ദുബായ്: ജോമോന്റെ സുവിശേഷങ്ങൾക്കുശേഷം അച്ഛന് ദുൽഖറിനോട് കൂടുതൽ സ്നേഹമുണ്ടെന്നാണ് തോന്നുന്നത്. ജോമോനാണ് എന്റെ മോൻ എന്നാണ് അച്ഛൻ ഇപ്പോൾ പറയുന്നത്.

സിനിമ കഴിഞ്ഞതിൽപ്പിന്നെ അച്ഛൻ ഒരു വിളിയും ഇല്ല. എനിക്ക് ഭയങ്കര അസൂയയാണ് തോന്നുന്നത്. ഇത് ശരിയാക്കാനാണ് ഞാൻ അച്ഛനെ കാണാൻ പോകുന്നത്. ഇതിന്റെ സത്യാവസ്ഥ നേരിട്ടൊന്ന് അറിയണം-മുകേഷിന്റെ മകൻ ഡോക്ടർ ശ്രാവണിന്റേതാമ് പരാതി. ക്ലബ് എഫ്.എമ്മിൽ അതിഥിയായെത്തിയ ദുൽഖറിനെ ഫോൺ ചെയ്താണ് ശ്രാവൺ തന്റെ പരിഭവം താമശ രൂപേണ അറിയിച്ചത്.

അച്ഛനും മകനുമാണ് സത്യൻ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലെ വിൻസെന്റും ജോമോനും. വിൻസെന്റ് ജോമോനെ സ്നേഹിക്കുന്നത് കണ്ട് അസൂയ തോന്നിയെന്നാണ് ശ്രാവൺ പറയുന്നത്. സിമയിൽ വിൻസെന്റായി വേഷമിട്ടത് മുകേഷാണ്. ജോമാനായത് ദുൽഖറും. ജോമോനായ ദുൽഖറിന്റെ പഴയ സഹപാഠിയാണ് ശ്രാവൺ.

ഒരു വർഷമാണ് തങ്ങൾ ഒന്നിച്ച് ഒരു സ്‌കൂളിൽ പഠിച്ചതെന്ന് ദുൽഖർ ഓർക്കുന്നു. സ്‌കൂളിൽ വരുന്നതും പോകുന്നതുമൊക്കെ കാണാറുണ്ടായിരുന്നു. മുകേഷിനൊപ്പമുള്ള അഭിനയം അവിസ്മരണീയമായിരുന്നെന്നും ദുൽഖർ ശ്രാവണിനോട് പറഞ്ഞു. ആത്മസമർപ്പണത്തിന്റെ കാര്യത്തിൽ ദുൽഖറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ശ്രാവൺ പറഞ്ഞു.

ജോലിയോടുള്ള സ്നേഹവും ജോലിയിലെ ആത്മസമർപ്പണവും അവിശ്വസനീയമാണ്. അച്ഛനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലെ മകനിൽ നിന്ന് ശരിക്കുമുള്ള മകൻ കുറേ കാര്യങ്ങൾ പഠിക്കാനുണ്ടെന്നാണ് അച്ഛന്റെ അഭിപ്രായം. ഒരിക്കലും പഠിച്ച് ഡോക്ടറാവാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ദുൽഖറിനെ ഒരു മാസം കൂടെ നിർത്തി ഡോക്ടറാക്കാമെന്നും ശ്രാവൺ പറഞ്ഞു.