തിരുവനന്തപുരം : അഞ്ചുവർഷത്തിനുശേഷം നടൻ മുകേഷും മുൻ ഭാര്യ സരിതയും വീണ്ടും ഒരുമിച്ചു. മൂത്തമകൻ ശ്രാവണിന്റെ 'കല്യാണ'ത്തിന്. അപരിചിതരേപ്പോലെ രണ്ടുഭാഗത്തും മാറിനിന്ന ഇരുവരേയും ഒന്നിപ്പിച്ച് താരമായത് ശ്രാവൺതന്നെ.

ശ്രാവണിന്റെ ആദ്യസിനിമയായ കല്യാണത്തിന്റെ പൂജാ ചടങ്ങിലാണ് സിനിമാലോകം അപൂർവ നിമിഷങ്ങൾക്ക് സാക്ഷിയായത്. ഇന്നുരാവിലെ പത്തിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലായിരുന്നു ചടങ്ങ്. മുകേഷ് ആണ് ആദ്യമെത്തിയത്. എല്ലാവരേയും കണ്ട് ക്ഷണിച്ചിരുത്തിയശേഷം മുകേഷ് വേദിയുടെ മുൻനിരയിൽ ഇരുപ്പുറപ്പിച്ചു. സരിത എത്തുമോ എന്നായിരുന്നു എല്ലാവരുടേയും ആകാംക്ഷ. അതിന് വിരാമമിട്ട് സരിത മകൻ ശ്രാവണിനേയും കൂട്ടി വേദിയിലേക്ക് വന്നു. സരിതയും മുകേഷും ഒരുമിച്ച് കണ്ടുമുട്ടുന്ന നിമിഷം പകർത്താൻ മാധ്യമപ്രവർത്തകർ അക്ഷമരായി നിൽക്കുകയായിരുന്നു.

എന്നാൽ മുകേഷിനെ ശ്രദ്ധിക്കാതെ സരിത എതിർവശത്തേയ്ക്ക് നടന്നുപോയി. ഇതിനിടയിലാണ് ശ്രാവൺ അച്ഛനെ അന്വേഷിച്ചെത്തിയത്. അതിഥികൾക്ക് ഇരിപ്പിടമൊരുക്കി അവസാനം കസേര ഇല്ലാത്തതിനാൽ മുകേഷ് ഒരു വശത്തേക്ക് മാറി നിൽക്കുകയായിരുന്നു. 'അച്ഛൻ ഇവിടെ ഒളിച്ചു നിൽക്കുകയാണോ' എന്നുചോദിച്ച് ശ്രാവൺ അദ്ദേഹത്തിനടുത്തെത്തി കെട്ടിപ്പിടിച്ചു. പതിവ് ചമ്മലോടെ മുകേഷ് മകനെ ആശ്ലേഷിച്ചു. ഇതിനിടയിൽ മാധ്യമപ്രവർത്തകർ ഇരുവരേയും വളഞ്ഞിട്ട് ഫോട്ടോഷൂട്ട് തുടങ്ങി.

അവരോട് ഒരുനിമിഷമെന്നുപറഞ്ഞ് ശ്രാവൺ ഓടിപ്പോയി അമ്മ സരിതയെ കൂട്ടിക്കൊണ്ടുവന്നു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ശ്രാവൺ മുകേഷിനേയും ഞെട്ടിച്ചു. പിന്നെ മൂവരേയും നിർത്തിയുള്ള ഫോട്ടോ ഷൂട്ടായി. ഇതിനിടയിൽ ശ്രാവൺ എല്ലാവരേയും വീണ്ടുംഞെട്ടിച്ചു. അതുവരെ അച്ഛനും അമ്മയ്ക്കും നടുക്ക് നിന്ന ശ്രാവൺ പതുക്കെ അവിടുന്ന് മാറിനിന്നു. അപ്പോൾ മുകേഷും സരിതയും ഒരുമിച്ചായി. പിന്നെ അവരെ ചേർത്തുപിടിച്ച് ശ്രാവൺ ശരിക്കും മാധ്യമപ്രവർത്തകർക്ക് ചിത്രവിരുന്ന് തന്നെ നൽകി കൈയടി നേടി.

