- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും വാങ്ങിയെടുക്കാനല്ല; ആശയങ്ങൾ തമ്മിൽ യോജിക്കുന്നില്ല; മുകേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്ന കാര്യം മേതിൽ ദേവിക സ്ഥിരീകരിച്ചു; മറുനാടൻ പുറത്തു വിട്ട വാർത്ത ആദ്യം സോഷ്യൽ മീഡിയയും പിന്നീട് മാധ്യമങ്ങളും ഏറ്റെടുത്ത കഥ
കൊല്ലം: എംഎൽഎയും നടനുമായ എം.മുകേഷുമായുള്ള വിവാഹബന്ധം വേർപെടുത്താൻ വക്കീൽ നോട്ടിസയച്ചു എന്ന മറുനാടൻ വാർത്ത സ്ഥിരീകരിച്ച് നർത്തകി മേതിൽ ദേവിക. എട്ടു വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാര്യം മേതിൽ ദേവിക സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ മറുനാടൻ മലയാളിയാണ് കേരളം ഏറെ ചർച്ച ചെയ്ത ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
പിന്നാലെ മറ്റ് മാധ്യമങ്ങളും അതിന് പിന്നാലെ പോയി. സോഷ്യൽ മീഡിയയിലെ ചർച്ചകൾ പല വിധത്തിലായി. ഇതോടെയാണ് മറുനാടൻ വാർത്ത സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളിലേക്ക് മുഖ്യധാരാ മാധ്യമങ്ങളും കടന്നത്. ഒടുവിൽ മേതിൽ ദേവിക തന്നെ ഇക്കാര്യം സമ്മതിച്ചു. എന്നാൽ മുകേഷ് ഇപ്പോഴും പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടിലല്. ഇതിനിടെയാണ് എന്തുകൊണ്ടാണ് വിവാഹ മോചനം എന്നു കൂടി മാന്യമായ ഭാഷയിൽ മേതിൽ ദേവിക വിശദീകരിക്കുന്നത്.
രണ്ടു പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ചുപോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശ്യവുമില്ല. ഇനി നാളെ വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും അവർ കൂട്ടിച്ചേർത്തു. ഇതിന് അപ്പുറത്തേക്ക് വിവാദങ്ങളിലേക്ക് പ്രതികരണത്തിന് മേതിൽ ദേവിക തയ്യാറായിട്ടുമില്ല.
എറണാകുളത്തെ അഭിഭാഷകൻ വഴിയാണു മേതിൽ ദേവിക മുകേഷിനു നോട്ടിസ് അയച്ചത്. 2013 ഒക്ടോബർ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയിൽ ഒരുമിച്ചു പ്രവർത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2011ൽ ആണ് സരിതയും മുകേഷും വേർപിരിഞ്ഞത്.
തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേൾക്കുന്ന ഗോസിപ്പുകൾ ശരിയല്ല ദേവിക പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ തന്നെ അതിന്റെ വരുംവരായ്കകൾ അദ്ദേഹം തന്നെ അനുഭവിക്കണം എന്ന് പറഞ്ഞിരുന്നു. ഞാൻ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ല. ദേവിക പറഞ്ഞു.
ജീവിതത്തിൽ അദ്ദേഹം നല്ല ഭർത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകാനായില്ല. എട്ടുവർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. ഇനി മനസ്സിലാക്കാൻ പറ്റുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് ഈ തീരുമാനം അവർ പറഞ്ഞു. രണ്ട് പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്നും മേതിൽ ദേവിക. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വക്കീൽ നോട്ടീസയച്ചു. എറണാകുളത്ത അഭിഭാഷകൻ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും അവർ കൂട്ടിച്ചേർത്തു.
അതിനിടെ തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം കുടുംബത്തിലെ അന്തഛിദ്രം മറച്ചുവച്ചാണ് നടനും എംഎൽഎ യുമായ മുകേഷ് തനിക്കെതിരേ അസത്യ പ്രചരണം നടത്തിയതെന്നു കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും ആരോപിച്ചു. തന്റെ കുടുംബചിത്രത്തിൽ പരിഹാസം എഴുതുന്ന സമയത്ത് സ്വന്തം കുടുംബം അകന്നുപോയത് അദ്ദേഹം മറച്ചു വെച്ചു ജനങ്ങളെ കബളിപ്പിച്ചെന്നും മുകേഷിനെതിരേ പൊലീസും വനിതാകമ്മീഷനും കേസെടുക്കണമെന്നും പറഞ്ഞു. കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മുകേഷിന്റെ കുടുംബ പ്രശ്നങ്ങൾ പൊതു സമൂഹത്തിൽ വലിച്ചിഴയ്ക്കാതിരുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മുകേഷിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ വിവരം കിട്ടിയിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മുകേഷിനെതിരെ കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് ബിന്ദൃകൃഷ്ണയായിരുന്നു.
താൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. തനിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