കൊല്ലം: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മുകേഷ് എംഎൽഎയെ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി വിളിപ്പിച്ചു. അടിയന്തിരമായി കൊല്ലത്ത് എത്തണമെന്ന നിർദ്ദേശമാണ് ജില്ലാ സെക്രട്ടറിന് മുകേഷിന് നൽകിയിരിക്കുന്നത്. രണ്ടുമണിയോടെ കൊല്ലത്തെ പാർട്ടി ഓഫീസിൽ റിപ്പോർട്ടു ചെയ്യണമെന്ന കർശന നിർദ്ദേശമാണ് നൽകിയതെന്നാണ് കൊല്ലത്തെ നേതാക്കൾ പറയുന്നത്.

പാർട്ടി നിർദ്ദേശത്തെ തുടർന്ന് കൊച്ചിയിൽ മമ്മൂട്ടിയുടെ വസതിയിൽ നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുക്കാനെത്തിയിട്ടില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി കൊല്ലം ജില്ലാ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റി കൊല്ലത്ത് എത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

നേരത്തേ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ദിലീപിനെ പിന്തുണച്ച് മുകേഷും ഗണേശ് കുമാർ എംഎൽഎയും രംഗത്തെത്തിയതും മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിച്ചതും വിവാദത്തിലായിരുന്നു. ഇതിനിടെ കോൺഗ്രസും യൂത്തു കോൺഗ്രസും എംഎൽഎമാരായ മുകേഷ്, ഗണേശ്, എംപി ഇന്നസെന്റ് എന്നിവരുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തുകയാണ്. ഈ എംഎൽഎമാരുടെ ഓഫീസിലേക്കും വസതിയിലേക്കും മാർച്ചും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സി.പി.എം നേതൃത്വവും കടുത്ത പ്രതിരോധത്തിലാണ്.