എന്നാൽ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടും സരിതയും മുകേഷും പരസ്പരം സംസാരിച്ചില്ല. ചടങ്ങിന്റെ അവതാരിക ആവർത്തിച്ചാവർത്തിച്ച് 'നടൻ മുകേഷിന്റെ മകൻ ശ്രാവൺ' എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഇടക്ക് ആരോ ചെന്നുതിരുത്തിയപ്പോൾ 'നടൻ മുകേഷിന്റെയും പ്രിയനടി സരിത ചേച്ചിയുടേയും മകൻ ശ്രാവൺ' എന്നാക്കി തിരുത്തിയതും ശ്രദ്ധേയമായി.

മകൻ സിനിമയിൽ അഭിനയിക്കുന്നതിന് എതിരായിരുന്നുവെങ്കിലും അവന് നല്ലൊരു അവസരം തേടിയെത്തിയപ്പോൾ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ സരിത മുകേഷിനേയും അമ്മയേയും സഹോദരിമാരേയുമെല്ലാം കണ്ടപ്പോൾ അതിയായ സന്തോഷം തോന്നുന്നുവെന്നും പറഞ്ഞു. ഈ വേദിയിൽ മുകേഷിന്റെ അച്ഛൻ ഒ മാധവന്റെ ശൂന്യത തന്നെ വളരെ വേദനിപ്പിക്കുന്നുവെന്നും സരിത പറഞ്ഞു. അതേസമയം മുകേഷ് സരിതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. തന്റെ അച്ഛൻ ഒ മാധവനേക്കാൾ മികച്ച നടനായി ശ്രാവൺ മാറണം എന്നുമാത്രമേ മുകേഷ് പറഞ്ഞുള്ളു.

ഈ കാഴ്ചകളെല്ലാം ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചും വേദിയുടെ പിൻഭാഗത്തായി മാറിയിരിക്കുകയായിരുന്നു മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക. മുകേഷിന്റെ സഹോദരിമാർക്കും അവരുടെ മക്കൾക്കുമൊപ്പമാണ് ഇരുന്നതെങ്കിലും സരിതയും മുകേഷും ഒന്നിച്ചുനിൽക്കുന്ന വേദിയിൽ കടന്നുകയറി താരമാകാൻ അവർ ശ്രമിച്ചില്ലെന്നതാണ് ശ്രദ്ധേയം.

1988ൽ വിവാഹിതരായ സരിതയും മുകേഷും 2011ന് ആണ് ബന്ധമൊഴിഞ്ഞത്. അതിനുശേഷം ഇന്നാണ് അവർ വീണ്ടും ഒരേവേദിയിൽ വീണ്ടുമെത്തുന്നത്. 'സണ്ണി' എന്നുവിളിക്കുന്ന ശ്രാവൺ റാസൽ ഖൈമയിൽ ഡോക്ടർ ആണ്. സാൾട്ട് മാംഗോ ട്രീ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്നീ സിനിമകൾ സംവിധാനം ചെയ്ത രാജേഷ് നായർ ഒരുക്കുന്ന 'കല്യാണം' എന്ന സിനിമയിലൂടെയാണ് ശ്രാവൺ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഡബ്ബ്മാഷ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയകളിൽ താരമായ വർഷയാണ് നായിക. മുകേഷും ശ്രീനിവാസനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയനാണ് സിനിമയുടെ സ്വിച്ച് ഓൺ നിർവഹിച്ചത്. മന്ത്രി സാംസ്‌കാരിക മന്ത്രി എ കെ ബാലൻ, നടൻ മധു, മുകേഷിന്റെ അമ്മ വിജയകുമാരി, ചലച്ചിത്ര പ്രവർത്തകരായ മണിയൻപിള്ള രാജു, ഷാജി കൈലാസ്, ആനി, സുരേഷ് കുമാർ, മേനക, രജപുത്ര രഞ്ജിത്ത് തുടങ്ങിയ ചലച്ചിത്രപ്രവർത്തകരും പങ്കെടുത്തു.