതാണ് ഇതിലെ വിപ്ലവം.ടെക് ലോകം മാത്രമല്ല, ഓഹരി വിപണി ഉൾപ്പെടെ കാത്തിരിക്കുകയാണ് 'വില കുറഞ്ഞ' ഫോണാണെങ്കിലും ആ വിലയേറിയ ലോഞ്ചിങ്ങിന്.
സിപിംളും പവർഫുളുമാണ് ജിയോ ഫോൺ നെക്സ്റ്റ്
ജിയോ ഫോൺ, ജിയോ ഫോൺ 2 എന്നീ മോഡലുകൾ മുൻവർഷങ്ങളിൽ അവതരിപ്പിച്ചതിനു ശേഷം എത്തുന്ന മോഡൽ എന്ന നിലയ്ക്ക് അതിന്റെ അടുത്ത പതിപ്പ് എന്ന നിലയ്ക്കാണ് പലരു ജിയോ ഫോൺ നെക്സ്റ്റിനെ കാണുന്നത്. എന്നാൽ, ആദ്യത്തെ രണ്ടു മോഡലുകളും അടിസ്ഥാനസൗകര്യങ്ങളോടൊപ്പം അധികമായി 4ജി കണക്ടിവിറ്റി കൂടി നൽകിയ ബേസിക് ഫീച്ചർ ഫോണുകളായിരുന്നെങ്കിൽ ജിയോ ഫോൺ നെക്സ്റ്റ് ഒരു ആൻഡ്രോയ്ഡ് സ്മാർട്‌ഫോൺ ആണ്.
ഫോണിന് 2 പതിപ്പുകളാണുണ്ടാവുക. 2ജിബി റാം/16 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള 3499 രൂപ വിലയുള്ള മോഡലാണ് ഒരെണ്ണം. 3 ജിബി റാം/32 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള അൽപം കൂടി വിലയുള്ള എന്നാൽ, 5000 രൂപയിൽ താഴെ മാത്രം വിലയുള്ള മോഡലാണ് രണ്ടാമത്തേത്. 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള മറ്റു കമ്പനികളുടെ ഫോണിന് നിലവിൽ വിപണിയിൽ ശരാശരി 8000 രൂപയാണ് വില.
ഫോണിലെ മറ്റു സംവിധാനങ്ങളും ലോകനിലവാരത്തിലുള്ളവയാണ്. ഫോണിന്റെ വേഗവും കരുത്തും നിർണയിക്കുന്ന പ്രൊസസർ ആണ് എടുത്തു പറയേണ്ടത്. എൻട്രി ലെവൽ ആൻഡ്രോയ്ഡ് ഫോണുകൾ പ്രൊസസറിന്റെ കാര്യത്തിൽ സാധാരണ വിട്ടുവീഴ്ച ചെയ്യുമ്പോൾ ജിയോ ഫോൺ നെക്സ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്‌ഫോൺ പ്രൊസസർ കമ്പനിയായ സ്‌നാപ്ഡ്രാഗന്റെ 215 ടീഇ ആണ്. നോക്കിയ, ടിസിഎൽ, അൽകാടെൽ എന്നീ കമ്പനികളുടെ സ്മാർട്‌ഫോണുകളിൽ ഇതേ പ്രൊസസർ ആണ് ഉപയോഗിച്ചിട്ടുള്ളത്.
5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോൺ, വിപണിയിലുള്ള മറ്റു സ്മാർട്‌ഫോണുകൾ പോലെത്തന്നെ വലുപ്പമേറിയ ഡിസ്‌പ്ലേ നൽകുന്നു. സ്റ്റാൻഡേർഡ് ക്യാമറ പാക്കേജ് ആണ് ഫോണിലുള്ളത്. 13 മെഗാപിക്‌സൽ റിയർ ക്യാമറയും 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും. ക്യാമറയെപ്പറ്റി ആധികാരികമായി പറയണമെങ്കിൽ ഫോട്ടോ എടുത്ത് പെർഫോമൻസ് നേരിട്ടുതന്നെ മനസ്സിലാക്കണം. ഡിസൈനിൽ പുതുമകളൊന്നും ഇല്ല.
