- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനിയുടെ ദിവസ വരുമാനം 1000 കോടി; ആസ്തി അഞ്ച് ലക്ഷം കോടിയിൽ; ഗൗതം അദാനി ഏഷ്യയിലെ സമ്പന്നനായ രണ്ടാമത്തെ വ്യക്തി; തുടർച്ചയായ പത്താംവർഷവും അതിസമ്പന്നരിൽ മുന്നിൽ മുകേഷ് അംബാനി; കോവിഡിലും ശതകോടീശ്വരന്മാർ കൊയ്ത്ത് തുടരുന്നു
മുംബൈ: കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ അതിസമ്പന്നർക്ക് കുതിപ്പു തന്നെ. അംബാനിയും അദാനിയും ഇളക്കം തട്ടാത്ത കോടീശ്വരന്മാരായി തുടരുമ്പോൾ തന്നെ ഇന്ത്യയിൽ നിന്നും കൂടുതൽ പേരും സമ്പാദ്യം വർധിപ്പിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ ഈ വർഷം 179 പേർകൂടി അതിസമ്പന്ന പട്ടികയിൽ ഇടംനേടി. കേന്ദ്ര സർക്കാറുമായി അടുത്തു നിൽക്കുന്ന അദാനി ഗ്രൂപ്പിന്റെ ഗൗതം ആദാനി ഒറ്റവർഷം വാരിക്കൂട്ടിയത് 3,65,700 കോടി രൂപയാണ്. അതായത്, പ്രതിദിനവരുമാനം 1000 കോടി.
ആയിരം കോടിക്കുമേൽ സമ്പാദ്യമുള്ള 1007 പേർ രാജ്യത്തുണ്ട്. ഇവരുടെ സമ്പാദ്യത്തിൽ ഒറ്റവർഷം 51 ശതമാനം വർധനയുണ്ടായി. ഇവരിൽ 13 പേരുടെ സമ്പാദ്യം ലക്ഷംകോടിക്കു മുകളിൽ. ഇതിൽ എട്ടുപേർ പട്ടികയിൽ എത്തിയത് ഈ വർഷംമാത്രം. ഹുറൺ ഇന്ത്യയും ഐഐഎഫ്എൽ വെൽത്തും ചേർന്നാണ് രാജ്യത്തെ അതിസമ്പന്നരുടെ കണക്ക് പുറത്തുവിട്ടത്.
പട്ടികപ്രകാരം തുടർച്ചയായ പത്താംവർഷവും രാജ്യത്തെ അതിസമ്പന്നരിൽ മുന്നിൽ മുകേഷ് അംബാനി. സമ്പാദ്യം 7,18,000 കോടി. 2020ൽ മാത്രം സമ്പാദ്യത്തിൽ ഉണ്ടായ വർധന ഒമ്പത് ശതമാനം. രണ്ടാംസ്ഥാനത്ത് അദാനികുടുംബം. ആകെ സമ്പാദ്യം 1,40,200 കോടിയിൽനിന്ന് 5,05,900 കോടിയായി. ഒറ്റവർഷംകൊണ്ട് സമ്പാദ്യത്തിൽ 261 ശതമാനം വർധന. ഇതോടെ അദാനി ഏഷ്യയിലെ രണ്ടാത്തെ ശതകോടീശ്വരനായി.
രാജ്യത്ത് മൂന്നാംസ്ഥാനത്ത് എച്ച്സിഎൽ കമ്പനി ഉടമകളായ ശിവ് നാടാരും കുടുംബവും. സമ്പാദ്യം 2,36,600 കോടി (വർധന 67 ശതമാനം). അടുത്തസ്ഥാനത്ത് ഹിന്ദുജഗ്രൂപ്പ് (2,20,000 കോടി, 53 ശതമാനം വർധന). പിന്നാലെ മിത്തൽ ഗ്രൂപ്പ് (1,74,400 കോടി, വർധന 187 ശതമാനം). ആറാം സ്ഥാനത്ത് വാക്സൻ കമ്പനി മേധാവി സൈറസ് പൂനാവാല എത്തി. (സമ്പാദ്യം 1,63,700 കോടി, വർധന 74 ശതമാനം.)
2011ൽ രാജ്യത്ത് ശതകോടീശ്വരരുടെ എണ്ണം നൂറിൽ താഴെയെങ്കിൽ 2011ൽ 1007 ആയി കുതിച്ചെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. അടുത്ത അഞ്ചുവർഷംകൊണ്ട് 3000 പേരെങ്കിലും ഇന്ത്യയിൽനിന്ന് ശതകോടീശ്വരപട്ടികയിൽ എത്തുമെന്ന് ഹുറൺ ഇന്ത്യ മാനേജിങ് ഡയറക്ടർ അനസ് റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടി. പത്തുവർഷമായി ഇന്ത്യൻ ശതകോടീശ്വരർ പ്രതിദിനം 2020 കോടിവീതം വരുമാനമുണ്ടാക്കുന്നു. സമ്പാദ്യം സ്വരൂപിക്കുന്നതിൽ രാജ്യത്തെ എക്കാലത്തെയും റെക്കോഡ് വേഗമാണിത്.
രാജ്യത്തെ 1000ത്തിലധികം പേർ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കി മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ടതായി ഐഐഎഫ്എൽ വെൽത്ത്-ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിൽ പറയുന്നു. 119 നഗരങ്ങളിലായി 1,007 വ്യക്തികൾക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. മുൻനിരയിലുള്ള 894 പേരുടെ സമ്പത്തിൽ വർധനവുണ്ടായി. ഇതിൽ 229 പേർ പുതുമുഖങ്ങളാണ്. 113 പേരുടെ ആസ്തിയിൽ ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