മുൻവശം പൂർണമായും ഡിസ്‌പ്ലേയ്ക്കായി മാറ്റിവയ്ക്കുന്ന ശൈലി ജിയോ ഫോൺ നെക്സ്റ്റ് സ്വീകരിച്ചിട്ടില്ല. പകരം സ്‌ക്രീനിന്റെ മുകളിലും താഴെയും അൽപസ്ഥലം വിട്ടുള്ള (ബെസെൽസ്) കാലഹരണപ്പെട്ടതെന്നു പറയാവുന്ന ഡിസൈൻ ആണിതിൽ. ഫോണിന്റെ പെർഫോമൻസുമായി അതിനു ബന്ധമൊന്നുമില്ലാത്തതിനാൽ അത്ര പ്രസക്തവുമല്ല. 2500 എംഎഎച്ച് ബാറ്ററിയാണെന്നാണു സൂചന.
കൈകോർക്കുന്നത് ഗൂഗിളുമായി
അടിസ്ഥാന സൗകര്യങ്ങളേക്കാൾ ജിയോ ഫോൺ നെക്സ്റ്റ് വിസ്മയിപ്പിക്കുന്നത് ഫോണിലെ ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഇന്ത്യൻ ഉപയോക്താക്കൾക്കായി ഗൂഗിൾ പ്രത്യേകം ഒരുക്കിയതാണ് എന്നതാണ്. എൻട്രി ലെവൽ ആൻഡ്രോയ്ഡ് ഫോണുകൾക്ക് എപ്പോഴും ഭാരമാകുന്നത് ആവശ്യത്തിലധികം ആപ്പുകളുമായെത്തുന്ന (ബ്ലോട്വെയർ) ഓപ്പറേറ്റിങ് സിസ്റ്റംതന്നെയാണ്. ഇവിടെ ജിയോയുമായി സഹകരിച്ച് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്ന ആൻഡ്രോയ്ഡ് പതിപ്പ് ഈ ഫോണിനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തതാണ്.
എൻട്രി ലെവൽ സ്മാർട്‌ഫോണുകൾക്കായുള്ള ആൻഡ്രോയ്ഡ് 11 ഗോ എഡിഷൻ ആയിരിക്കും ഫോണിലുണ്ടാവുക. അതിനു പുറമേ, ജിയോയുടെ ആപ്പുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്‌തെത്തും. ഗൂഗിൾ സഹകരണത്തോടെ അവതരിപ്പിച്ചിരിക്കുന്ന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനം പ്രാദേശിക ഭാഷകളിൽ ലഭ്യമായിട്ടുള്ള വോയ്‌സ് അസിസ്റ്റന്റ്, സ്‌ക്രീനിൽ ഉള്ള ടെക്സ്റ്റ് ഉറക്കെ വായിച്ചു കേൾപ്പിക്കുന്ന റീഡ് എലൗഡ് സംവിധാനം, പരിഭാഷാ സേവനം എന്നീ 'ഗൂഗിൾ എഐ' സേവനം അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ്.
സ്‌ക്രീനിൽ കാണുന്ന ടെക്സ്റ്റ് ഏതു ഭാഷയിലായാലും മറ്റൊരു ആപ് തുറക്കാതെതന്നെ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി വായിക്കാമെന്നതാണ് ജിയോ ഫോൺ നെക്സ്റ്റിലെ ട്രാൻസ്‌ലേഷൻ സംവിധാനത്തിന്റെ മികവ്. സ്‌നാപ്ചാറ്റുമായി സഹകരിച്ച് ഗൂഗിൾ ജിയോഫോണിലെ ക്യാമറ ആപ്പിനു വേണ്ടി പ്രത്യേക സ്‌നാപ് ലെൻസ് ഫിൽറ്ററുകളും ഫോണിൽ ഒരുക്കിയിട്ടുണ്ട്. മറ്റൊരു ആപ് തുറന്ന് ഫിൽറ്ററുകൾ തിരഞ്ഞുപോകാതെ ഫോണിലെ ക്യാമറ ആപ്പിൽ തന്നെയാണ് ഈ ഫിൽറ്ററുകൾ ഒരുക്കിയിരിക്കുന്നത്.
ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) സംവിധാനങ്ങൾ ഫോണിൽ ഉപയോഗിക്കാൻ ഇതുവഴി സാധിക്കും. ഗൂഗിൾ പ്ലേസ്റ്റോർ, ആപ് സുരക്ഷ ഒരുക്കുന്ന പ്ലേ പ്രൊട്ടക്റ്റ് എന്നിവയും ജിയോ ഫോൺ നെക്സ്റ്റിൽ ഉണ്ട്. മറ്റ് എൻട്രി ലെവൽ ആൻഡ്രോയ്ഡ് ഫോണുകൾക്കില്ലാത്ത മറ്റൊരു സവിശേഷത മൂന്നു വർഷത്തെ ആൻഡ്രോയ്ഡ് അപ്‌ഡേറ്റ് നൽകുമെന്ന ഗൂഗിൾ ഗ്യാരന്റിയാണ്. ആൻഡ്രോയ്ഡിന്റെ വരാനിരിക്കുന്ന പതിപ്പുകളും ഫോണിന് ആവശ്യമായ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ജിയോ ഫോൺ നെക്സ്റ്റിന് ലഭിക്കുമെന്നത് ഉറപ്പ്.
ലക്ഷ്യമിടുന്നത് ഫോൺ മാത്രമല്ല
ജിയോ ഫോൺ നെക്സ്റ്റിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത് നെറ്റ്‌വർക്ക് രംഗത്തെ എതിരാളികളെക്കൂടിയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം മൊബൈൽ വരിക്കാരുള്ളത് റിലയൻസ് ജിയോയ്ക്കാണ് ഏകദേശം 43.7 കോടി. രണ്ടാം സ്ഥാനത്തു നിൽക്കുന്ന എയർടെല്ലിനാകട്ടെ 35.2 കോടിയും. എന്നാൽ ആക്ടിവ് സബ്‌സ്‌ക്രൈബർമാരുടെ കാര്യത്തിൽ ജിയോയ്ക്ക് 34 കോടി പേരേയുള്ളൂ. എയർടെല്ലിന് 34.3 കോടിയും. വരിക്കാരുടെ എണ്ണം 50 കോടിയിലേക്ക് ഉയർത്തുക എന്ന സുവർണ നേട്ടത്തിലേക്കു കൂടിയാണ് ജിയോ ഫോൺ നെക്സ്റ്റിലൂടെ അംബാനി കണ്ണെറിയുന്നത്.
തീർന്നില്ല, ഷാവോമി, വിവോ, സാംസങ്, ഒപ്പോ തുടങ്ങി മുൻനിര ഫോൺ കമ്പനികളുമായി ചേർന്ന് സിംലോക്ക്ഡ് സ്മാർട്ട് ഫോണിനും ജിയോ ലക്ഷ്യമിടുന്നുണ്ട്. സിംലോക്ക്ഡ് എന്നാൽ പേരുപോലെത്തന്നെ ഒരേയൊരു സിം മാത്രം ഉപയോഗിക്കാവുന്ന ഫോൺ. ആ ഫോണിൽ ജിയോ സിം മാത്രമേ പ്രവർത്തിക്കൂ എന്നു ചുരുക്കം. എന്നാൽ അതിന്മേൽ ചർച്ചകൾ തുടരുന്നതേയുള്ളൂ. ജിയോ ഫോൺ നെക്സ്റ്റിനോടൊപ്പം, ആ ഫോണിനു മാത്രമായുള്ള ഓഫറുകളും പ്രഖ്യാപിക്കപ്പെടുമോയെന്നും ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ടെലികോം വിപ്ലവത്തിന്റെ പുതിയ കാൽവയ്‌പ്പിനു പിന്നാലെ പുത്തൻ പോരാട്ടവും വരുംനാളുകളിൽ ഇന്ത്യൻ വിപണി കാണുമെന്നത് ഉറപ്പ്.
മറുനാടന് മലയാളി ബ്യൂറോ